githadharsanam

ഗീതാദര്‍ശനം - 579

Posted on: 26 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുരസമ്പദ്‌വിഭാഗയോഗം


തസ്മാത് ശാസ്ത്രം പ്രമാണം തേ
കാര്യാകാര്യവ്യവസ്ഥിതൗ
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം
കര്‍മ കര്‍ത്തുമിഹാര്‍ഹസി

അതിനാല്‍ (ശാസ്ത്രനിയമം പാലിക്കാത്തവര്‍ക്ക് ജീവിതലക്ഷ്യത്തില്‍ എത്താന്‍ കഴിയില്ല എന്നതുകൊണ്ട്), വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാന്‍ നിനക്ക് (അടിസ്ഥാന)പ്രമാണം ശാസ്ത്രമായിരിക്കട്ടെ. ശാസ്ത്രനിര്‍ദേശങ്ങള്‍ വ്യക്തമായി ധരിച്ച് (അവയെ ആധാരമാക്കി) കര്‍മം ചെയ്യാന്‍ (സത്യാന്വേഷിയായ) നീ ബാധ്യസ്ഥനാണ്.സത്യദര്‍ശികളുടെ വാക്കാണ് സത്യാന്വേഷിക്കു പ്രമാണം. പക്ഷേ, ഇവിടെ രണ്ടു സംഗതികള്‍ ശ്രദ്ധിക്കണം. ഒന്ന്, ഉപദേശത്തിന്റെ സാധുത. സ്വാര്‍ഥ തത്പരരായ ആളുകള്‍ക്ക് സ്വയം സത്യദര്‍ശികളെന്നു ഭാവിച്ച് പലതും പറയാം. യഥാര്‍ഥ സത്യദര്‍ശികളുടെ വാക്കുകളെ ഇത്തരക്കാര്‍ തെറ്റായി വ്യാഖ്യാനിച്ചു വെച്ചിട്ടുണ്ടാകാം, കാര്യം കാണാനായി പലതും സ്വന്തമായി കൂട്ടിച്ചേര്‍ത്തുമിരിക്കാം. മാത്രമല്ല, കര്‍മകാണ്ഡവേദഭാഗങ്ങള്‍ക്ക് അമിതപ്രാധാന്യം കല്പിച്ച് ആസുരീസമ്പന്നന്‍മാര്‍ ധനസമ്പാദനത്തിനും സ്വയം വലിയവരെന്നു വരുത്താനുമെല്ലാം യാഗ-യജ്ഞ-പൂജാ-ഹോമമഹാമേളകള്‍ ഒരുക്കിയേക്കാം. ഈ വക വലയിലൊന്നും കുടുങ്ങാതെ ശരിയായ അറിവ് സ്വബുദ്ധിയാല്‍ തിരിച്ചറിയണം. രണ്ട്, ആ അറിവിന്റെ വെളിച്ചത്തില്‍ വേണ്ടതും വേണ്ടാത്തതും സ്വയം കണ്ടെത്തണം. കണ്ടെത്തിക്കഴിഞ്ഞാല്‍ അത് അനുഭവജ്ഞാനമാക്കി മാറ്റിയെടുക്കയും വേണം.അറിവ് അനുഭവത്തില്‍ വരാത്തതിന്റെ ദുരിതം നമ്മുടെയൊക്കെ സ്വന്തം ജീവിതത്തിലും ചുറ്റും നോക്കിയാലും കാണാം. ഉദാഹരണം: ഈ ഭൂമി സ്വര്‍ഗമാകാന്‍ എന്തെല്ലാം ചെയ്യണമെന്ന് അഭ്യസ്തവിദ്യരായ എല്ലാ മനുഷ്യര്‍ക്കും ഇക്കാലത്ത് വേണ്ടത്ര അറിവുണ്ട്. എന്നിട്ടുമെന്തേ ഈ ലോകം ഇങ്ങനെ അലങ്കോലമായി ഇരിക്കുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. അറിവ് അട്ടത്തിരിക്കുന്നേ ഉള്ളൂ എന്നതാണ് അത്. 'നീ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക' എന്ന കല്പന തീര്‍ത്തും സ്വാഗതാര്‍ഹമാണെന്ന അറിവ് ആര്‍ക്കാണില്ലാത്തത്? ആ ഒരേ ഒരു കല്പനയെങ്കിലും എല്ലാരും വേണ്ട, ഭൂരിഭാഗമെങ്കിലും അനുസരിച്ചു ജീവിച്ചെങ്കില്‍ ഭൂമുഖത്തെ എല്ലാ പ്രശ്‌നങ്ങളും അതോടെ തീര്‍ന്നില്ലേ? ഒക്കുന്നില്ല.

(തുടരും)



MathrubhumiMatrimonial