
ഗീതാദര്‍ശനം - 524
Posted on: 18 Jun 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
സാധാരണമായി വൃക്ഷത്തിന്റെ വേരുകള്‍ മണ്ണിനടിയിലും ബാക്കിയൊക്കെ പുറത്തുമാണെങ്കില്‍ ഇവിടെ നേരേ തിരിച്ചാണ്.
മണ്ണാണ് വേരുകളെ ഉറപ്പിച്ചു നിര്‍ത്തുന്നതും പരിപാലിക്കുന്നതും കാഴ്ചയില്‍നിന്ന് മറയ്ക്കുന്നതും. ജഗത്തെന്ന വൃക്ഷത്തിന്റെ കാര്യത്തില്‍ മണ്ണിനു പകരം പ്രകൃതി അഥവാ അവ്യക്തമാധ്യമമാണ്. അതില്‍ വീഴുന്ന പരംപൊരുളിന്റെ വിത്തു മുളച്ചാണ് ജഗത്തുണ്ടാകുന്നത്. പരാപ്രകൃതിയുടെ മറുപുറത്തേക്കാണ് തടിയും കൊമ്പും ഇലയുമൊക്കെ. ദൃശ്യമായത് ഇതൊക്കെയാണ്. എങ്കില്‍പ്പിന്നെ അതു മുകളിലേക്കാണ് എന്നു പറയരുതോ?
അങ്ങനെയല്ല പറയാറ്. പറിച്ചെടുത്ത് തല കുത്തനെ നിര്‍ത്തിയാലേ മരത്തിന്റെ തനിരൂപം കാണൂ! അല്ലെങ്കില്‍ നാം തല കുത്തി നിന്ന് മണ്ണിന്നടിയിലേക്കു കാണണം! അതായത്, മനസ്സിനെ ഇന്ദ്രിയങ്ങള്‍ക്കു വിധേയമാക്കിയതില്‍പ്പിന്നെ ആ മനസ്സിനു ബുദ്ധിയെയും ആ ബുദ്ധിക്ക് ജീവനെയും അടിമപ്പെടുത്തി നില്‍ക്കുന്നതിനു പകരം നേരേ എതിര്‍ദിശയില്‍ നിയന്ത്രണശൃംഖല നടപ്പാക്കി 'നേരേ നിന്നു' നോക്കിക്കണ്ട് അറിവില്ലായ്മ നീക്കണം!
വേദങ്ങള്‍ (അറിവുകള്‍) ഈ വൃക്ഷത്തിന്റെ ഇലകളാണ്. അവ നിരന്തരം പൊഴിയുകയും പുതുതായി ഉണ്ടാവുകയും ചെയ്യുന്നു. ഇലകളെ മാത്രം അറിഞ്ഞതുകൊണ്ടായില്ല. ഈ മഹാവൃക്ഷത്തെ അടിമുടി ആരറിയുന്നുവോ അവനാണ് ജ്ഞാനി അഥവാ തത്ത്വദര്‍ശി. അഥവാ, ആ അറിവുതന്നെയാണ് പുരുഷോത്തമസ്വരൂപം.
അധശ്ചോര്‍ധ്വം പ്രസൃതാസ്തസ്യ ശാഖാഃ
ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ
അധശ്ചമൂലാന്യനുസംതതാനി
കര്‍മാനുബന്ധീനി മനുഷ്യലോകേ
(തുടരും)
