
ഗീതാദര്‍ശനം - 528
Posted on: 23 Jun 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
ഇല്ലാത്ത പ്രതിച്ഛായ തനിക്കുണ്ടെന്ന നാട്യവും വിശ്വാസവും (മാനം) ഉപേക്ഷിക്കണം. തന്റെ സുഖത്തിനു മാത്രമായുള്ള മോഹവും കൈവിടണം. ഇതില്‍ ഏതെങ്കിലുമൊന്നുള്ളപ്പോള്‍ അസംഗം എന്ന ആയുധം ഉപയോഗിക്കാന്‍ കഴിയില്ല, വഴങ്ങില്ല.
സുഖാനുഭവങ്ങളെ ധ്യാനിക്കുന്നതുകൊണ്ടുണ്ടാകുന്ന കെട്ടുപാടാണ് സംഗം. ഇന്ദ്രിയസുഖങ്ങളേക്കാള്‍ കൂടുതലായി, അവയെപ്പറ്റിയുള്ള സങ്കല്പമാണ് ഇതുണ്ടാകാന്‍ ഹേതു. സംഗത്തില്‍നിന്ന് കാമമുണ്ടാകും. കാമവിഘ്‌നത്തില്‍നിന്ന് കോപം ജനിക്കും. കോപത്താല്‍ സമ്മോഹം ഭവിക്കും. തുടര്‍ന്ന് സ്മൃതിഭ്രംശവും ബുദ്ധിനാശവും വരും.
പരമാത്മസാരൂപ്യമെന്ന ലക്ഷ്യം എപ്പോഴും ഓര്‍മിക്കാം. നട്ട തൈ ഇളകാതെ സദാ കാത്താലല്ലേ വേരു പിടിക്കൂ? അടിയുറച്ച ലക്ഷ്യബോധം ഇടമുറിയാത്ത ശാന്തി തരും. പിന്നെപ്പിന്നെ അതായിത്തീരും പതിവുശീലം. മാനമോഹങ്ങളും സംഗവും തീണ്ടാതിരിക്കാനുള്ള വഴിയാണ് പരമാത്മസ്വരൂപത്തെക്കുറിച്ചുള്ള ഓര്‍മ.
നിറവേറിയാല്‍ കൂടുതല്‍ കാമവും നിറവേറിയില്ലെങ്കില്‍ കോപവുമാണ് ധര്‍മവിരുദ്ധമായ കാമത്തിന്റെ ഫലം. രണ്ടും മനശ്ശാന്തിയുടെ ആണിവേരറുക്കുന്നു.
വൈരുധ്യാത്മകമായ പ്രകൃതി ദ്വന്ദ്വാധിഷ്ഠിതമാണ്. ഒന്നുണ്ടെങ്കില്‍ അതിന്റെ ദ്വന്ദ്വവുമുണ്ട് എന്നതാണ് പ്രകൃതിയുടെ സ്വഭാവം. എല്ലാ ക്രിയയ്ക്കും തുല്യവും പ്രതികൂലവുമായ പ്രതിക്രിയ ഉണ്ടാകുന്നു. സമഭാവനയേ രക്ഷയുള്ളൂ. ഏകീകൃതമായ ബലത്തിന് ധ്രുവങ്ങള്‍ ഇല്ല. ധ്രുവങ്ങള്‍ ഇല്ലാത്തതിനാല്‍ ബലക്ഷേത്രങ്ങളും ഇല്ല. അലയിളകാത്ത തടാകത്തിന് സമാനമാണത്. സുഖദുഃഖദ്വന്ദ്വങ്ങളില്‍നിന്ന് മനസ്സ് മാറി നിന്നാലേ ഈ അവസ്ഥ കൈവരൂ.
കഴിവുകേടുകൊണ്ടോ താത്പര്യക്കുറവുകൊണ്ടോ രണ്ടും ഒരുമിച്ചുള്ളതുകൊണ്ടോ സംഭവിക്കുന്ന അറിവില്ലായ്മയാണ് മൂഢത്വം. മൃഗങ്ങളുടെ മൗഢ്യം കഴിവുകേടാലാണ്. മനോവൈകല്യമില്ലാത്ത ആര്‍ക്കും പ്രയത്‌നംകൊണ്ട് നീക്കാവുന്ന ദോഷമാണ് മൗഢ്യം. അതു ചെയ്തില്ലെങ്കില്‍ താന്‍ ആരാണ്, ഈ പ്രപഞ്ചം എങ്ങനെയാണ്, ജീവിതം എന്തിനുള്ളതാണ് എന്നിത്യാദികളിലൊന്നും വെളിവില്ലാതെ വരും. ഭൗതികജീവിതംതന്നെ കുളമാവും. രക്ഷ കിട്ടാത്ത അവസ്ഥയാണത്.
(തുടരും)
