githadharsanam

ഗീതാദര്‍ശനം - 553

Posted on: 23 Jul 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


ഭയമില്ലായ്മ, അന്തഃകരണശുദ്ധി, അടിസ്ഥാനവസ്തു ഒന്നേ ഉള്ളൂ എന്ന അടിയുറച്ച വിശ്വാസം, അര്‍ഹരായവരുമായി സമ്പത്ത് പങ്കിടാനുള്ള മഹാമനസ്‌കത, ഇന്ദ്രിയനിയന്ത്രണം, ഈശ്വരാര്‍പ്പിതമായ കര്‍മാനുഷാനം, ആത്മസ്വരൂപത്തെക്കുറിച്ചു പഠിക്കല്‍ (സ്വ + അധ്യായം), മനോവീര്യം പാഴാക്കാതെ സംഭരിച്ച് ആത്മാനുസന്ധാനത്തിനുപയോഗിക്കല്‍, അകവും പുറവും തമ്മില്‍ അന്തരമില്ലായ്മ, 'എന്റെ-നിന്റെ' എന്ന ഭേദചിന്ത (അഹിംസ) ഇല്ലാതിരിക്കല്‍, സത്യശീലം, ക്രോധമില്ലായ്മ, എന്‍േറതല്ലെന്ന ഭാവം (ത്യാഗം), മനസ്സിന്റെ അടക്കം, ആരെയും ഒന്നിനെയും കുറ്റം പറയാതിരിക്കല്‍, പ്രാണികളില്‍ ദയ, ദുരയില്ലായ്മ, മയം, ലജ്ജ, ചാപല്യമില്ലായ്മ, മനോബലം, എന്തും സഹിക്കാനുള്ള കഴിവ്, ധൈര്യം, ബാഹ്യാന്തരശുദ്ധി, പരദ്രോഹം ചെയ്യാതിരിക്കല്‍, പൊങ്ങച്ചം കാണിക്കാതിരിക്കല്‍ എന്നിവയെല്ലാം, അല്ലയോ പ്രകാശത്തില്‍ (ശരിയായ അറിവില്‍) തത്പരനായ അര്‍ജുനാ, ദേവഗണത്തില്‍ ജനിച്ച ആള്‍ക്ക് സമ്പത്തായി ഭവിക്കുന്നു.

ചുറ്റുമുള്ള എല്ലാറ്റിനും നിദാനം എന്നിലെ പരമാത്മസ്വരൂപംതന്നെ എന്ന് തിരിച്ചറിവ് ഇല്ലായ്കയോ തികയായ്കയോ ആണ് എന്തിനെയെങ്കിലും നാം ഭയപ്പെടാന്‍ കാരണം. അതിനാല്‍, ഭയമില്ലായ്മ ശരിയായ അറിവിനു തെളിവാണ്.

മനശ്ശുദ്ധി പുലര്‍ത്താന്‍ സാധിക്കുന്ന വഴിയിലൂടെയാണോ എന്റെ പോക്ക്? ജീവിതയാത്രയില്‍ ഉടനീളം അറിവിനെ സ്ഫുടം ചെയ്യാന്‍ എനിക്കു കഴിയുന്നുണ്ടോ? പൂപോലെ എന്റെ തേനും സൗരഭ്യവും പ്രപഞ്ചത്തിന് ദാനം ചെയ്തുകൊണ്ടാണോ എന്റെ വാഴ്‌വ്? ഇന്ദ്രിയങ്ങളെന്ന കുതിരകള്‍ ഫലപ്രദമായ നിയന്ത്രണത്തിലാണോ? വിഹിതകര്‍മങ്ങളെല്ലാം ഈശ്വരാര്‍പ്പിതമായി അനുഷ്ഠിക്കാന്‍ കഴിയുന്നുണ്ടോ? ഞാന്‍ യഥാര്‍ഥത്തില്‍ ആരാണ് എന്നറിഞ്ഞ് ഉറപ്പിക്കാനുള്ള പഠിപ്പ് ഇടതടവില്ലാതെ നടക്കുന്നില്ലേ? ആത്മസാരൂപ്യത്തിലേക്ക് നയിക്കാന്‍ വേണ്ട ഊര്‍ജമായി മനോവീര്യം സംഭരിക്കാന്‍ ശരീരത്തിന്റെയും മനസ്സിന്റെയും വാക്കിന്റെയും ഏകാഗ്രമായ ഉപയോഗത്തിലൂടെ സാധിക്കുന്നില്ലേ? മനസ്സും പ്രവൃത്തിയും തമ്മില്‍ അന്തരമില്ലാതെ പെരുമാറാന്‍ ഒക്കുന്നില്ലേ?

(തുടരും)



MathrubhumiMatrimonial