githadharsanam

ഗീതാദര്‍ശനം - 559

Posted on: 01 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


ഇവിടെ രണ്ടു തരം 'സമ്പത്തുക'ളെപ്പറ്റി പറഞ്ഞല്ലോ. വേറെ വല്ല തരവും ഉണ്ടോ? ആസുരസമ്പത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

ദ്വൗ ഭൂതസര്‍ഗൗ ലോകേ/സ്മിന്‍
ദൈവ ആസുര ഏവ ച
ദൈവോ വിസ്തരശഃ പ്രോക്തഃ
ആസുരം പാര്‍ഥ മേ ശൃണു

അല്ലയോ അര്‍ജുനാ, ഈ ലോകത്ത് ദൈവീസമ്പത്തുള്ളവരെന്നും ആസുരീസമ്പത്തുള്ളവരെന്നും രണ്ടു തരം സൃഷ്ടികളേ ഉള്ളൂ. ദൈവീസമ്പത്തുള്ളവരെപ്പറ്റി വിസ്തരിച്ച് പറഞ്ഞുവല്ലോ. (ഇനി) ആസുരമായതിനെക്കുറിച്ച് എന്നില്‍നിന്ന് കേട്ടുകൊള്ളുക.
വൈരുധ്യാത്മകമായ പ്രപഞ്ചത്തില്‍ ഇരുളും വെളിച്ചവും അറിവും അറിവില്ലായ്മയും നന്മയും തിന്മയും ഒരുപോലെ വിളയുന്നു. ഇരുളും അറിവില്ലായ്മയും തിന്മയും എക്കാലത്തും ഉണ്ടാകും. എല്ലാ ചരാചരങ്ങളിലും രണ്ടുമുണ്ട്. ഏതു മുന്നിട്ടു നില്‍ക്കുന്നു എന്നേ നോക്കാനുള്ളൂ. മനുഷ്യരായ നമുക്ക് നമ്മില്‍ ഇവയുടെ ആക്കത്തൂക്കം യഥേഷ്ടം നിയന്ത്രിക്കാന്‍ കഴിവുണ്ട്. ഇവയോടുള്ള സമീപനം ശരിയായാല്‍ മതി. നേരായ അറിവുള്ള ആര്‍ക്കും ആസുരഭാവത്തെ വെറുക്കാനോ ദ്വേഷിക്കാനോ പറ്റില്ല. രണ്ടു സ്വഭാവക്കാരിലും ഈശ്വരന്‍ ഒരുപോലെത്തന്നെയുണ്ട്.

തിന്മയെ എങ്ങനെ കാണണം എന്ന കാതലായ പ്രശ്‌നമാണ് ഇവിടെ ചിന്താവിഷയം. കാണേണ്ടതെങ്ങനെ എന്നു നിശ്ചയമാകണമെങ്കില്‍ തിന്മയുടെ നിജസ്ഥിതി എന്തെന്ന് ആദ്യം അറിയണ്ടേ? എന്താണ് തിന്മ? ശാന്തിയും സന്തോഷവുമുള്ള മനുഷ്യസമൂഹം എന്ന മഹാലക്ഷ്യത്തിന് നിരക്കാത്ത എല്ലാ പ്രവൃത്തിയും മനുഷ്യനെ സംബന്ധിച്ചിടത്തോളം തിന്മയാണ്. ജീവശ്ശക്തിയും കര്‍മശേഷിയുമെല്ലാം പരമാത്മപ്രഭാവങ്ങളാണ് എന്നിരിക്കെ, അവതന്നെയാണ് തിന്മയിലും സന്നിഹിതമാകുന്നതെന്നുമിരിക്കെ, തിന്മയുടെ ഘടനയിലെ അനാശാസ്യച്ചേരുവ എന്താകാം? സംശയം വേണ്ട, അറിവില്ലായ്മ മാത്രം. എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കണ്ടെടുക്കാം. അണുശാസ്ത്രം + അവിവേകം = ആണവായുധം. തീ + അജ്ഞാനം = തീവെപ്പ്. ഇണ ചേരാനുള്ള ത്വര + ആത്മജ്ഞാനമില്ലായ്മ = ലൈംഗിക അരാജകത്വം. ഭക്തി + അറിവില്ലായ്മ = മതതീവ്രവാദം.
(തുടരും)



MathrubhumiMatrimonial