
ഗീതാദര്‍ശനം - 575
Posted on: 20 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
ആസുരീം യോനിമാപന്നാഃ
മൂഢാ ജന്മനി ജന്മനി
മാമപ്രാപൈ്യവ കൗന്തേയ
തതോ യാന്ത്യധമാം ഗതിം
അല്ലയോ കുന്തീപുത്രാ, ആസുരീയമായ ഗര്‍ഭപാത്രങ്ങള്‍ ഹേതുവായി ജനിക്കുന്ന അജ്ഞാനികള്‍ തലമുറകള്‍തോറും എന്നെ പ്രാപിക്കാന്‍ കൂടുതല്‍ അയോഗ്യരായി പിന്നെപ്പിന്നെ (തികഞ്ഞ) അധോഗതിയിലാഴുന്നു.
നമ്മുടെ ഉള്ളിലുള്ള ഈശ്വരന് നമുക്ക് ഏവര്‍ക്കും നേര്‍വഴി കാണിച്ചുതന്നുകൂടേ? തരുന്നുണ്ടല്ലോ എന്നേ മറുപടിയുള്ളൂ. അരുതാത്തത് ചെയ്യുമ്പോള്‍ മനസ്സ് അല്പമായെങ്കിലും എതിര്‍ക്കുന്നത് കാണുന്നില്ലേ? വകവെക്കാതായാല്‍ ആ എതിര്‍പ്പിന്റെ മുന ഒടിയും; വളര്‍ച്ച മുട്ടി ഒടുങ്ങും. ആകട്ടെ, മനസ്സിന്റെ എതിര്‍പ്പിനെ വകവെക്കാന്‍ തോന്നിപ്പിച്ചുകൂടേ? ആവാം, അതും ചെയ്യുന്നുമുണ്ട്. എല്ലാ പിന്‍തലമുറക്കാരും അറിവില്ലാത്തവരാവില്ല. പക്ഷേ, എല്ലാം നടത്തപ്പെടുന്നത് പ്രകൃതിയിലും അതിന്റെ വൈരുധ്യാത്മകതയെ ആസ്പദിച്ചുമാണ്. പ്രമേയവും പ്രതിപ്രമേയവും തമ്മിലുള്ള സമന്വയഫലം എന്തെന്ന് പ്രകൃതിതന്നെ നിശ്ചയിക്കണം.
എപ്പോള്‍ വേണമെങ്കിലും മനസ്സിന്റെ എതിര്‍പ്പ് പ്രബലമായി ഒരു വാല്മീകികൂടി പിറക്കാനുള്ള സാധ്യത ഉടനീളം നിലനില്‍ക്കുന്നു എന്നതാണ് പ്രത്യാശയുടെ കിരണം.
സമ്മര്‍ദങ്ങള്‍ ശക്തമാകുന്ന ജീവിതസന്ദര്‍ഭങ്ങളില്‍ പരിണാമദശകളിലൂടെ ആര്‍ജിച്ച വിശുദ്ധി അഥവാ സംസ്‌കാരം തേമാനപ്പെടുന്നതും നമുക്കനുഭവമാണ്. 'അത്രയുമായപ്പോള്‍ ഞാനൊരു മൃഗമായിപ്പോയി!' എന്നു കരയുന്നവരെ സെഷന്‍സ് കോടതികളിലെ പ്രതിക്കൂടുകളില്‍ കാണാം. എത്രയായാലും മൃഗമാകാതിരിക്കലാണ് അഗ്‌നിപരീക്ഷയിലെ ജയം. മനുഷ്യനായിരിക്കുകയെന്നതിന്റെ അര്‍ഥം അതാണ്. അതു സാധിക്കാന്‍ ആത്മസ്വരൂപപരമായ വിവേകം വേണം. അത്രയേ വേണ്ടൂതാനും. സരളമാണ് നിയാമകസമവാക്യം: നരകം + വിവേകം = സ്വര്‍ഗം.
ഈ വിവേകത്തിന്റെ കാതലെന്തെന്നു പറഞ്ഞുതരുന്നു.
ത്രിവിധം നരകസ്യേദം
ദ്വാരം നാശനമാത്മനഃ
കാമഃ ക്രോധസ്തഥാ ലോഭഃ
തസ്മാദേതത് ത്രയം ത്യജേത്
ആത്മസ്വരൂപപ്രകാശത്തെ മറച്ചകറ്റി (മനുഷ്യനെ ഭ്രമിപ്പിച്ച്) ജീവിതത്തെ (ആനന്ദരാഹിത്യം എന്ന) നരകത്തിലേക്ക് നയിക്കുന്നതിന് ഇവിടെയുള്ള മൂന്നു വാതിലുകളാണ് കാമം, ക്രോധം, ലോഭം എന്നിവ. അതിനാല്‍ ഈ മൂന്നിനെയും കൈവെടിയുക.
എല്ലാ ആസുരസമ്പത്തുകളും ആറ്റിക്കുറുക്കിയാല്‍ കിട്ടുന്ന മൂന്നാണ് ധര്‍മവിരുദ്ധങ്ങളായ കാമക്രോധലോഭങ്ങള്‍. കണ്ടതും കേട്ടതുമായ സുഖമൊക്കെ തനിക്കു വേണമെന്ന ആര്‍ത്തിയാണ് കാമം. അതിന് എതിരുണ്ടായാലുള്ള മനോവൃത്തിയാണ് ക്രോധം. കൈയിലുള്ള കടുകുമണിപോലും തനിക്കതുകൊണ്ട് തത്കാലം പ്രയോജനമൊന്നുമില്ലെന്നിരിക്കിലും അത്യാവശ്യമുള്ളവര്‍ക്കുപോലും കൊടുക്കില്ലെന്ന ഭാവമാണ് ലോഭം.
(തുടരും)
