
ഗീതാദര്‍ശനം - 535
Posted on: 01 Jul 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമയോഗം
യതന്തോ യോഗിനശ്ചൈനം
പശ്യന്ത്യാത്മന്യവസ്ഥിതം
യതന്തോ ശപ്യകൃതാത്മാനഃ
നൈനം പശ്യന്ത്യചേതസഃ
പ്രയത്‌നിക്കുന്ന സാധകര്‍ ഇവനെ തങ്ങള്‍ക്കകമേ കുടികൊള്ളുന്നതായി കാണുന്നു (അറിയുന്നു). അന്തഃകരണശുദ്ധിയില്ലാത്ത അവിവേകികളാകട്ടെ, (എത്ര) യത്‌നിച്ചാലും ഇവനെ കാണുന്നില്ല.
മതിയായ മുന്നൊരുക്കമില്ലാതെ പ്രയത്‌നിച്ചിട്ട് കാര്യമില്ല. വര്‍ഷങ്ങളായി മുറപോലെ ധ്യാനിച്ചിട്ടും ഒരു മാറ്റവും കാണാനില്ലെന്നു പരാതിപ്പെടുന്നവരുണ്ട്. തറ പാകപ്പെടാതെ വീടു പണിയാന്‍ ശ്രമിച്ചാല്‍ ഇങ്ങനെ വരും. അന്തഃകരണശുദ്ധി ഇല്ലായ്മയും അവിവേകവുമാണ് വഴിമുടക്കുകള്‍. മനസ്സില്‍ അഴുക്കില്ലാതിരിക്കണമെങ്കില്‍ രാഗദ്വേഷങ്ങളുടെ കറകള്‍ നീങ്ങണം. പകരം, നൈര്‍മല്യത്തിന്റെ സംസ്‌കാരം വാഴണം. അര്‍പ്പണഭാവംകൊണ്ടേ അതിനാവശ്യമായ ശുദ്ധിയും ശക്തിയും ആനന്ദവും ഉണ്ടാകൂ. ഭക്തി ശീലിക്കണമെന്ന് സാരം. അതുപോലെ, വിവേകം കൈവരാന്‍ ഫലസംഗം കൂടാതെ കര്‍മം ചെയ്ത് തഴകണം. ചുരുക്കത്തില്‍, ഭക്തിയോഗവും കര്‍മയോഗവും ഒപ്പം നടക്കാതെ ജ്ഞാനയോഗം ഒരടി മുന്നോട്ടു പോവില്ല.
ആത്മവിസ്മൃതിയോളമെത്തുന്ന അര്‍പ്പണഭാവമില്ലാതെ ഒരന്വേഷണവും സഫലമാവില്ല. ഒട്ടകത്തിന്റെയും സൂചിക്കുഴയുടെയും കാര്യം അതിമനോഹരമായ ഉദാഹരണം. പത്തിനാറ് പലിശ കിട്ടിയേ തീരൂ എന്ന് സദാ ശഠിക്കുന്ന ഒരാള്‍ എങ്ങനെയാണ്, പത്തു പൈസപോലും പ്രതിഫലം കിട്ടാത്ത ജ്ഞാനാന്വേഷണത്തില്‍ മനസ്സറിഞ്ഞ് ലയിക്കുക?
(തുടരും)
