
ഗീതാദര്‍ശനം - 545
Posted on: 14 Jul 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
എല്ലാം അതുതന്നെ. അതിനാല്‍ പ്രപഞ്ചത്തില്‍ ഉള്ള എല്ലാം യാഥാര്‍ഥ്യമാണ്. ഇതാ, ഇവിടംവരെ മിഥ്യ, ഇവിടന്നങ്ങോട്ട് സത്യം എന്ന തരംതിരിവിന് സാംഗത്യമില്ല. ഭൗതികമെന്നും ആധ്യാത്മികമെന്നും രണ്ടില്ല. മാറുന്നതും മാറാത്തതും എല്ലാം അക്ഷരാതീതപ്രതിഭാസങ്ങള്‍ തന്നെ. ('ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിഃ' - 4, 24.)
ചരാചരങ്ങളിലോ അവയുടെ ഗുണകര്‍മങ്ങളിലോ യാതൊന്നുംതന്നെ സ്വഭാവേന ഉത്തമമോ അധമമോ അല്ല. പ്രപഞ്ചസംവിധാനം നന്മയെയും തിന്മയെയും ആത്യന്തികമായി തരംതിരിച്ചുവെക്കുന്നില്ല. എല്ലാം സ്വാഭാവികപരിണതികളാണ്.
യജ്ഞഭാവനയോടെയുള്ള കര്‍മമാണ് ഉചിതം എന്നു തിരിച്ചറിയാനുള്ള പരമാത്മപ്രകാശം ജീവലോകത്ത് മനുഷ്യനു മാത്രമേ ലഭ്യമായിട്ടുള്ളൂ. സമൂഹജീവി ആയതിനാല്‍ മനുഷ്യനില്‍ മാത്രമേ ജീവിതത്തില്‍ ആത്യന്തികമായ പുണ്യപാപവിവേചനത്തിന്റെ ആവശ്യകതയും അതിനുള്ള കഴിവും പ്രകൃതി ആരോപിച്ചിട്ടുള്ളൂ. അങ്ങനെയാണ് മനുഷ്യന്റെ ഭൗതികങ്ങളായ എല്ലാ സന്തോഷങ്ങളും അവന്റെ സമൂഹജീവിതരീതിയെ ആശ്രയിച്ച് ഇരിക്കുന്നത്.
മാറ്റങ്ങളെപ്പറ്റി ബോധമുണ്ടാകാന്‍ മാറ്റമില്ലാത്ത ഒന്നിന്റെ ആശ്രയം വേണം. ഒരാളുടെ ആകൃതിയും പ്രകൃതിയും പ്രായവും സ്ഥാനമാനങ്ങളും സ്വഭാവവും എന്നു വേണ്ട ജീവകോശങ്ങളില്‍ മഹാഭൂരിഭാഗവും മാറിയാലും ഈ മാറ്റങ്ങള്‍ക്കെല്ലാം അതീതമായി ഒരു 'ഞാന്‍' അയാളില്‍ മാറ്റമില്ലാതെ തുടരുന്നു. സര്‍വസാക്ഷിയായ ആ ഞാന്‍ ആത്മസ്വരൂപത്തിനു നിദര്‍ശനമാണ്. ഈ 'ഞാനി'നെ, ക്ഷരപ്രപഞ്ചം കരുപ്പിടിപ്പിക്കുന്ന നിമിഷപരിണാമിയായ മറ്റൊരു ഞാന്‍, ഗ്രഹണസൂര്യനെ എന്നപോലെ മറയ്ക്കുന്നു. ആ മറ നീങ്ങിക്കിട്ടിയാല്‍ പരമശാന്തിയായി. ആ ശാന്തിയാണ് യഥാര്‍ഥമായ സ്വരൂപം.
