githadharsanam

ഗീതാദര്‍ശനം - 536

Posted on: 02 Jul 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം


യദാദിത്യഗതം തേജഃ
ജഗത് ഭാസയതേ ശഖിലം
യച്ചന്ദ്രമസി യച്ചാഗ്‌നൗ
തത്തേജോ വിദ്ധി മാമകം

സൂര്യനിലിരിക്കുന്ന യാതൊരു തേജസ്സ് മുഴുവന്‍ ജഗത്തിനെയും പ്രകാശിപ്പിക്കുന്നോ ചന്ദ്രനില്‍ യാതൊരു തേജസ്സുണ്ടോ അഗ്‌നിയില്‍ യാതൊരു തേജസ്സുണ്ടോ അത് (എല്ലാം) എന്റെ തേജസ്സെന്ന് അറിയുക.

പരമാത്മജ്ഞാനം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം സൂര്യചന്ദ്രന്മാരുടെയും അഗ്‌നിയുടെയുമൊക്കെ പ്രകാശം ഒരുപോലെ ലഭ്യമാണ്. പക്ഷേ, പ്രകാശത്തിന്റെ പൊരുളറിയണമെങ്കില്‍ പ്രകാശങ്ങളുടെ കാരണമായ പ്രകാശത്തെ അറിയണം. (ലോകത്തിലെ മറ്റനുഗ്രഹങ്ങളെക്കൂടി ഉദ്ദേശിച്ചാണ് ഈ പറയുന്നതെന്ന് തീര്‍ച്ച. എത്ര വെളിച്ചവും എത്ര നല്ല റോഡും ഉണ്ടായാലും നേര്‍വഴിയെ പോകാന്‍ ശരിയായ തിരച്ചറിവും ലക്ഷ്യബോധവും വേണം.)

ഇതേ അധ്യായത്തിലെ ആറാമത് ശ്ലോകത്തിന്റെ ('ന തത് ഭാസയതേ സൂര്യഃ .... ') തുടര്‍ച്ചകൂടിയാണ് ഈ പദ്യം. പുരുഷോത്തമനെ സൂര്യചന്ദ്രന്മാരോ അഗ്‌നിയോ പ്രകാശിപ്പിക്കുന്നില്ല. മറിച്ച്, സൂര്യചന്ദ്രന്മാരെയും അഗ്‌നിയെയും എല്ലാം പ്രകാശിപ്പിക്കുന്നത് പുരുഷോത്തമനാണ്.

അക്ഷരാതീതം അതിന്റെതന്നെ ഭാവാന്തരമായ അക്ഷരത്തില്‍ ബീജസ്​പന്ദമാകുന്നതിനെത്തുടര്‍ന്നാണ് സ്ഥലകാലങ്ങള്‍ ഉണ്ടാകുന്നത്. അനുരണനസ്​പന്ദങ്ങളുടെ കൂട്ടായ്മകളിലൂടെ ചരാചരസൃഷ്ടി പുരോഗമിക്കെ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉരുത്തിരിയുന്നു. പ്രപഞ്ചവ്യാപിയും സമവസ്ഥിതവുമായ പരമാത്മാവിനെ ആധാരമാക്കിയാണ് എല്ലാം നിലനില്‍ക്കുന്നത്. എല്ലാറ്റിന്റെയും ബീജാവാപവും പരമാത്മാവിന്റെ വകതന്നെ. എവ്വിധം നോക്കിയാലും എല്ലാ കൂട്ടായ്മകളിലുമുള്ള എല്ലാ തരം തേജസ്സും പരമാത്മാവിന്റെയാണ്.

(തുടരും)






MathrubhumiMatrimonial