githadharsanam

ഗീതാദര്‍ശനം - 581

Posted on: 29 Aug 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുന്നതിന് ശാസ്ത്രീയമായ അറിവിനെ പ്രമാണമാക്കാന്‍ കഴിയണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ ഒക്കണം. ഒന്ന്, ആ അറിവ് കൈവരണം. രണ്ട്, കൈവന്ന ആ അറിവിന് ജീവിതത്തെ സമര്‍പ്പിക്കാന്‍ കഴിയണം. അപ്പോള്‍ ഒരു സംശയം ജനിക്കുന്നു: ഇതില്‍ ഏതെങ്കിലുമൊന്നോ രണ്ടുമോ സാധിക്കാതെ പോയാലത്തെ ഗതി എങ്ങനെയാണ്? അത്തരക്കാര്‍ ആത്മാര്‍ഥമായ യജ്ഞഭാവനയോടെ കര്‍മം ചെയ്യുന്നുവെങ്കില്‍ അവരുടെ നിലയെപ്പറ്റി എന്തു പറയാം?
അറിയാനോ, അറിഞ്ഞാലും ആ അറിവിന് സ്വയം സമര്‍പ്പിക്കാനോ കഴിയാതെ വരുന്നത് എവ്വിധമെല്ലാം എന്നു നോക്കിയാലേ ഈ സംശയത്തെ നേരിടാനാവൂ. അച്ഛനമ്മമാര്‍, ഗുരുനാഥര്‍, ഗ്രന്ഥങ്ങള്‍, സമൂഹം എന്നീ ഉറവിടങ്ങളില്‍നിന്ന് പകര്‍ന്നു കിട്ടേണ്ടതാണ് നേരറിവ്. അത് കിട്ടാതെ വരാം. കിട്ടിയാലും സ്വന്തം ഇഷ്ടങ്ങള്‍ക്ക് യോജിക്കുമ്മട്ടിലാകാത്തതിനാല്‍ സ്വീകരിക്കാതിരിക്കാം. അനുഭവവുമായി ഇണങ്ങാന്‍ തുടക്കത്തില്‍ പ്രയാസമായതുകൊണ്ട് ഉപേക്ഷിക്കാം. സംസര്‍ഗത്താല്‍ നിഷേധികളുടെ സ്വാധീനത്തില്‍ പെട്ടുപോകാം. ആലോചനാശീലം ഇല്ലായ്കയാലും ആലസ്യംകൊണ്ടുംരാഗദ്വേഷങ്ങള്‍ക്ക് അടിമപ്പെടുകയാല്‍ സാവകാശമില്ലായ്കയാലും ഫലിക്കാതെ വരാം. അസ്വാതന്ത്ര്യത്തില്‍ കുടുങ്ങിയാലും വഴി മാറി പോകാന്‍ നിര്‍ബന്ധിതരാകാം. (ഹിരണത്തെ - സ്വര്‍ണത്തെ - മാത്രമേ ഭജിക്കാവൂ എന്ന രാജശാസനമോ സാമൂഹികസമ്മര്‍ദമോ ഉദാഹരണം.)
പക്ഷേ, ഏതുസാഹചര്യത്തിലും ദൈവീകസമ്പത്തുള്ള (പ്രകാശോന്മുഖമായ ജന്മവാസനയുള്ള) ആള്‍ ജീവിതസാഫല്യത്തിന്റെ ദിശയിലേ ചരിക്കൂ. കാരണവും പ്രചോദനവും ആ വാസനതന്നെ.
(തുടരും)



MathrubhumiMatrimonial