
പുലികളെ കാണാന്‍ മുത്തങ്ങയില്‍
Posted on: 07 Aug 2010
എഴുത്ത്: ടി.പി ബാലകൃഷ്ണപിള്ള, ഫോട്ടോ വി.ഡി.മോഹന്‍ദാസ്

നാട്ടില്‍ കെണിവെച്ചു പിടികൂടുന്ന പുലികളുടെ സംരക്ഷിത താവളമായി വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ മാറുന്നു.
നാട്ടിലിറങ്ങുന്ന പുലികള്‍ തല്‍ക്കാലം വനം വകുപ്പിന്റെ കെണിക്കൂട്ടിലാകുമെങ്കിലും ഇഷ്ടം പോലെ ഇരകളെ കിട്ടുന്ന മുത്തങ്ങയിലാണ് ഇവയെ പീന്നീട് തുറന്ന് വിടുന്നത്. കഴിഞ്ഞ മാര്‍ച്ചിന് ശേഷം നാല് പുള്ളിപ്പുലികളെയാണ് ഇവിടേക്ക് തുറന്നുവിട്ടത്. കൂട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ ഇവയ്ക്ക് ദൂരെ പുള്ളിമാന്‍ കൂട്ടങ്ങളെ കാണാനാവും.

പലപ്പോഴായി പതിനൊന്ന് പുലികളെ മുത്തങ്ങയില്‍ കൊണ്ടുവിട്ടിട്ടുമുണ്ട്. ഇതില്‍ അപൂര്‍വ്വമായ കരിമ്പുലിയും ഉള്‍പ്പെടും. വയനാട്ടിലെ ജനവാസമേഖലയില്‍ ഇറങ്ങിയതിന് കരിമ്പുലിയെ വനം വകുപ്പ് കൂട് വെച്ച് പിടിച്ചതാണ്. പിടിയിലായവരുടെയെല്ലാം പേരില്‍ കൊലക്കുറ്റമാണ് ('വളര്‍ത്തുമൃഗവേട്ട' മുതല്‍ 'നരഹത്യ' വരെ) ചുമത്തിയിരിക്കുന്നത്.
തമിഴ്‌നാട് അതിര്‍ത്തിയിലെ മലക്കപ്പാറയില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ രണ്ട് പുള്ളിപ്പുലികളെയാണ് പിടിച്ചത്. ആദ്യത്തേതിനെ തൃശ്ശൂര്‍ മൃഗശാലയ്ക്ക് വിട്ടു കൊടുത്തു. തമിഴ്‌നാട് അതിര്‍ത്തിയിലെ ഷോളയാര്‍ റെയിഞ്ചിലാണ് തോട്ടമേഖലയായ മലക്കപ്പാറ. മലപ്പുറം ജില്ലയിലെ പുറത്തൂരില്‍ കടലോര ഗ്രാമത്തിന്റെ ഉറക്കംകെടുത്തിയ പുള്ളിപ്പുലിയെ മാര്‍ച്ചിലും അഴീക്കല്‍ ചാല്‍ബീച്ചില്‍ കെണിയില്‍വീണ പുലിയെ ഏപ്രിലിലുമാണ് ഇവിടെ മോചിപ്പിച്ചത്. മലക്കപ്പാറയില്‍ കെണിയില്‍ വീണ പെണ്‍പുലിക്ക് കൂട്ടിലെ പരാക്രമത്തില്‍ പരിക്കേറ്റിരുന്നു. ഏതാനും വര്‍ഷത്തിനുള്ളില്‍ ആറ് പുലികളാണ് മലക്കപ്പാറയില്‍ നിന്ന് മുത്തങ്ങയിലെത്തിയത്.

മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങള്‍ മുത്തങ്ങയോട് ചേര്‍ന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. മാന്‍, കാട്ടുപോത്ത്, മറ്റു ചെറുതരം ജീവികള്‍ ഇവ വേണ്ടതിലധികം ഈ വനപ്രദേശങ്ങളിലുണ്ട്. സഞ്ചരിക്കാനും ഇരതേടാനും നൂറുകണക്കിന് ചതുരശ്ര കിലോമീറ്റര്‍ വനമുണ്ട്.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്്.
Tags: Wayanad, Muthanga National Park, kerala, wildlife, nature
