
ഗീതാദര്‍ശനം - 538
Posted on: 05 Jul 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
ഇതുപോലുള്ള ഒട്ടനവധി ഭൗതിക (physical) സാഹചര്യങ്ങളെല്ലാം വേണ്ടപോലെ നിലനിന്നാലും രസതന്ത്രപരമായ (chemical) സൗകര്യങ്ങള്‍കൂടി ഇല്ലായിരുന്നെങ്കില്‍ ജീവന്‍ ഇപ്പോഴുള്ള രീതിയില്‍ ഉടലെടുത്ത് വാഴുകയില്ലായിരുന്നു. അന്തരീക്ഷത്തിലെയും സമുദ്രത്തിലെയും കരകളിലെയും മൂലകങ്ങളുടെ തോതും ലഭ്യതയും ഇണക്കപ്പിണക്കങ്ങളും പരമപ്രധാനംതന്നെ. ജലത്തിന്റെ രസമാണ് ജീവന്റെ ഉല്പത്തിക്കും പരിണാത്തിനും താങ്ങ്.
ജീവികളുടെ നാഡീവ്യൂഹത്തിന്റെയും (nervous system) ഗ്രന്ഥികളുടെയും പ്രവര്‍ത്തനത്തിലും സസ്യങ്ങളുടെ വളര്‍ച്ചയിലും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ സ്വാധീനം ചെലുത്തുന്നു. രസാത്മകന്‍ എന്ന വാക്കിനര്‍ഥം രസം ശരീരമായിട്ടുള്ളവന്‍ എന്നാണ്. വേദത്തിലെ സോമശബ്ദത്തെത്തന്നെ ഇവിടെ ഉപയോഗിച്ചിരിക്കുന്നു. സോമരസം ജീവലഹരിയാണ്. ചന്ദ്രനെ 'അമൃതം സൂതേ ഇതി' (അമൃതത്തെ വിസര്‍ജിക്കുന്നവന്‍) എന്നര്‍ഥത്തില്‍ സോമന്‍ എന്നറിഞ്ഞിരുന്നു.
ഇങ്ങനെയെല്ലാമുള്ള ലോകസംവിധാനത്തെ ആസൂത്രിതമെന്നൊ യാദൃച്ഛികമെന്നൊ എവ്വിധം വേണമെങ്കിലും കരുതാം. എങ്ങനെ കരുതിയാലും ഇതിനെല്ലാം ആധാരവും സാര്‍വത്രികവുമായ സമവസ്ഥിതബലം സര്‍വപ്രധാനമെന്നു സമ്മതിക്കാതെ തരമില്ല.
ജീവസന്ധാരണത്തില്‍ പരംപൊരുളിന്റെ നെടുനായകത്വം ഇവിടെയും അവസാനിക്കുന്നില്ല.
അഹം വൈശ്വാനരോ ഭൂത്വാ
പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ
പചാമ്യന്നം ചതുര്‍വിധം
ഞാന്‍ ജഠരാഗ്‌നിയായി പ്രാണികളുടെ ദേഹത്തെ ആശ്രയിച്ച് പ്രാണാപാനവായുക്കളോട് ചേര്‍ന്ന് (പ്രവര്‍ത്തിച്ച്) നാലു വിധത്തിലുള്ള ആഹാരങ്ങളെ(യും) ദഹിപ്പിക്കുന്നു.
(തുടരും)
