githadharsanam

ഗീതാദര്‍ശനം - 537

Posted on: 04 Jul 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം


സ്​പന്ദങ്ങള്‍ തമ്മില്‍ സംഭവിക്കുന്ന പല തരത്തിലുള്ള ഊര്‍ജവിനിമയത്തെയാണ് നാം വെളിച്ചമായി അറിയുന്നത്. ഈ വിനിമയങ്ങളും അലകളാണ് (അര്‍ധസ്​പന്ദങ്ങളാണ്). ഞൊടിയിടപോലും ഒരിടത്തും നില്‍ക്കാനാവാത്തവയാണ് ഇവ എന്ന വ്യത്യാസമേ ഉള്ളൂ. അക്ഷരമാധ്യമത്തില്‍ സമവസ്ഥിതമായുള്ള പുരുഷോത്തമനെന്ന ഏകീകൃതബലത്തെ അവലംബിച്ചാണ് ഇവയും സ്​പന്ദിക്കുന്നതും നീങ്ങുന്നതും.

ഇത്രയുമല്ല, ലോകത്തിലെ സര്‍വത്തിനും ആധാരമാണ് സമവസ്ഥിതമായ പരമാത്മബലം.
ഗാമാവിശ്യ ച ഭൂതാനി
ധാരയാമ്യഹമോജസാ
പുഷ്ണാമീ ചൗഷധീഃ സര്‍വാഃ
സോമോ ഭൂത്വാ രസാത്മകഃ
മാത്രമല്ല, ഞാന്‍ ഭൂമിയെ ആവേശിച്ചിട്ട് എന്റെ ബലംകൊണ്ട് ചരാചരങ്ങളെ നിലനിര്‍ത്തുന്നു. രസസ്വരൂപിയായ ചന്ദ്രനായി ചമഞ്ഞ് എല്ലാ സസ്യവര്‍ഗങ്ങളെയും പോഷിപ്പിക്കുകയും ചെയ്യുന്നു.

ഭൗമമണ്ഡലത്തിലെ സാഹചര്യങ്ങളുടെ ഭൗതികശാസ്ത്രവും ജീവരസതന്ത്രവുമാണ് പ്രതിപാദ്യം. വളരെ നിര്‍ണായകങ്ങളായ ഒട്ടേറെ ക്രമീകരണങ്ങളുടെ സംരക്ഷയിലാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ ഉള്‍പ്പെടെയുള്ള ചരാചരങ്ങള്‍ നിലനില്‍ക്കുന്നത്. അച്ചുതണ്ടിലുള്ള ഭൂമിയുടെ കറക്കം കുറച്ചുകൂടി വേഗത്തിലായിരുന്നെങ്കില്‍ സമുദ്രങ്ങള്‍ നിലനില്‍ക്കില്ല. ഈ അച്ചുതണ്ടിനൊരു ചെരിവില്ലായിരുന്നെങ്കില്‍ ഋതുക്കള്‍ ഉണ്ടാവില്ല. സൂര്യനില്‍നിന്ന് ഭൂമിയുടെ അകലം അല്പം കുറഞ്ഞോ കൂടിയോ ആണ് ഇരുന്നതെങ്കില്‍ ഇവിടത്തെ ശീതോഷ്ണസ്ഥിതി ജീവസന്ധാരണത്തിന് ഉതകുമായിരുന്നില്ല.

(തുടരും)









MathrubhumiMatrimonial