githadharsanam

ഗീതാദര്‍ശനം - 533

Posted on: 29 Jun 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം


ഓരോ ജന്മത്തിലും വിഷയങ്ങളുമായുള്ള ഇടപഴകലിന്റെ രീതിക്ക് വഴി കാട്ടുന്നത് ഈ വാസനകളാണ്. ഈ ഇടപഴകലിന്റെ ശേഷിപ്പുകള്‍ പഴയ വാസനകളെ പോഷിപ്പിക്കുകയോ പുതിയ വാസനകള്‍ ഉളവാക്കുകയോ ചെയ്യാം. അപ്പോഴൊക്കെ, രൂപനിര്‍മാണക്ഷേത്രത്തിന് ഈശ്വരനോടുള്ള ആഭിമുഖ്യം നിരന്തരം നിലനില്‍ക്കുന്നുണ്ട്. കാരണം, അത് ഈ തരംഗത്തിന്റെ കാതലും ആധാരവുമായ ഏകീകൃതബലമെന്ന പരംപൊരുളിനോടു താദാത്മ്യപ്പെടാനുള്ള ത്വരയാണ്. ആ ത്വര തിടംവെക്കാനുള്ള സാഹചര്യം ഇല്ലാതെ പോയാല്‍ പരിണാമശ്രേണിയില്‍ പിന്നോട്ടു പോകുന്നു, ഉണ്ടാകുന്തോറും മുന്നോട്ടും.
പാരമ്പര്യശാസ്ത്രത്തിലെ (genetics) പുതിയ അറിവും ഈ ആശയവുമായി കാര്യമായ വ്യത്യാസമില്ല. കാരണം, പരിണാമപരമായ സാധ്യതകളുടെ സാക്ഷാത്കാരം ഇവിടെയും പാരമ്പര്യത്തിലൂടെത്തന്നെയാണ്. പക്ഷേ, ജന്മവാസനയെ നിശ്ചയിക്കുന്നത് പാരമ്പര്യം മാത്രമല്ല എന്നുകൂടി പറയുന്നു. ക്രോമസോമുകള്‍ ഒരു നിശ്ചിതരീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇടവരുത്തുന്ന വാസനാസഞ്ചയമായ രൂപനിര്‍മാണക്ഷേത്രത്തിലേക്കും അതിനു നിദാനമായ പ്രപഞ്ചജീവനിലേക്കും കൂടി ജനറ്റിക്‌സ് എത്തുന്നു എന്നതാണ് വ്യത്യാസം. ഇങ്ങനെ ഒരു അധികമാനം സങ്കല്പിച്ചാലല്ലാതെ സ്ത്രീപുരുഷക്രോമസോമുകളില്‍ ഏതേതു തമ്മില്‍ ചേരണമെന്ന നിശ്ചയത്തിന് ഉപാധി കണ്ടുകിട്ടുകയില്ല.
സമവസ്ഥിതമായ പരംപൊരുളിന്റെ സ്വരൂപത്തിലേക്ക് തിരിയാനും പരമശാന്തി അനുഭവിക്കാനുമുള്ള അവസരവും സ്വാതന്ത്ര്യവും എപ്പോഴും ലഭ്യമാണ്. അങ്ങനെ എങ്കില്‍, പക്ഷേ, എന്തുകൊണ്ടാണ് എല്ലാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്തത്?
ഉത്ക്രാമന്തം സ്ഥിതം വാപി
ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാഃ നാനുപശ്യന്തി
പശ്യന്തി ജ്ഞാനചക്ഷുഷഃ
(തുടരും)



MathrubhumiMatrimonial