githadharsanam

ഗീതാദര്‍ശനം - 567

Posted on: 11 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


സുരക്ഷിതത്വത്തിനായുള്ള ചിന്ത ആകുലമാകുമ്പോള്‍ മനോരോഗകാരണമായ ഉത്കണ്ഠയായി പരിണമിക്കുന്നു. ഇതില്‍നിന്ന് കരകയറാന്‍ മാര്‍ഗമായി കണ്ടെത്തുന്നത്, രക്ഷയുടെ പര്യായമെന്നു കരുതപ്പെടുന്ന പണം സ്വരൂപിക്കലാണ്. അത് ധാരാളമായും പെട്ടെന്നും സാധിക്കാന്‍ വളഞ്ഞ വഴികള്‍ തേടുന്നു. വിജയിച്ചാലുമില്ലെങ്കിലും ഫലം കൂടുതല്‍ മനഃപ്രയാസമാണ്. തോറ്റാല്‍ രോഷം. ജയിച്ചാല്‍ മടിയില്‍ അധികം കനം, മോഷ്ടാക്കളെയും തിരിച്ചടിയെയും കുറിച്ച് ഉള്ളില്‍ അധികപേടി. കുറ്റബോധം വേറെയും.

അന്യായമായി പണം സമ്പാദിക്കുന്നവരുടെ നില്പ് മറ്റു പലരുടെയും കഴുത്തില്‍ പിടി മുറുക്കിയാണ്. ഇതിനിടെ മറ്റാരും തന്റെ കഴുത്തില്‍ പിടികൂടാതിരിക്കാന്‍ നിതാന്തജാഗ്രതയും വേണമല്ലോ. വിവേകം ഉദിക്കാഞ്ഞാല്‍, നിരര്‍ഥമായ ഈ വിഭ്രാന്തി മരണം വരെ നീളുന്നു. ഇത് നിലനില്പിനായുള്ള മത്സരമല്ല, നിലനില്പ് കുഴപ്പത്തിലാക്കാനുള്ള സംവിധാനമാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ശാപമോക്ഷമായി.

തങ്ങളുടെ ദുഷ്‌ചെയ്തികള്‍ക്ക് യുക്തിഭദ്രമെന്നു തോന്നിക്കുന്ന ന്യായീകരണങ്ങള്‍ കണ്ടെത്തി പ്രചരിപ്പിച്ച് കുറ്റബോധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഉഴറുന്നവര്‍ തങ്ങളുടെ രോഗം പരത്തുക മാത്രമാണ് ചെയ്യുന്നത്. സമൂഹജീവിയായ മനുഷ്യന്റെ കാഴ്ചപ്പാടുകളും നിലപാടുകളും സാംക്രമികങ്ങളാണെന്ന് നേരത്തേ കണ്ടുവല്ലോ. ചുരുക്കം പേരില്‍ അവിവേകവ്യാധി വ്യാപിക്കുമ്പോള്‍ മൊത്തം ലോകം അശാന്തവും ദഃഖകരവുമാവുന്നു. ഇന്നത്തെ ലോകസ്ഥിതി ഉദാഹരണം. എല്ലാവരുടെയും അടിസ്ഥാനാവശ്യങ്ങള്‍ നിറവേറാന്‍ ആവശ്യമായ തോതില്‍ പ്രകൃതിവിഭവങ്ങളുടെ ശേഖരണത്തിനും സംസ്‌കരണത്തിനും വിതരണത്തിനുമുള്ള ഉപാധികള്‍ സയന്‍സ് കണ്ടെത്തിയിരിക്കുന്നു. പക്ഷേ, ഭൂമിയിലെ മനുഷ്യരില്‍ പാതിയിലേറെയും പട്ടിണിയിലാണ്. മനുഷ്യവിഭവശേഷിയുടെ വലിയൊരു ഭാഗം സായുധസേവനത്തിന് പാഴാകുന്നു. ആയുധങ്ങള്‍ വ്യാപകം. എവിടെയുമുള്ള ആരുടെയും ജീവിതം സുരക്ഷിതമല്ല. ഭൂമുഖത്ത് ഒരിടവും മലിനമാകാതെ ബാക്കിയില്ല. ഇതിനൊക്കെ ന്യായീകരണങ്ങളായി, 'പുരോഗതി = മത്സരം' എന്നു തുടങ്ങിയ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നു. അയ്യായിരം കൊല്ലം മുമ്പേ ഇക്കാലത്തെയും എക്കാലത്തെയും ദുരിതങ്ങള്‍ ഇങ്ങനെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞത് മാനുഷികാവസ്ഥയുടെ ആണിവേരുവരെ ചികഞ്ഞു ചെന്നതിനാല്‍ത്തന്നെ.

ഇന്ദ്രിയസുഖങ്ങള്‍ക്കപ്പുറം ജീവിതത്തിന് ലക്ഷ്യമില്ല എന്നു കരുതുന്നവരുടെ മനോനിലയും അതിന്റെ ഫലമായ ജീവിതാന്ത്യവും വ്യക്തമാക്കുന്നതിലൂടെ നമ്മില്‍ ഈ മഹാമാരണം പ്രകടമാണോ എന്ന് സ്വയം പരിശോധിക്കാന്‍ കുറേക്കൂടി വിശാലമായ അവസരമൊരുക്കുന്നു.



MathrubhumiMatrimonial