githadharsanam

ഗീതാദര്‍ശനം - 518

Posted on: 11 Jun 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


ഗുണാതീതത്വം സാധിക്കാന്‍ ഗുണങ്ങളെത്തന്നെ ഉപകരണങ്ങളാക്കേണ്ടതുണ്ട്. വെള്ളത്തില്‍നിന്ന് നീന്തിക്കയറാന്‍ വെള്ളത്തെ മാത്രമേ ആശ്രയിക്കാനുള്ളുവല്ലോ. ഗുണാതീതന്‍ എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ശീലിക്കേണ്ടുന്ന ജീവിതചര്യകള്‍ ഭക്തിയോഗം എന്ന അധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്. ഗുണാതീതന്റെ ലക്ഷണങ്ങളായി പറഞ്ഞതെല്ലാം ആ ലക്ഷ്യത്തില്‍ എത്താന്‍ പ്രയത്‌നിക്കുന്നവന്റെ ചര്യകളുമാണ്. അങ്ങെത്തുവോളം ഇവയൊക്കെ അഭ്യാസമുറകള്‍, എത്തിക്കഴിഞ്ഞാല്‍ സ്വാഭാവികചേഷ്ടകള്‍.

സ്ഥിതപ്രജ്ഞന്റെയും യോഗിയുടെയും ഭക്തന്റെയും ഒക്കെ ലക്ഷണങ്ങള്‍ പറയുന്നേടങ്ങളിലും ഇതേ രീതിയാണ് ഗീത അവലംബിക്കുന്നത്. മാര്‍ഗവും ലക്ഷ്യവും രണ്ടല്ല. ലക്ഷ്യത്തിലെത്തിയൊ എന്ന് അവനവനു മാത്രമേ അറിയാനാവുകയുള്ളൂ. എത്തിയാലും ഇല്ലെന്നാലും അത് മറ്റുള്ളവരെ അറിയിക്കാന്‍, ഈ കാര്യത്തിനായി പ്രയത്‌നിക്കുന്നവര്‍ക്ക് താത്പര്യമുണ്ടാവില്ല. എത്തിയവരെ ലോകം സാധാരണഗതിയില്‍ വേറിട്ടറിയാനിടയില്ല. കാരണം, ആചാരാനുഷ്ഠാനങ്ങളോടോ, ആര്‍ക്കാനും വേണ്ടി കാണിച്ചുകൂട്ടുന്ന ഭക്തിയോടോ, സൂചകങ്ങളായ വേഷഭൂഷാദികളോടോ അവര്‍ക്ക് ആഭിമുഖ്യമുണ്ടാവില്ല. അവരെ തിരിച്ചറിയാന്‍ അധ്യാത്മവിദ്യയില്‍ അഭിനിവേശമുള്ളവര്‍ക്കേ കഴിയൂ.

മാം ച യോശവ്യഭിചാരേണ
ഭക്തിയോഗേന സേവതേ
സ ഗുണാന്‍ സമതീതൈ്യതാന്‍
ബ്രഹ്മഭൂയായ കല്പതേ

(പരമാത്മാവായ) എന്നെ, ഒരിക്കലും പതറാത്ത ഭക്തിയോഗത്തിലൂടെ ആരാണോ ഭജിക്കുന്നത് അയാള്‍ (സത്വം, രജസ്സ്, തമസ്സ് എന്ന) ഈ ഗുണങ്ങളെ മറികടന്ന് ബ്രഹ്മസാക്ഷാതകാരത്തിന് യോഗ്യനായിത്തീരുന്നു.വഴിവിട്ട് അനര്‍ഹമായ വസ്തുവില്‍ പോയി ചേരുന്നതിനെ വ്യഭിചാരമെന്നു പറയുന്നു. പിഴച്ച വഴി പോയാല്‍ എത്തിച്ചേരുക അനഭിലഷണീയങ്ങളായ ഇടങ്ങളിലായിരിക്കും. ഗുണങ്ങളില്‍ വാഴ്‌കെ, ഗുണകര്‍മങ്ങളെത്തന്നെ ആശ്രയിച്ച് ഗുണാതീതത്വത്തിലെത്താന്‍ മുഖ്യമായി വേണ്ടത് ഗുണങ്ങളോടുള്ള ആഭിമുഖ്യം അവസാനിപ്പിച്ച് പരമാത്മാവില്‍ ശ്രദ്ധ കേന്ദ്രീകരിക്കയാണ്. പതറാതെ ചേര്‍ന്നിരിക്കകൊണ്ടുള്ള ഏകത്വഭാവമാണ് ഭക്തി. ജ്ഞാനേശ്വര്‍ മഹാരാജ് പറയുന്നു, ''മനസ്സ് എന്നില്‍നിന്നും അല്പംപോലും വ്യതിചലിക്കാതെ ആരാണോ ഭക്തിയുടെ വഴിയില്‍ ചരിക്കുന്നത്, അവന്‍ നിശ്ചയമായും ഗുണാതീതനായി ഭവിക്കും.''

(തുടരും)







MathrubhumiMatrimonial