githadharsanam

ഗീതാദര്‍ശനം - 525

Posted on: 20 Jun 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമയോഗം


(സത്വരജസ്തമോ)ഗുണങ്ങളാല്‍ പോഷിപ്പിക്കപ്പെട്ടവയും (ഇന്ദ്രിയ)വിഷയങ്ങളെന്ന തളിരുകളോടുകൂടിയതുമായ ശാഖകള്‍ ചുവടേക്കും മേലോട്ടും പടര്‍ന്നിരിക്കുന്നു. കര്‍മബന്ധങ്ങളാകുന്ന വേരുകളാകട്ടെ, താഴെ മനുഷ്യലോകത്തില്‍ വ്യാപിച്ചുമിരിക്കുന്നു.

അക്ഷരമാധ്യമത്തിന്റെ സ്വഭാവമായ ത്രിഗുണങ്ങളാണ് ഈ മരത്തിന്റെ ശാഖോപശാഖകളുടെ പോഷകം. തഴച്ചു വളരുന്ന ആ കൊമ്പുകളില്‍ വിഷയങ്ങളെന്ന തളിരുകളുണ്ടാവുന്നു. ഈ തളിരുകളാണ് പിന്നീട് ഇലകളായും പുതിയ ഉപശാഖകളായും തീരുന്നത്. വിഷയാനുഭവങ്ങളില്‍നിന്നാണ് പ്രാപഞ്ചികമായ അറിവുണ്ടാകുന്നത്. ആധാരം ഈ അറിവായതിനാലാണ് വേദങ്ങള്‍ എന്ന ഇലകള്‍ക്ക് സ്ഥിരപ്രതിഷ്ഠ ഇല്ലാത്തത്. എന്നുമുണ്ടാകും, പക്ഷേ, ഇന്നലെ ഉള്ളതല്ല ഇന്ന്.

മേലോട്ടും താഴോട്ടും പടരുന്നു എന്നതാണ് ശാഖകളുടെ പ്രത്യേകത. അതായത്, ചിലത് പരമാത്മസാരൂപ്യത്തിലേക്കും നീളാം. അവയും അവയിലുണ്ടാകുന്ന തളിരുകളും ഗുണപ്രവൃദ്ധങ്ങള്‍തന്നെയാണുതാനും.

ശാഖോപശാഖകള്‍ മാത്രമല്ല ജടവേരുകളും താഴോട്ട് വ്യാപിക്കുന്നു. അരയാലിന്റെ കൊമ്പുകളില്‍നിന്ന് നാരുപോലെ നീണ്ട് താഴോട്ടു വരുന്ന വേരുകള്‍ (ഇവയ്ക്ക് വേടുകള്‍ എന്നും പറയാറുണ്ട്), ഇവ ഭൂമിയലിറങ്ങി മരത്തിനു താങ്ങായിത്തീരും. കര്‍മങ്ങളില്‍ മനുഷ്യനെ ബന്ധിപ്പിക്കുന്ന വാസനകളെയാണ് ഇപ്പറയുന്നത്. ഏതു ശാഖയില്‍നിന്നാണോ വേടിറങ്ങി ഉറയ്ക്കുന്നത് ആ ശാഖയുടെ വളര്‍ച്ചയും തഴപ്പും ഈ പുതുവേരിനെക്കൂടി ആശ്രയിച്ചാവും. ആ വേട് ആ ശാഖയ്ക്ക് പിന്നീട് അധികബലമായും തീരുന്നു.

പ്രപഞ്ചത്തിലെ ചെറുതോ വലുതോ ആയ ഏതു ക്ഷേത്ര(ശരീര)ത്തെയും പ്രതിനിധീകരിക്കാന്‍ കഴിവുണ്ടെന്നതാണ് ഈ രൂപകത്തിന്റെ ചാരുത. സമവസ്ഥിതവും ശുദ്ധവുമായ നിര്‍ഗുണപരമാത്മാവ് തന്റെ അവ്യക്തമാധ്യമത്തില്‍ സ്വയം സ്​പന്ദബീജമാവുകയും ഗുണവൃദ്ധിയിലൂടെ ചരാചരങ്ങളായി ഭവിക്കുകയും ചെയ്യുന്നു. ചരാചരപ്രപഞ്ചം നിത്യപരിണാമിയെങ്കിലും ആ പരിണാമത്തിന്റെ അനുസ്യൂതിയാല്‍ സ്ഥിരതയുടെ പ്രതീതി ഉളവാക്കുന്നു. അക്ഷരം എന്ന മാധ്യമം അപ്പുറം കാണാന്‍ അനുവദിക്കാത്ത മറവായതിനാല്‍ പരംപൊരുളെന്ന നാരായവേര് ദൃശ്യമല്ല. തളിര്‍ത്തും മൂത്തും പഴുത്തും കൊഴിയുന്ന ഇലകളായി താത്കാലികങ്ങളായ അറിവുകള്‍ പരിലസിക്കുന്നു.

(തുടരും)



MathrubhumiMatrimonial