വയനാടന്‍ കാട്ടില്‍ ഇത് തേന്‍കാലം

Posted on: 27 Jul 2010

-ടി.പി.ബാലകൃഷ്ണ പിള്ള





വൃക്ഷശിഖരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന തേനീച്ചകൂടുകള്‍ അത്ഭുതങ്ങളുടെ കലവറയാണ്, ഒപ്പം മനോഹരമായ കാഴ്ചയും. ഇത്തരം തേന്‍കൂടുകളില്‍ ലക്ഷക്കണക്കിന് തേനീച്ചകളുടെ അധ്വാനത്തിന്റെ ഫലമാണ് മധുരം നുരയുന്നതെന്ന് അധികമാരും ഓര്‍ക്കാറില്ല.

തേനീച്ചകള്‍ ഒരു തരത്തില്‍ വിദഗ്ധരായ എന്‍ജിനിയര്‍മാരാണ്, തേന്‍ ശേഖരിച്ച് വെച്ചിരിക്കുന്ന അറകളുടെ സൃഷ്ടി നോക്കിയാല്‍ അത് മനസിലാകും. തേനിച്ച കൃഷിയില്‍ നിന്നും ലഭിക്കുന്നതിനെക്കാള്‍ ഗുണമേന്മയേറിയതാണ് കാട്ടിലെ തേന്‍. ഔഷധഗുണമുള്ള നൂറുകണക്കിന് സസ്യങ്ങളുടെ പൂമ്പൊടിയില്‍ നിന്നുണ്ടാക്കുന്ന തേനിന് മേന്‍മയേറുക സ്വാഭാവികം മാത്രം.

കാട്ടില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വന്‍മരങ്ങളുടെ ശിഖിരങ്ങളിലാണ് തേനീച്ച കൂടുകള്‍ കാണുക. കോളി, വെള്ളമരം, മാട്ടുമാവ് തുടങ്ങി ഉയരമുള്ള വലിയ മരങ്ങളിലാണ് സ്ഥിരമായി കൂടുകൂട്ടാന്‍ ഈച്ചകള്‍ വരുന്നത്. നൂറുകണക്കിന് കൂടുകള്‍ വരെയുള്ള വൃക്ഷങ്ങള്‍ കാട്ടിലുണ്ട്. ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയുള്ള കാലത്താണ് കാട്ടിലെ വന്‍തേനിന്റെ സീസണ്‍. 15 ലിറ്റര്‍ തേന്‍ വരെ കിട്ടുന്ന ഒറ്റകൂടുകള്‍ മുന്‍കാലങ്ങളിലുണ്ടായിരുന്നുവെന്ന് തേന്‍ ശേഖരിക്കുന്ന കല്ലൂര്‍ സൊസൈറ്റിയുടെ സെക്രട്ടറി പി.എം.ജോര്‍ജ് പറയുന്നു.

വനത്തില്‍ നിന്ന് ആദിവാസികള്‍ മൂന്നുതരം ഈച്ചയുടെ തേനാണ് ശേഖരിക്കുന്നത്. പ്രധാനമായി മരക്കൊമ്പില്‍ കാണുന്ന കൂട്ടിലെ വന്‍തേന്‍(കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതിന് തൂക്കുതേന്‍ എന്നു പോരുണ്ട്), ഇടത്തരം വലിപ്പമുള്ള ഈച്ചയുണ്ടാക്കുന്ന പുറ്റുതേന്‍, ചെറുതേന്‍ എന്നിവയാണവ. വന്‍തേനും പുറ്റുതേനും ഒന്നിച്ച് ചേര്‍ത്തതും ചെറുതേന്‍ പ്രത്യേകവുമായാണ് വില്പന.

വയനാട്ടില്‍ കാട്ടുനായ്ക്കരാണ് തേന്‍ ശേഖരിച്ച് സൊസ്റ്റൈികള്‍ക്ക് നല്‍കുതില്‍ മുന്‍പില്‍. രാത്രിയിലാണ് തേന്‍ എടുക്കുക. പകല്‍ തേന്‍ കൂടുകള്‍ ഉള്ള മരങ്ങള്‍ കണ്ടെത്തി രാത്രിയില്‍ എത്തി തീ കത്തിച്ച് പുക കൂടിന് നേരെ കാണിച്ച് ഈച്ചയെ ഓടിച്ചാണ് തേന്‍ അട എടുക്കുന്നത്. അത് പിന്നീട് പിഴിഞ്ഞ് തേനാക്കും. അവശേഷിക്കുന്നതില്‍ നിന്ന് മെഴുകും ലഭിക്കും, ഇതും സൊസ്റ്റൈികള്‍ വാങ്ങും.

വയനാട്ടില്‍ പ്രധാനമായി കാട്ടുനായ്കരെ വിട്ട് തേന്‍ ശേഖരിക്കുന്നത് കല്ലൂര്‍, പുല്‍പ്പള്ളി, തിരുനെല്ലി എന്നീ പട്ടികവര്‍ഗ സഹകരണസംഘങ്ങളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ശേഖരിക്കുന്നത് കല്ലൂര്‍ സംഘമാണ്.

ആദിവാസികളില്‍ നിന്നും വാങ്ങുന്ന തേന്‍ മൊത്തമായും ചില്ലറയായും സംഘം വില്പന നടത്തുന്നുണ്ട്. വന്‍തേന്‍ കിലോക്ക് 120ഉം ചെറുതേനിന് 170 രൂപയുമാണ്. ആദിവാസികള്‍ക്ക് നൂറും നൂറ്റിമുപ്പതും രൂപയുമാണ് നല്‍കുന്നത്. ബത്തേരി ടൗണിലും മുത്തങ്ങയിലും ചില്ലറ വില്പന കേന്ദ്രങ്ങളുണ്ട്.

കാലാവസ്ഥവ്യതിയാനം മൂലം ഈ വര്‍ഷം തേന്‍ ഉത്പാദനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാല്‍ നൂറ്റാണ്ടിനിടയില്‍ ഏറ്റവും കുറച്ച് തേന്‍ ലഭിച്ചത് ഈവര്‍ഷമാണ്. കാല്‍ലക്ഷം കിലോഗ്രാം വരെ ലഭിച്ച വന്‍ വൃക്ഷങ്ങളുണ്ടായിരുന്നവെന്ന് പി.എം.ജോര്‍ജ് പറഞ്ഞു. ഇത്തവണ 2500 കിലോക്കു താഴെ മാത്രമാണ് ഇതുവരെ ലഭിച്ചത്. സീസണ്‍ അവസാനിക്കാറായ സ്ഥിതിക്ക് ഇനി വലിയ പ്രതീക്ഷയുമില്ല.

-ഫോട്ടോ : വി.ഡി.മോഹന്‍ദാസ്, സുല്‍ത്താന്‍ ബത്തേരി



Tags:    Wayanad Wild Life Sanctuary, honey, nature, wildlife, kerala



MathrubhumiMatrimonial