
ഗീതാദര്‍ശനം - 527
Posted on: 22 Jun 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
ഈ കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു വഴിയേ ഉള്ളൂ. ഈ വൃക്ഷത്തെ അസംഗമെന്ന ആയുധംകൊണ്ട് വെട്ടി ഒതുക്കുക. ഛേദിക്കുക എന്ന പദത്തിന് വേറെയാക്കുക എന്നുമുണ്ട് അര്‍ഥം. ജീവിതംകൊണ്ടുതന്നെ അതൊരുക്കുന്ന ബന്ധനങ്ങളില്‍നിന്ന് മോചനം നേടണം. ഉറപ്പുള്ള അസംഗംകൊണ്ട് അതു സാധിക്കാം.
സംസാരവൃക്ഷത്തെ അടിയോടെ വെട്ടിമാറ്റണം എന്നത് തെറ്റായി ധരിച്ചാല്‍ ജീവിതനിഷേധം എന്ന ആപത്തിലേക്ക് നയിക്കും. സ്വന്തം കഴുത്തറുത്ത് ദൈവത്തിനു നിവേദിക്കാന്‍ പറയുന്നപോലെ ആവും ഇത്. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും ഗീത മഹത്തായി കാണുകയും ('ഇന്ദ്രിയാണി പരാണ്യാഹുഃ .... ' - 3, 42) ജീവിതംകൊണ്ടുതന്നെ ജീവിതത്തെ ഉദ്ധരിക്കണം ('ഉദ്ധരേദാത്മനാത്മാനം .... ') എന്നു നിഷ്‌കര്‍ഷിക്കയും ചെയ്യുന്നു. അതിനാല്‍, ആത്മസാരൂപ്യത്തിനു വിലങ്ങായതിനെ അതിജീവിക്കണം എന്നാണ്, നിലനില്പിന്റെ തന്നെ ആണിക്കല്ലുകളായ അവയെയെല്ലാം വെട്ടിമാറ്റണം എന്നല്ല, ഗീതാമതം. എലിശല്യം നീക്കാന്‍ വേണ്ടത് ഇല്ലം ചുടുകയല്ല, ഇല്ലം വൃത്തിയാക്കി വെക്കുകയാണല്ലോ.
എങ്ങനെ ഇതു സാധിക്കാമെന്ന് ഇനി പറയുന്നു.
നിര്‍മാനമോഹാഃ ജിതസംഗദോഷാഃ
അധ്യാത്മനിത്യാഃ വിനിവൃത്തകാമാഃ
ദ്വന്ദൈ്വര്‍വിമുക്താഃ സുഖദുഃഖസംജ്ഞൈഃ
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത്
മാനവും മോഹവും അറ്റവരും സംഗം എന്ന ദോഷത്തെ കീഴടക്കിയവരും പരമാത്മസാരൂപ്യത്തില്‍ നിത്യനിഷ്ഠയുള്ളവരും കാമങ്ങളില്‍നിന്ന് (അത്യാഗ്രഹങ്ങളില്‍നിന്ന്) പിന്‍വാങ്ങിയവരും സുഖദുഃഖാദികളായ ദ്വന്ദ്വങ്ങളില്‍നിന്ന് മോചനം നേടിയവരും (ഇത്രയും ഒക്കെ സാധിച്ചതിനാല്‍) അമൂഢരും (ആയ സാധകന്മാര്‍) ആ അനശ്വരപദം പ്രാപിക്കുന്നു.
ഒരു ഭേദവും കൂടാതെ ഏവര്‍ക്കും ഈ ജീവിതത്തില്‍ത്തന്നെ അമൃതം രുചിക്കാന്‍ വഴി കാണിക്കുന്ന കൈപ്പുസ്തകമാണ് ഗീത. അല്ലാതെ, കുറെ ആശയങ്ങള്‍ അവതരിപ്പിക്കുക മാത്രം ചെയ്യുന്ന ശുഷ്‌കമായ വിചാരസമാഹാരമല്ല. ഗീത സഫലമാകുന്നത് അതു ചൂണ്ടിക്കാണിക്കുന്ന ലക്ഷ്യം നാം പ്രാപിക്കുമ്പോഴാണ്. അതിനാല്‍ ലക്ഷ്യത്തെക്കുറിച്ച് എന്നപോലെ മാര്‍ഗത്തെ പ്പറ്റിയും സുവ്യക്തമായ നിബോധനങ്ങള്‍ കാണാം. ഈ പദ്യത്തില്‍ പറയുന്ന അഞ്ചു കാര്യങ്ങള്‍ മനസ്സിനെ സമനിലയില്‍ നിര്‍ത്താനുള്ള പരിശീലനവും നിബന്ധനകളുമാണ്. മനസ്സ് ആ നിലയിലായിക്കിട്ടിയാല്‍ എങ്ങെത്താമെന്നു നിശ്ചയം.
(തുടരും)
