മിന്നാംപാറ - നെല്ലിയാമ്പതിയുടെ നൊമ്പരം

Posted on: 18 Aug 2010

-ചിത്രങ്ങളും വിവരണവും: എന്‍.പി.ജയന്‍





മഞ്ഞിറങ്ങുന്ന താഴ്‌വരകള്‍, ഈറനണിഞ്ഞ തേയിലത്തോട്ടങ്ങള്‍, ഭൂമിയിലേയ്ക്കും വെച്ച് സുന്ദരമായ നിലാവ്, നനുത്ത പ്രഭാതങ്ങള്‍.... നെല്ലിയാമ്പതിയിലെ ഈ അപൂര്‍വ്വ സുന്ദരകാഴ്ചകള്‍ക്കിടയില്‍ മനസില്‍ തീ കോരിയിടുന്ന വേദനയുമായി മിന്നാംപാറയും കാത്തിരിക്കുന്നുണ്ടാവും. മനംമുട്ടെ കരിഞ്ഞുണങ്ങിയും വെട്ടിവീഴ്ത്തപ്പെട്ടും പാതി ചിതലരിച്ചും അല്ലാതെയും ഒക്കെ കിടക്കുന്നു വന്മരങ്ങള്‍, ഊഴം കാത്തുനില്‍ക്കുന്ന ചടച്ചിയും ചെമ്പകവും ഒെക്ക നെല്ലിയാമ്പതിയുടെ നൊമ്പരമാകുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 1360 അടി ഉയരത്തിലുള്ള മിന്നാംപാറ 72 ഇനം അപൂര്‍വ സസ്യങ്ങളുടെ ആവാസകേന്ദ്രമാണ്. ഇവയില്‍ മിക്കതും വംശനാശഭീഷണി നേരിടുന്നവയുമാണ്. പീച്ചി കേരളാ വനഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് മിന്നാംപാറയുടെ ജൈവസമ്പന്നത തെളിയിക്കപ്പെട്ടത്.

ഇന്ത്യയില്‍ കണ്ടുവരുന്ന കുറിഞ്ഞിയുടെ 40 ഇനങ്ങളില്‍ 10 എണ്ണം മിന്നാംപാറയില്‍ മാത്രമാണുള്ളത്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന സൈബീജിയം പാല്‍ഗാട്ടന്‍സ് എന്ന ഞാവല്‍ വര്‍ഗം 1918 നു ശേഷം വീണ്ടും മിന്നാംപാറയില്‍ കണ്ടെത്തുകയുണ്ടായി. സിബിഞ്ചര്‍ ആനമലയാനം എന്ന ഇഞ്ചി വര്‍ഗം മിന്നാംപാറയിലാണ് ആദ്യമായി കാണുന്നതെന്നും കെ.എഫ്.ആര്‍.ഐ.യുടെ റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്റെ ചെമപ്പു പട്ടികയില്‍ പെടുന്ന ഒട്ടേറെ സസ്യയിനങ്ങള്‍ ഇവിടുണ്ട്.

മിന്നാംപാറയുടെ ജൈവസമ്പത്ത് ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങള്‍ക്കെതിരെ സ്വകാര്യവ്യക്തികള്‍ ഇപ്പോള്‍ കോടതിയെ സമിപ്പിച്ചിരിക്കുകയാണ്. ഞാവലിന്റെയും കുറഞ്ഞിയുടെയും ചടച്ചിയുടെയും ആയുസിനുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.
അവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ചുവടെ.....















Tags:    Nelliyampathy, Nature, deforestation, Minnampara, kerala



MathrubhumiMatrimonial