goodnews head

ഇല്ലായ്മകള്‍ക്കിടയില്‍ തിളക്കമാര്‍ന്ന ജയവുമായി കണ്ണന്‍

Posted on: 16 May 2008


ആലപ്പുഴ: സ്വയംതൊഴിലെടുത്ത് കുടുംബം പുലര്‍ത്തി, തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് കണ്ണന്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രക്കുളത്തിന്റെ കരയില്‍ കണ്ണനും അമ്മയും സഹോദരനും സഹോദരിയും താമസിക്കുന്നതും തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിക്കുന്നതും കഴിഞ്ഞ ജനവരി 25ന് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആലപ്പുഴ ടിഡിഎച്ച്എസിലെ അധ്യാപകരുടെ അരുമയായ കണ്ണനെ ഏറെ കുഴയ്ക്കുന്ന വിഷയം ഗണിതമാണെന്ന് അധ്യാപകര്‍ക്കറിയാമായിരുന്നു. പക്ഷേ അതിനവന്‍ സി-ഗ്രേഡ് നേടിയപ്പോള്‍ ഇംഗ്ലീഷിനു ഡി പ്ലസ് കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഒരു എ-ഗ്രേഡും രണ്ട് ബിഗ്രേഡും ഒരു ബിപ്ലസും മൂന്ന് സിപ്ലസ്സും രണ്ട് സിഗ്രേഡും ഒരു ഡിപ്ലസും അടങ്ങുന്നതാണ് കണ്ണന്റെ വിജയം.

ചെരുപ്പുകുത്തിയും ഹോട്ടലില്‍ തൊഴിലെടുത്തും സാമ്പാദിക്കുന്ന പണം കൊണ്ട് കുടുംബം പുലര്‍ത്തിയും തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിക്കുകയും ചെയ്യുന്ന കണ്ണന്റെ വാര്‍ത്ത അറിഞ്ഞ് ഒട്ടേറെപ്പേര്‍ സഹായവുമായി എത്തിയെങ്കിലും സ്വന്തമായൊരു വീട് ഇപ്പോഴും കണ്ണനും കുടുംബത്തിനുമായില്ല. അനുജന്‍ വിഷ്ണു 9ലേക്കും അനുജത്തി ശ്യാമിലി 8ലേക്കും ജയിച്ചു. ''ഇനി പ്ലസ്ടുവിനു പഠിക്കണം...'' കണ്ണുകള്‍ തുടച്ച് കണ്ണന്‍ ആഗ്രഹം അറിയിച്ചു.

ആലപ്പുഴ നഗരസഭ കണ്ണനു വീടുനല്‍കുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇരവുകാട് വാര്‍ഡില്‍ 1,05,000 രൂപയ്ക്ക് കണ്ണന് വീടുവക്കാന്‍ സ്ഥലം വാങ്ങിയതായും വീടുവയ്ക്കാന്‍ 70,000 രൂപ നഗരസഭ നീക്കിവച്ചതായും ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ അറിയിച്ചു. ബുധനാഴ്ച എസ്എന്‍വി വായനശാലയില്‍ ജനകീയസമിതി കൂടി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

 

 




MathrubhumiMatrimonial