githadharsanam

ഗീതാദര്‍ശനം - 556

Posted on: 27 Jul 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


ദൈവീസമ്പത്തുള്ളവരെ അഭിജാതരെന്നു പറയുന്നത് സമുദായത്തില്‍ പ്രചാരമുള്ള അര്‍ഥത്തിലല്ല, ജീവപരിണാമപരമായ തലത്തിലാണ്.

ദംഭോ ദര്‍പ്പോശഭിമാനശ്ച
ക്രോധഃ പാരുഷ്യമേവ ച
അജ്ഞാനം ചാഭിജാതസ്യ
പാര്‍ഥ സംപദമാസുരീം

അല്ലയോ കുന്തീപുത്രാ, ഇല്ലാത്ത മേന്മ ഉണ്ടെന്ന് നടിക്കല്‍, തണ്ട്, ദുരഭിമാനം, കോപം, പാരുഷ്യം, അറിവില്ലായ്മ എന്നിവയെല്ലാം ആസുരിയായ സമ്പത്തിനെ പ്രാപിക്കാന്‍ പാകത്തില്‍ ജനിച്ചവരില്‍ ഉണ്ടാകുന്നു.

ഞാനെന്ന ഭാവത്തിന്റെ മൂര്‍ത്തരൂപചിത്രമാണ് ഇത്. ഈ ഭാവത്തിന്റെ ഒന്നാമത്തെ ലക്ഷണം, തനിക്കില്ലാത്ത പ്രതിച്ഛായ ഉണ്ടെന്ന വിശ്വാസമാണ്. ഇത് ദംഭം. ഇതിന്റെ പേരിലുള്ള ഞെളിയലാണ് ദര്‍പ്പം. വിദ്യ, ധനം, കുലം, പദവി, ദേഹബലം എന്നിവയില്‍ ഏതെങ്കിലുമോ പലതും കൂടിയോ എല്ലാം ഒരുമിച്ചോ മുന്‍നിര്‍ത്തിയാവും ഇത്. അവനവനെത്തന്നെയും അവനവന് ഉള്ളതിനെയും പെരുപ്പിച്ചു കാണിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. താന്‍ തനിക്കായി നെയ്‌തെടുത്ത പ്രതിച്ഛായയില്‍ അഭിരമിച്ചു ശീലിച്ചാല്‍ അതിന്റെ ശേഷിപ്പായി കുമിഞ്ഞു കൂടുന്നത് ദുരഭിമാനം മാത്രം. ഊതി വീര്‍പ്പിച്ച ആ ബലൂണിനു നേരേ ആരെങ്കിലുമൊരു മുള്‍മുന ഉയര്‍ത്തുന്നെന്നു തോന്നിയാല്‍ കുപിതനാകുന്നത് സ്വാഭാവികം. വെറുതെയും അങ്ങനെ തോന്നിക്കൊണ്ടേ ഇരിക്കയും ചെയ്യും. അപ്പോള്‍, എന്നുമെവിടെയും പെരുമാറ്റം പരുഷമായി കലാശിക്കുന്നു.

താന്‍ ആരാണെന്നോ ഈ മഹാപ്രപഞ്ചത്തില്‍ തന്റെ സ്ഥാനവും പ്രസക്തിയും കടമയും എന്തെന്നോ ഒരു നിമിഷംപോലും ആലോചിക്കാന്‍ ഇത്തരമൊരാള്‍ക്ക് പഴുതു കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഈ വക കാര്യങ്ങളെക്കുറിച്ച് ശരിയായ അറിവ് അപ്രാപ്യമാവുന്നു.

(തുടരും)



MathrubhumiMatrimonial