
ഗീതാദര്‍ശനം - 542
Posted on: 09 Jul 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
സൂര്യചന്ദ്രന്മാര്‍, ഭൂലോകം, ശരീരം, മനസ്സ്, ബുദ്ധി എന്നിവയുടെ ആധാരവും പ്രപഞ്ചവ്യാപിയുമായ പരമാത്മാവിന്റെ ത്രിതലസ്വരൂപത്തെ ഇനി മറനീക്കി കാട്ടുന്നു.
ദ്വാവിമൗ പുരുഷൗ ലോകേ
ക്ഷരശ്ചാക്ഷര ഏവ ച
ക്ഷരഃ സര്‍വാണി ഭൂതാനി
കൂടസ്ഥോ ശക്ഷര ഉച്യതേ
ഈ ലോകത്തിന് (ഉപാധികളായി) രണ്ടു തലങ്ങളുണ്ട് - ക്ഷരവും അതുപോലെ അക്ഷരവും. അവ 'പുരുഷന്മാ'രെന്നു വിളിക്കപ്പെടുന്നു. സര്‍വചരാചരങ്ങളുംകൂടിയ (പ്രത്യക്ഷ)തലം ക്ഷരം. (അദൃശ്യതലമായ) കൂടസ്ഥത്തെ അക്ഷരം എന്നു പറയുന്നു.
അനുഭവപ്രപഞ്ചത്തിന് ഉപാധികളായി രണ്ട് തലങ്ങള്‍ ഉണ്ട്. ഒന്ന്, ഉല്പത്തിയും നാശവുമുള്ള ചരാചരലോകം. ദ്രവ്യവും ബലങ്ങളും പ്രസരങ്ങളും ജീവികളും ഇതില്‍ പെടുന്നു. ഇത് ക്ഷരം. ക്ഷരപദത്തിന്റെ അര്‍ഥംതന്നെ നാശമുള്ളതെന്നാണ്. രണ്ട്, നാശമില്ലാത്തത് എന്ന് അര്‍ഥമുള്ള അക്ഷരം. ഇത് കൂടസ്ഥമാണ്. കൂടംപോലെ സ്ഥിതി ചെയ്യുന്നത് കൂടസ്ഥം ('കൂടമിവ തിഷുതി ഇതി കൂടസ്ഥഃ'). കൊല്ലന്റെ ആലയില്‍ ലോഹത്തുണ്ടുകളെ പല കോലങ്ങളില്‍ അടിച്ചും പരത്തിയും രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്ന കൂടത്തിന് ഇതൊക്കെ ചെയ്യുമ്പോഴും രൂപാന്തരം സംഭവിക്കുന്നില്ല. അതുപോലെ അക്ഷരം ക്ഷരപ്രപഞ്ചത്തെ വാര്‍ത്തെടുക്കുന്നു, പക്ഷേ, തീക്ഷ്ണതാപമുള്ള സൂര്യന്മാരെയും നക്ഷത്രങ്ങളെയുംപോലും നിലനിര്‍ത്തുമ്പോഴും ഇവ നിലനില്‍ക്കുകയും നീങ്ങുകയും ചെയ്യുന്ന അക്ഷരത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. അക്ഷരമാധ്യമത്തെപ്പറ്റി വിശദീകരിക്കാന്‍ ഇതിനേക്കാള്‍ നല്ല ഉദാഹരണം വേറെ ഇല്ല.
ദൃശ്യമായ ക്ഷരം എന്തില്‍നിന്നുണ്ടായി എന്തില്‍ ലയിക്കുന്നുവോ അത് അക്ഷരം. പ്രപഞ്ചവ്യാപിയായ അദൃശ്യമാധ്യമമാണ് ഇത്. എന്തുമേതും അതില്‍നിന്നുണ്ടായി അതില്‍ നിലനിന്ന് അതില്‍ ലയിക്കുന്നു. കാലമില്ലാതെ കാര്യകാരണബന്ധവും സ്ഥലമില്ലാതെ പദാര്‍ഥസൃഷ്ടിയും പറ്റില്ലെന്നതിനാല്‍ സ്ഥലകാലങ്ങളുടെ ഉറവിടവും അതുതന്നെ. എല്ലാ ചിത്രങ്ങളും വരയ്ക്കുകയും എല്ലാം തുടച്ചുമായ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ അതു വൈരുധ്യാത്മകമാണെന്നും വരുന്നു. (തുടരും)
