
ഗീതാദര്‍ശനം - 532
Posted on: 28 Jun 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ കണ്ണും മൂക്കും കാതുമൊക്കെ യഥാസ്ഥാനത്തുണ്ടെങ്കിലും ഒരു ശവശരീരം ഒന്നുംതന്നെ കാണുകയോ മണക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. കാരണം, അവയുടെ പ്രവര്‍ത്തനശേഷിയെ പ്രപഞ്ചജീവന്‍, വായു പൂവില്‍നിന്ന് സുഗന്ധം കണക്കെ എടുത്തു കൊണ്ടുപോയിക്കഴിഞ്ഞു. ഇങ്ങനെ എടുത്തു കൊണ്ടുപോകുന്നത് അതുവരെയുള്ള ജീവിതത്തില്‍ ഊറിക്കൂടിയ സംസ്‌കാരം-വാസന-ഉള്‍പ്പെടെ ആണ്. ഇതു സൂക്ഷ്മശരീരത്തില്‍ അഥവാ രൂപനിര്‍മാണക്ഷേത്രത്തില്‍ മുദ്രിതമാണല്ലോ. ഈ വാസനാസഞ്ചയത്തെ മുന്‍നിര്‍ത്തി ഈ ജീവന്‍ വേറെ സ്ഥൂലശരീരങ്ങള്‍ വാര്‍ത്തെടുക്കുന്നു.
ശ്രോത്രം ചക്ഷുഃ സ്പര്‍ശനം ച
രസനം ഘ്രാണമേവ ച
അധിഷ്ഠായ മനശ്ചായം
വിഷയാനുപസേവതേ 9
(ഈ ജീവന്‍) ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ ഇന്ദ്രിയങ്ങളെയും മനസ്സിനെയും ആശ്രയിച്ച് വിഷയങ്ങളെ അനുഭവിക്കുന്നു.
പ്രകൃതിയിലെ വൈരുധ്യാധിഷ്ഠിത ബലങ്ങളുടെ പ്രവര്‍ത്തനഫലമായുള്ള ശീതോഷ്ണാദി പരിതോവസ്ഥകളുമായി ശരീരം ഇടപെടുന്നത് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും സംയുക്തം എന്ന ഉപാധിയിലൂടെയാണെന്ന് വിശദമാക്കുന്നു. എണ്ണമറ്റ രൂപനിര്‍മാണക്ഷേത്രങ്ങളുടെ പ്രത്യക്ഷങ്ങള്‍ ചരാചരങ്ങളായി ക്ഷരപ്രപഞ്ചത്തില്‍ ഉണ്ട്. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ഏതു വിധത്തില്‍ പ്രവര്‍ത്തിപ്പിക്കണമെന്നു നിശ്ചയിക്കുന്നത് രൂപനിര്‍മാണക്ഷേത്രത്തില്‍ (ജീവാത്മാവില്‍) മുദ്രിതങ്ങളായ വാസനകളാണ്. ഈ വാസനകളെ രൂപനിര്‍മാണക്ഷേത്രമെന്ന സങ്കീര്‍ണമായ സ്ഥൈതികതരംഗം (static wave) തന്നില്‍ മുദ്രിതമായ പ്രത്യേക നീക്കുപോക്കുകളായി
(specific modulations) ഉള്‍ക്കൊള്ളുന്നു എന്നു കരുതാം.
(തുടരും)
