githadharsanam

ഗീതാദര്‍ശനം - 523

Posted on: 17 Jun 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമയോഗം


മേലോട്ടു വേരുകളും താഴോട്ടു ശാഖകളുമുള്ള അരയാല്‍ നാശരഹിതമെന്ന് പറയപ്പെടുന്നു. അതിന്റെ ഇലകളാണ് വേദങ്ങള്‍. ആരാണോ അതിനെ (ആ വൃക്ഷത്തെ) അറിയുന്നത് അവനാണ് വേദജ്ഞന്‍.

അശ്വത്ഥം എന്നാല്‍ 'നശ്വഃ അപി സ്ഥിതാ ഇതി' (നാളേക്കുപോലും നിലനില്‍ക്കാത്തത്.) നൂറ്റാണ്ടുകള്‍ ജീവിക്കുന്നതും മറ്റു മരങ്ങളെ അപേക്ഷിച്ച് ദീര്‍ഘായുസ്സുമായ അരയാലെങ്ങനെ നാളത്തേക്കുപോലും നിലനില്പില്ലാത്തതാകും? ഇന്നലെ കണ്ട പുഴയല്ല ഇന്നുള്ളതെന്ന അര്‍ഥത്തിലാണ് ഇങ്ങനെ പറയുന്നത്. ഒഴുക്കുള്ളതിനാല്‍ വെള്ളം മുഴുക്കെ മാറി. അതുപോലെ അരയാലിന്റെ ഇലകളും പഴങ്ങളും നിത്യേന പൊഴിയുന്നു. തളിരുകള്‍ പുതുതായി ഉണ്ടാകുന്നു. ശാഖകളിലെയും തായ്ത്തടിയിലെയും കോശങ്ങളും എന്നുമെപ്പോഴും നവീകരിക്കപ്പെടുന്നു.

പക്ഷേ, താന്‍ എന്നുമെന്നും അതേപടി ഉണ്ടെന്ന തോന്നല്‍ അരയാല്‍ ഉളവാക്കുന്നു. ഒരു പുരുഷായുസ്സില്‍ അതിന്റെ ആദ്യന്തങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കയുമില്ല. അതിനാല്‍ ഇതിനെ ചിരഞ്ജീവിയായി പറയാവുന്നതാണ്. (ഇവിടെ 'അവ്യയ'പദത്തിന് ഉപമാനത്തിന്റെ കാര്യത്തില്‍ അക്ഷരാര്‍ഥമില്ല.)

ഉപമേയം ജഗത്താണ്. അനുക്ഷണം പരിണമിക്കുന്ന ക്ഷരപ്രപഞ്ചംപോലും സ്ഥലകാലാവിര്‍ഭാവത്തോടെ പിറന്ന് പ്രലയകാലംവരെ ആയുസ്സുള്ളതാകയാല്‍ അത്രത്തോളം നാശരഹിതമാണ്. മാറ്റങ്ങളുടെ അനുസ്യൂതിയാല്‍ നിത്യതയുടെ പ്രതീതി ഉളവാകുന്നു. നമ്മുടെ ദൈനംദിനജീവിതത്തില്‍ നാം ഓരോ കാര്യവും നിശ്ചയിക്കുന്നതും ചെയ്യുന്നതും ജീവിതത്തിനു നൈരന്തര്യമുണ്ടെന്ന ഉറപ്പിന്മേലാണല്ലോ. അടുത്ത മഹാസ്​പന്ദത്തില്‍ ആവര്‍ത്തിക്കാനായി പ്രലയകാലത്തും ബീജാവസ്ഥയില്‍ നിലനില്‍ക്കുന്ന ഹിരണ്യഗര്‍ഭന് ഇതേ രീതിയില്‍ അനശ്വരതയുണ്ട്. അക്ഷരവും അക്ഷരാതീതവും സ്വഭാവേന അനാദിയാണുതാനും. അങ്ങനെ, ജഗത്തെന്ന ഉപമേയത്തിന് ഏറ്റവും നന്നായി ഇണങ്ങുന്ന ഉപമാനമാണ് അരയാല്‍.
(തുടരും)



MathrubhumiMatrimonial