
ഗീതാദര്‍ശനം - 558
Posted on: 30 Jul 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
അധ്യായത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ആത്മപരിശോധനയില്‍ ജയിക്കുന്നവര്‍ പരമമായ സ്വാതന്ത്ര്യത്തിലേയ്ക്ക് പാസ്‌പോര്‍ട്ടു കിട്ടിയവരാണ്. ഞാനെന്ന ഭാവത്തില്‍പ്പെട്ട് ഉഴലുന്നവര്‍ പിന്നെപ്പിന്നെ അതിന്റെ കെട്ടുപാടില്‍ കൂടുതലായി കുടുങ്ങി നട്ടംതിരിയുന്നു.
ഇങ്ങനെ, വിരുദ്ധദിശകളിലേക്കു നയിക്കുന്ന രണ്ട് കണ്‍വെയര്‍ ബെല്‍റ്റുകള്‍ ഉണ്ടെന്നും ഏതെങ്കിലുമൊന്നിലേ ആര്‍ക്കും നില്‍ക്കാനൊക്കൂ എന്നുമിരിക്കെ, ഇതു കേള്‍ക്കുന്ന ഏവര്‍ക്കുമുണ്ടാകുന്ന സ്വാഭാവികസംശയം താന്‍ ഏതിലാണ് എന്നാണല്ലൊ. ഈ സംശയത്തിന്റെ ആശങ്ക നമ്മുടെ മുഖത്ത് വായിച്ചെന്നപോലെ ഗീതാകാരന്‍ പറയുന്നു: 'സങ്കടം വേണ്ട, ദൈവീസമ്പത്തിന് ഉടമയാണ് നീ' എന്ന്. ഇത് വെറും ആശ്വാസവാക്കായി പറയുന്നതല്ല. വിഷാദയോഗഫലമായി സത്യാന്വേഷണം തുടങ്ങി, രഹസ്യങ്ങളുടെ രഹസ്യമായ പ്രപഞ്ചജ്ഞാനവും ആത്മബോധവും നേടി, വിശ്വരൂപദര്‍ശനം സാധിച്ച്, ഭക്തരായി രൂപാന്തരപ്പെടുന്ന എല്ലാരും ദൈവീസമ്പത്തുള്ളവരാണെന്ന് തീര്‍ച്ചയാണ്. ഏതു നാട്ടില്‍ ഏതു ഭാഷയിലുള്ള ഏതു ദര്‍ശനത്തിലൂടെയുമാകാം ഈ പുരോഗതി. ഗീതാപാഠം വായിക്കുന്ന നമുക്കും ഈ സമ്പത്താണുള്ളത്. മറ്റു നൂറായിരം സംഗതികള്‍ ചെയ്യുന്നത് ഉപേക്ഷിച്ചാണല്ലൊ നാം ഈ പണിക്കു മെനക്കെടുന്നത്. അതുതന്നെ ആ സമ്പത്തിന് തെളിവ്.
സ്വര്‍ഗനരകങ്ങള്‍ എന്ന അന്യലോകങ്ങളല്ല, ഇവിടെ ഇപ്പോള്‍ ജീവിച്ചിരിക്കെത്തന്നെയുള്ള ബന്ധമോക്ഷങ്ങളാണ് മനുഷ്യജന്‍മംകൊണ്ട് പ്രാപിക്കാവുന്ന ആത്യന്തികാവസ്ഥകള്‍. ദുഃഖസംയോഗവുമായി എന്നേയ്ക്കുമുള്ള വിയോഗമാണ് മോക്ഷമെന്ന പരമസ്വാതന്ത്ര്യം. ദുഃഖങ്ങളുമായുള്ള ചിരന്തനയോഗമാണ് മറുവശമായ ബന്ധനം. ഏതു വേണമെന്ന് നിശ്ചയിക്കുന്നത് നാംതന്നെയാണ്, മറ്റാരുമല്ല. ഏത് ദിശയ്ക്ക് അഭിമുഖമായി ജനിച്ചാലും അത് ജന്മകര്‍മം കാരണം മാറിപ്പോകാം. തിരിച്ചറിവും ഇച്ഛാശക്തിയുമാണ് കാര്യം. ഏത് അസ്വതന്ത്രാവസ്ഥയിലും ഇതു രണ്ടും നേടാനുള്ള സ്വാതന്ത്ര്യവും സാവകാശവും ലഭ്യവുമാണ്. സദാചാരമെന്ന വാക്കിന് ഇത്ര സായന്‍സികവും സര്‍വാശ്ലേഷിയും സാര്‍വകാലികവുമായ അര്‍ത്ഥം മറ്റൊരു ദര്‍ശനത്തില്‍നിന്നും ഉരുത്തിരിഞ്ഞു കിട്ടുന്നില്ല.
(തുടരും)
