കഥയുടെ പൂമരത്തിന് ഹൃദയപൂര്‍വം

Posted on: 25 Jun 2010

എസ്.എസ്.സുമേഷ്‌കുമാര്‍



മലയാള സിനിമയുടെ നടുമുറ്റത്ത് തലയുയര്‍ത്തി, തണല്‍ വിരിച്ചു നിന്ന എ.കെ. ലോഹിതദാസ് എന്ന കഥയുടെ പൂമരം ഓര്‍മയായിട്ട് ജൂണ്‍ 28ന് ഒരു വര്‍ഷം. അമരാവതിയുടെ മണ്ണും നിളയുടെ ഓളങ്ങളും പകുത്തെടുത്തെങ്കിലും അകലൂരിന്റെ അതിരുകള്‍ക്കപ്പുറം അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് ജീവിക്കുകയാണ്. വര്‍ഷവും വസന്തവും വേനലും ശിശിരവുമൊന്നും പങ്കുവെച്ചെടുക്കാന്‍ സാധിക്കാത്ത ഓര്‍മയുടെ നിത്യതയില്‍.

എണ്‍പതു വയസ്സു പിന്നിട്ട മലയാള സിനിമയ്ക്ക് ആരായിരുന്നു ലോഹിതദാസ്...?
നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ്, അഭിനേതാവ്...അതിനുമപ്പുറം വിശേഷണ മുദ്രകള്‍ക്കുമപ്പുറം എഴുതപ്പെടാതെ, അല്ലെങ്കില്‍ വായിക്കപ്പെടാതെപോയ ഒരു പുസ്തകം.
കല ജീവിതമാണെന്നാണ് വിവക്ഷ. അങ്ങനെയെങ്കില്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍, ജീവിതത്തെ കലയില്‍ ആവിഷ്‌കരിച്ച പ്രതിഭയായിരുന്നു ലോഹിതദാസ്.

നുണയെഴുത്തല്ല എഴുത്ത്

എഴുത്ത് കാല്പനികമായ ഒരു കളവാണെന്നും നുണയെഴുത്താണ് സാഹിത്യമെന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. സിനിമയെ സംബന്ധിച്ചിടത്തോളം അതില്‍ നെല്ല് കുറവും പതിര് കൂടുതലുമാണ്. എന്നാല്‍ ലോഹിതദാസിന്റെ രചനകളൊന്നും 'പുരപ്പുറത്തുവീണ ചാറ്റല്‍ മഴത്തുള്ളി'കളായിരുന്നില്ല. മറിച്ച് ഹൃദയപൂര്‍വമായ സങ്കീര്‍ത്തനങ്ങളായിരുന്നു. ഒരു പുരുഷായുസ്സിന്റെ ഭിന്ന മുഖങ്ങള്‍, വ്യത്യസ്തമായ നിറക്കൂട്ടുകളില്‍, നാടകീയത ലവലേശമില്ലാതെ നമുക്ക് മുന്‍പില്‍ നിറഞ്ഞാടി. കുടുംബങ്ങളായിരുന്നു ലോഹിയുടെ തൂലികയുടെ മഷിക്കൂട്ട്. പിതൃപുത്രബന്ധത്തിന്റെ ശക്തിയും ദൗര്‍ബല്യവും മലയാളികള്‍ ഏറെയറിഞ്ഞത് അദ്ദേഹത്തിന്റെ ഭാവനയില്‍, ചിന്തയില്‍ നിന്നായിരുന്നു. അയഥാര്‍ഥമായിരുന്നില്ല അവയൊന്നും. ഓരോ കുടുംബത്തില്‍ നിന്നുമുള്ള നേര്‍കാഴ്ചയായിരുന്നു. കിരീടവും ചെങ്കോലും കുടുംബപുരാണവും വീണ്ടും ചില വീട്ടുകാര്യങ്ങളും അച്ഛന്‍-മകന്‍ ബന്ധത്തിന്റെ അളക്കുവാനാകാത്ത ആഴം വ്യക്തമാക്കി. സേതുമാധവനും- അച്യുതന്‍നായരും കൃഷ്ണനുണ്ണിയും-സുകുമാരന്‍നായരുമാകുമ്പോള്‍ ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് ആരെയൊക്കെയാണ്...?

മകനില്‍ പ്രതീക്ഷയര്‍പ്പിച്ച് ഉറക്കമിളക്കുകയും ഒടുവില്‍ മകനേയോര്‍ത്ത് ഉറക്കം നഷ്ടപ്പെടേണ്ടിവരികയും ചെയ്യുന്ന എത്രയോ പേര്‍...അച്ഛന്റെ മുന്നില്‍, ചിലവാക്കിയ കാശിന് 'അണ പൈ' ബാക്കിയില്ലാതെ കണക്കു പറയുന്ന 'കുടുംബപുരാണ'ത്തിലെ കൃഷ്ണനുണ്ണി അണുകുടുംബ സിദ്ധാന്തം വ്യാപകമാവുന്ന തൊണ്ണൂറുകളുടെ പ്രതിനിധിയാണ്. ശങ്കരന്‍ നായരാവട്ടേ, വരുംകാല വാര്‍ധക്യ ജീവിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന തീക്ഷ്്ണമായ അനുഭവങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക. ഇവര്‍ ഇങ്ങു കൊച്ചു തോമയിലും റോയിയിലും എത്തുമ്പോള്‍ അവിടെ തെളിയുന്നത് മറ്റൊരു ചിഹ്നമാണ്. എങ്കിലും ഒരു പൊതു വസ്തുത അരക്കിട്ടുറപ്പിക്കുന്നു. ബന്ധങ്ങള്‍ മനസുകൊണ്ട് അകന്നാല്‍ പിന്നെ കൂട്ടിച്ചേര്‍ക്കാന്‍ എളുപ്പമാവില്ലെന്ന സത്യം. 'കാരുണ്യ'ത്തില്‍ പ്രകടമാവുന്നത് തൊഴില്‍ രഹിതനായ മകന്റെയും സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന അച്ഛന്റേയും ജീവിതമാണ്. സാഹചര്യം സതീശനെ മൂഢവും അരുതാത്തതുമായ ഒരു പ്രവര്‍ത്തിയിലേക്കു നയിക്കുമ്പോള്‍ നാം അറിയാതെ ഇന്നത്തെ കാലത്തിന്റെ കലുഷതയേക്കുറിച്ചോര്‍ത്തു പോകുന്നു.

അമരവും കൗരവരും പാഥേയവും കുട്ടേട്ടനും പകരുന്നത് പിതൃ-പുത്രി ബന്ധത്തിന്റെ ഭിന്ന തലങ്ങള്‍ തന്നെ. മകളെ എഞ്ചിനീയറും ഡോക്ടറുമൊക്കെ ആക്കാന്‍ വേണ്ടി തന്റെ സ്വപ്‌നങ്ങളും മോഹങ്ങളും ഉപേക്ഷിക്കുന്ന പിതാവ് മകളാല്‍ മനസ്സുകൊണ്ട് തിരസ്‌കരിക്കപ്പെടുമ്പോള്‍ അവളെ അവളുടെ ജീവിതത്തിലേക്ക് യാത്രയാക്കി തന്റെ കണ്ണീര്‍ 'തിരയിലൊരു തരി'യായ് നല്കി മറയുന്നത് അച്ചൂട്ടിയുടെ മാത്രം കഥയല്ല. എത്രയോ അച്ഛനമ്മമാരുടെ ജീവിതമാണ്.

'കൗരവരി'ലെത്തുമ്പോള്‍ ആന്റണി എന്ന പകയാല്‍ രൗദ്രനാകുന്ന അച്ഛനേ, 'തന്റേതെന്ന്' തിരിച്ചറിയാനാവാത്ത മൂന്ന് പെണ്‍മക്കള്‍ മനുഷ്യനാക്കുന്ന ചിത്രമാണ് തെളിയുന്നത്. മക്കളുടെ കണ്ണീര്‍ അയാളുടെ പ്രതികാരത്തെ കഴുകിക്കളയുന്നു.
'പാഥേയം' ഒരിക്കല്‍ താന്‍ കൈവിട്ട 'മുത്തി'നേ തേടി എത്തുന്ന അച്ഛന്റെ ചിത്രമാണ്. ഭൂതകണ്ണാടി സമകാലിക ജീവിതത്തില്‍ ഏതൊരച്ഛനും മകളോടുള്ള പ്രാര്‍ഥനയാണ്.

കുടുംബം സ്‌നേഹത്താല്‍ നിരായുധനാക്കുന്ന വ്യക്തികളുടെ ആത്മ സംഘര്‍ഷങ്ങളാണ് തനിയാവര്‍ത്തനവും കിരീടവും ഭരതവും വാത്സല്യവും സാദരവും അരയന്നങ്ങളുടെ വീടുമെല്ലാം. നിലവിലെ വ്യവസ്ഥകള്‍ക്ക് ബലിയാടാകേണ്ടിവരുകയും 'ഭ്രാന്ത്' സ്വയം ഏറ്റുവാങ്ങുകയുമാണ് ബാലന്‍ മാഷിന്റെ ദുര്യോഗമെങ്കില്‍ സേതുമാധവന് വിനയാവുന്നത് ചെറുപ്പത്തിന്റെ ചോരത്തിളപ്പും പക്വതയില്ലായ്മ മൂലമുണ്ടാകുന്ന എടുത്തു ചാട്ടവുമാണ്. 'ഭരത'ത്തിലെ ഗോപിനാഥനെ മുള്‍മുനയില്‍ നിര്‍ത്തുന്നത് സ്‌നേഹിക്കുന്നവരോടുള്ള അനിതര സാധാരണമായ വിധേയത്വമാണ്. ജ്യേഷ്ഠന്റെ മരണത്തേക്കാളും അയാളെ മഥിക്കുന്നത് ഉറ്റവര്‍ അതെങ്ങനെ സഹിക്കും എന്ന ഭീതിയാണ്. അത് അയാളെ ഉമിത്തീയില്‍ നീറ്റുന്നു. 'വാത്സല്യ'ത്തിലും കുടുംബം എന്ന ചട്ടക്കൂടില്‍ ഒന്നുമല്ലാതായി തീരുന്ന മനുഷ്യനേയാണ് വരച്ചു കാണിക്കുന്നത്.
കുടുംബത്തിനു വെളിയില്‍ സമൂഹം ബഹിഷ്‌കൃതമാക്കുന്ന മനുഷ്യരുടെ ഹൃദയ വേദനകളാണ് ഹിസ് ഹൈനസ് അബ്ദുള്ളയും കനല്‍കാറ്റും മൃഗയയും കന്മദവും എല്ലാം. അബ്ദുള്ളയും നത്തുനാരായണനും വാറുണ്ണിയും വിശ്വനാഥനുമെല്ലാം തിരസ്‌കരിക്കപ്പെടുന്നവരുടെ 'കുടുംബം' എന്ന സംവിധാനത്തിലേക്കുള്ള സ്വീകാര്യതയാണ് വെളിവാക്കിയത്.

ലോഹിതദാസിന്റെ നായക കഥാപാത്രങ്ങളൊന്നും 'ധീരോദാത്തനതിപ്രതാപഗുണവാന്‍മാര്‍' ആയിരുന്നില്ല. മറിച്ച് നിലനില്പിനായി ശൗര്യം കാണിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ പതര്‍ച്ചയെ നേരിടാനാവാതെ കുഴങ്ങുകയും ചെയ്യുന്ന എല്ലാ ദൗര്‍ബല്യങ്ങളുമുള്ള സാധാരണ മനുഷ്യരായിരുന്നു അവര്‍. അവര്‍ സമൂഹത്തേയും പ്രതിയോഗികളേയും വ്യവസ്ഥകളേയും ഒരേപോലെ ഭയപ്പെട്ടു. അതിന്റെ ഇരട്ടിശക്തിയില്‍ മുറിവേറ്റ വേട്ടമൃഗത്തെപ്പോലെ എതിരിട്ടു. ചിലരൊക്കെ വിജയിച്ചു. ചിലര്‍ പരാജിതരായി. വിജയങ്ങള്‍ ചിലരെ അഹങ്കാരികളാക്കി...'സാഗരംസാക്ഷി'യിലെ ബാലചന്ദ്രനെപ്പോലെ 'ഏഴുരൂപകൊണ്ട് കച്ചവട സാമ്രാജ്യം വെട്ടിപ്പിടിക്കുകയും' ഒരു നിമിഷംകൊണ്ട് എല്ലാം നഷ്ടപ്പെട്ടപ്പോള്‍ 'തിരിച്ചു പിടിക്കുമെന്ന്' വെല്ലുവിളി നടത്തുകയും ചെയ്തു. ബാലചന്ദ്രന്‍ എത്രയോ പേരുടെ പ്രതിനിധിയാണ്. നായികമാര്‍ ഒരിക്കലും ലോഹിയുടെ സിനിമകളില്‍ ക്വാറം തികയ്ക്കാനായി വേഷം കെട്ടിയില്ല.

തനതായ വ്യക്തിത്വം പുലര്‍ത്തി അവര്‍ പുരുഷനു തുല്യം നിന്നു. ചിലര്‍ പുരുഷനെ കടത്തി വെട്ടി. മഹായാനത്തിലെ രാജമ്മ, കസ്തൂരിമാനിലെ പ്രിയംവദ, കന്മദത്തിലെ ഭാനു, സൂത്രധാരനിലെ ദേവമ്മ, ദശരഥത്തിലെ ആനി-കണക്കുകള്‍ തീരുന്നില്ല. അപ്രധാനമായി ഒരു കഥാപാത്രങ്ങളും ലോഹിയുടെ സിനിമകളില്‍ തല കാട്ടാനായി എത്തിയില്ല. ഉപകഥാപാത്രങ്ങള്‍ക്കും സവിശേഷവ്യക്തിത്വം ആ തൂലിക ഉറപ്പു നല്കി. 'വാടകയ്ക്ക് ഗര്‍ഭ'മെന്നത് പരിചിതമല്ലാത്ത കാലത്ത് 'ദശരഥവും' ജുവനൈല്‍ ഹോമുകളുടെ ഉള്ളറകളിലെ അത്ര സുഖകരമല്ലാത്ത ബാല്യകാലവും (മുദ്ര) ബ്രോക്കര്‍മാരുടെ ജീവിതത്തിലേക്ക് ഒരു ചെറുതിരി വെളിച്ചം നല്കിയ 'മാലയോഗം'വും വിരമിക്കുന്ന പട്ടാള ജീവിതം പകര്‍ത്തിയ 'ചകോര'വും ഉദ്യാനപാലകനുമെല്ലാം നല്‍കുന്നത് വ്യത്യസ്തമായ മുഖങ്ങളും അതിലേറെ വേറിട്ട അനുഭവക്കാഴ്ചകളുമാണ്...ഓരോ കഥാപാത്രവും പറയുന്നത് എത്രയെത്ര കഥകള്‍...കണക്കുകള്‍ അവസാനിക്കുന്നില്ല.

അവഗണന-അതിജീവനം-പ്രസക്തി

ഒരു വ്യാഴവട്ടക്കാലം 'തിരക്കഥാകൃത്ത്' എന്ന ടൈറ്റില്‍ കാര്‍ഡില്‍ ഒതുങ്ങുവാനായിരുന്നു അദ്ദേഹത്തിന്റെ വിധി. മലയാള സിനിമാലോകം ഒരു തിരക്കഥാകൃത്തിനു നല്കുന്ന വിലയെന്ത് എന്നത് വെളിവായത് പില്കാലത്ത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ആയിരുന്നു. താന്‍ ജീവശ്വാസം നല്കിയ സിനിമകള്‍ തിയേറ്ററില്‍ നിറഞ്ഞോടുമ്പോഴും ബഹുമതികളുടെ 'കിരീടം' ശിരസ്സില്‍ ചാര്‍ത്തുമ്പോഴും അരങ്ങുകാണാത്ത നടനായി വര്‍ഷങ്ങള്‍...അവഗണനകളില്‍ നിന്നുള്ള ഒരു സ്വയം പ്രഖ്യാപനമായിരുന്നു 'ഭൂതകണ്ണാടി'. ഒരു സംവിധായകനായി പേരെടുക്കുമ്പോഴും ഇകഴ്ത്തലുകളുടേയും ഗോസിപ്പുകളുടേയും കുപ്പിച്ചില്ലുകള്‍, വികാര വിഷുബ്ധനാകാതെ അദ്ദേഹം നേരിട്ടു.

കാലം കഴിഞ്ഞെന്ന് കളിയാക്കിയവരോട് 'ഇനിയുമെന്റെ സ്റ്റോക്കില്‍ ഇരുപത്തഞ്ചോളം കഥകളുണ്ടെന്ന് തിരിച്ചടിച്ചു. അതൊരു യുദ്ധ പ്രഖ്യാപനമായിരുന്നില്ല. മറിച്ച് തന്നിലെ എഴുത്തുകാരനെ അവഹേളിച്ചതിലുള്ള ഒരു പ്രതിഷേധമായിരുന്നു. 'പലരും അംഗീകരിക്കാന്‍ മടിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എനിക്ക് നല്ല ഉറപ്പുണ്ട്. ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോവുന്നത് ലോഹിതദാസിന്റെ മരണശേഷമാണ്. അത് നമ്മള്‍ മലയാളികളുടെ പ്രത്യേകതയാണ്. മരിച്ചാലേ നന്നാവൂ...'' മാതൃഭൂമി ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ ലോഹിതദാസ് രണ്ടു വര്‍ഷം മുമ്പ് പറഞ്ഞു.



MathrubhumiMatrimonial