
ഗീതാദര്‍ശനം - 571
Posted on: 16 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
ഇങ്ങനെ കാമഭോഗങ്ങളില്‍ തത്പരമായ അന്തഃകരണം അതിന്റെതന്നെ ഉള്ളു കാണുകയോ അവിടെ കുടികൊള്ളുന്ന ശുദ്ധബോധത്തെ അറിയുകയോ ചെയ്യില്ല. വിവേകംകൊണ്ടോ ധ്യാനംകൊണ്ടോ പ്രകാശിതമാകാത്ത അന്തരംഗംതന്നെയാണ് നരകം. അല്ലാതെ അതൊരു ബാഹ്യമായ പ്രദേശമല്ല. ഉള്‍ക്കാഴ്ച ഉളവായ അന്തരംഗമാണ് സ്വര്‍ഗരാജ്യം. സ്വര്‍ഗരാജ്യത്ത് സങ്കടങ്ങളില്ല. നരകത്തില്‍ സുഖവുമില്ല.
മാനസികവിഭ്രാന്തി പിടിപെട്ടാല്‍ പിന്നെ ശാന്തിയും തൃപ്തിയുമെവിടെ? അസ്വസ്ഥചിത്തന്‍ സ്വര്‍ഗത്തെ നരകമാക്കുന്നു. അയാളുടെ അശാന്തിയും അതൃപ്തിയും സമൂഹത്തെ മൊത്തമായി അസ്വസ്ഥമാക്കുന്നു. അന്യഥാ ശാന്തമായ ഇടത്ത് ഇത്തരം കുറച്ചു പേരുണ്ടായാല്‍ ആകെ അശാന്തിയായി. ഒരു കുളത്തിലെ കുടിവെള്ളം മൊത്തം കലക്കി ചേറാക്കാന്‍ ഒന്നോ രണ്ടോ വിവരംകെട്ടവര്‍ പോരേ? നേരേ മറിച്ച് സ്വസ്ഥചിത്തന്‍ നരകത്തെ സ്വര്‍ഗമാക്കുന്നു. മഹാവരള്‍ച്ചകളിലേക്ക് കുളിര്‍മഴയുടെ മുന്നോടിയായ ഇളംകാറ്റായി അവര്‍ വരുന്നു. ദുരിതവേദനകളുടെ ആസ്പത്രിയിലേക്ക് ഒരു മെഴുകുതിരിവെട്ടവുമായി ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ കടന്നു വരുന്നത് ഉദാഹരണം.
ആത്മസംഭാവിതാഃ സ്തബ്ധാഃ
ധനമാനമദാന്വിതാഃ
യജന്തേ നാമയജ്ഞൈസ്‌തേ
ദംഭേനാവിധി പൂര്‍വകം
സ്വയം പ്രശംസിച്ച് കേമത്തം നടിക്കുന്നവരുംഅവിവേകത്തില്‍ (കല്ലുപോലെ) ഉറച്ചവരും ധനം, സ്ഥാനമാനങ്ങള്‍ എന്നിവയില്‍ മദിച്ചു കഴിയുന്നവരും ഡംഭോടുകൂടി, (ശുദ്ധസങ്കല്പം മുതലായ) വിധികള്‍ പാലിക്കാതെ, നാമമാത്രയജ്ഞങ്ങള്‍ പ്രകടനപ്രധാനമായി നടത്തുന്നു.
വിവരമില്ലാത്തവര്‍ക്ക് മൂല്യബോധമില്ല. അവര്‍ ചെയ്യുന്നതെല്ലാം അവര്‍ക്ക് ശരിയാണ്. ഓരോ താന്തോന്നിയും വിചാരിക്കുക താന്‍ ബഹുകേമന്‍ എന്നാണ്. ആ നിലപാടില്‍ അവര്‍ കല്ലുപോലെ ഉറച്ചുപോകുന്നു. മൃദുലവികാരങ്ങള്‍ ഇവര്‍ക്ക് അന്യമാകയാല്‍ മറ്റൊരു ഹൃദയമോ ശരീരമോ മുറിപ്പെടുമെന്നോര്‍ക്കാതെ ഇവര്‍ സ്തബ്ധരായി പെരുമാറുന്നു. വിശേഷബുദ്ധി പോയാല്‍ മനുഷ്യനിലെ മനുഷ്യത്വം മരിക്കുന്നു.
