githadharsanam

ഗീതാദര്‍ശനം - 550

Posted on: 20 Jul 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


കൃതകൃത്യതയെയാണ് മനുഷ്യജീവിതത്തില്‍ പരമപ്രധാനമായി, കഴിഞ്ഞ അധ്യായത്തിന്റെ അവസാനത്തില്‍, ചൂണ്ടിക്കാണിച്ചത്. കൃതകൃത്യത എന്നാല്‍ വേണ്ടതെല്ലാം ചെയ്തു (വേണ്ടാത്തതൊന്നും ചെയ്തില്ല) എന്ന ചാരിതാര്‍ഥ്യംതന്നെ. ഇതു കൈവരാന്‍ രണ്ടു കാര്യം വേണം. ഒന്ന്, കര്‍മം ചെയ്യണം. വെള്ളം കണ്ടുനിന്നാല്‍ പോരല്ലോ, കുടിച്ചാലല്ലേ ദാഹം തീരൂ? രണ്ട്, ചെയ്യുന്നതൊക്കെ നല്ലതാവണം. കുടിക്കുന്നത് ശുദ്ധജലമല്ലെങ്കില്‍ വഴിയെ വിവരമറിയും.

പ്രപഞ്ചംതന്നെ കര്‍മത്തില്‍ പ്രതിഷ്ഠിതമായതിനാല്‍ കര്‍മം ചെയ്യാതെ ജീവിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് നേരത്തെവ്യക്തമാക്കി. കര്‍മങ്ങളുടെ പ്രവാഹത്തിലേക്കാണ് ഓരോ പിറവിയും. നീന്താതെ പറ്റില്ല. നീന്തല്‍ ശരിയായ ദിശയിലാവുകയേ വേണ്ടൂ. നീന്താവുന്ന ദിശകള്‍ പലതാണെന്നാലും അവയെ പൊതുവായി രണ്ടായി തരം തിരിക്കാം - ശാന്തിയിലേക്കുള്ളതും അശാന്തിയിലേക്കുള്ളതും. ആദ്യത്തേതിനെ സ്വര്‍ഗാഭിമുഖമെന്നും രണ്ടാമത്തേതിനെ നരകാഭിമുഖമെന്നും വേണമെങ്കില്‍ വിളിക്കാം. അല്ലെങ്കില്‍ സദാചാരമെന്നും ദുരാചാരമെന്നും വേര്‍തിരിക്കാം.

ഈ ദിശകളെയാണ് ഗീത ദൈവികം, ആസുരം എന്നു വിശേഷിപ്പിക്കുന്നത്. ദേവശബ്ദത്തിന് പ്രകാശം എന്നാണര്‍ഥം. ആസുരത്തിന് ദുഷ്ടത, കാഠിന്യം എന്നു തുടങ്ങി രക്തം എന്നുവരെയും. പ്രകാശം വിവേകത്തെയും, കാഠിന്യം ജീവപരിണാമത്തിലേക്ക് എത്തിയിട്ടേ ഇല്ലാത്ത അചേതനത്വത്തിന്റെ മുഖമുദ്രയായ ഇരുളിനെയും പ്രതിനിധാനം ചെയ്യുന്നു. പരസ്​പരവിരുദ്ധങ്ങളായ ഈ ഭാവങ്ങള്‍ ജീവപരിണാമത്തിന്റെ മുന്നറ്റത്തെയും പിന്നറ്റത്തെയും കുറിക്കുന്നു. ഇവ തമ്മിലുള്ള വൈരുധ്യാത്മകബന്ധത്തിന് സങ്കല്പരൂപങ്ങളുണ്ടായതാണ് ദേവന്‍മാരും അസുരന്മാരും. ദേവന്‍മാരുടെ അഭിവൃദ്ധി സ്വാഭാവികമായും അസുരന്മാരുടെ അപചയമാണ്, മറിച്ചും.

എല്ലാവരിലുമുള്ളത് ഒരേ പരമാത്മചൈതന്യമെങ്കില്‍ പലരും സ്വഭാവേന പല വഴിക്കു നീന്താന്‍ കാരണമെന്ത് എന്ന സംശയം ഗുണത്രയവിഭാഗയോഗം എന്ന അധ്യായത്തില്‍ പരിഹരിച്ചു. ജീവജാലങ്ങളില്‍ മനുഷ്യനു മാത്രമേ സ്വന്തം ഗതി മാറ്റാനുള്ള ഇച്ഛാശക്തി ഉള്ളൂ എന്നുകൂടി ആവര്‍ത്തിച്ചു വ്യക്തമാക്കി.
(തുടരും)



MathrubhumiMatrimonial