githadharsanam

ഗീതാദര്‍ശനം - 547

Posted on: 16 Jul 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം


ക്ഷരപ്രപഞ്ചം മാത്രമാണ് യാഥാര്‍ഥ്യം എന്നും ഇതില്‍ത്തന്നെ ദ്രവ്യം കഴിഞ്ഞാല്‍ ബാക്കി ശൂന്യതയാണ് എന്നുമുള്ള സമീപനമാണ് ഇപ്പോഴും സയന്‍സിനുള്ളത്. ചിരപരിണാമിയായ ക്ഷരത്തില്‍ത്തന്നെ, മാറ്റമേ ഇല്ലാത്ത ചില സംഗതികള്‍ ഉണ്ടെന്ന അടിസ്ഥാനരഹിതമായ ധാരണയിലൂന്നിയാണ് സയന്‍സിന്റെ നില്പ്. ഭൗതികസ്ഥിരാങ്കങ്ങളിന്മേലുള്ള (physical constants) കടുംപിടിത്തം ഒരുദാഹരണം. ഇത്തരം മുന്‍വിധികള്‍ കൈവിട്ട്, അക്ഷരമാധ്യമമെന്ന ഉപാധിയെ അംഗീകരിച്ച്, 'സ്ഥിരത'യുടെ യഥാര്‍ഥനിദാനമെന്തെന്ന് തിരിച്ചറിയാതെ സയന്‍സിന് ഇപ്പോഴത്തെ പെടാപ്പാടുകളില്‍നിന്ന് കരകയറാനാവില്ല. ചിരപരിണാമിയായ നശ്വരപ്രപഞ്ചത്തില്‍ പ്രകാശവേഗത്തിന്റേതു മുതല്‍ പ്ലാങ്കിന്റെ സ്ഥിരാങ്കത്തിന്റേതു വരെ ഉള്ള (Plank's constant) എല്ലാ 'സ്ഥിരത'കളും ഒരു മഹാവൃത്തത്തിന്റെ ഒരു ചെറുതുണ്ടിനെ നേര്‍രേഖയായി കണക്കാക്കാമെന്നപോലെയുള്ള 'ഏകദേശശരി'കളേ ആവൂ എന്ന തിരിച്ചറിവിനു കാലമായിരിക്കുന്നു.

യോ മാമേവമസംമൂഢഃ
ജാനാതി പുരുഷോത്തമം
സ സര്‍വവിദ് ഭജതി മാം
സര്‍വഭാവേന ഭാരത

ഹേ അര്‍ജുനാ, അവിവേകിയല്ലാത്ത ആരാണോ എന്നെ ഇപ്രകാരമുള്ള പുരുഷോത്തമനായി അറിയുന്നത്, സര്‍വത്തെയും അറിഞ്ഞ അവന്‍ സര്‍വാത്മനാ എന്നില്‍ ഭക്തിയുള്ളവനായി ഭവിക്കുന്നു.നേരറിയാന്‍ കഴിവോ താത്പര്യമോ ഇല്ലായ്മയാണല്ലോ മൗഢ്യം. അതു മാറുമ്പോള്‍ ക്രമേണ വിവേകം വളരും. അതിന്റെ വളര്‍ച്ചയില്‍ തിരിച്ചറിവുകളിലൂടെ ശരിയായ വെളിപാടിലെത്തും. ആ എത്തിപ്പെടലിന്റെ പരിസമാപ്തി പരമാത്മസ്വരൂപത്തെ അറിയലാണ്. ഈ അറിവിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ അറിവിന്, അത് ഏറ്റുവാങ്ങുന്ന പാത്രമെന്ന ഒന്നു വേറെ ഉണ്ട്. ഇതിന് അതില്ല. അറിയല്‍ എന്നാല്‍ ആയിത്തീരലാണ്.

(തുടരും)



MathrubhumiMatrimonial