
ഗീതാദര്‍ശനം - 517
Posted on: 09 Jun 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
ഈ പന്തായിത്തന്നെയാണ് ഗുണാതീതനും കഴിയുന്നതെന്നാലും അദ്ദേഹം സ്വസ്ഥനാണ്, ധീരനുമാണ്. അതിനാല്‍, തനിക്കു കിട്ടുന്നത് അടിയായാലും തലോടലായാലും എന്നുമെപ്പോഴും ശാന്തനാണ്. മറ്റുള്ളവരോ, ഗുണങ്ങളുടെ ധര്‍മങ്ങള്‍ അവരുടേതാണെന്നു കരുതി അശാന്തരും ഭീരുക്കളുമായി ചവിട്ടും കുത്തുമേറ്റും ഉരുണ്ടുപിരണ്ടു കരഞ്ഞും ജന്മം കഴിച്ചുകൂട്ടുന്നു. സ്വന്തം ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈശ്വരനെക്കുറിച്ച് ഓര്‍ക്കാന്‍ നേരം കിട്ടുന്നില്ല.
മാനാപമാനയോസ്തുല്യഃ
തുല്യോ മിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ
ഗുണാതീതഃ സ ഉച്യതേ
മാനത്തെയും അപമാനത്തെയും തുല്യമായി കരുതി, ശത്രുമിത്രപക്ഷങ്ങളെ ഒരുപോലെ കണ്ട്, കര്‍മങ്ങളൊന്നും സ്വാര്‍ഥോദ്ദേശ്യത്തോടെ തുടങ്ങാതെ ഇരിക്കുന്നവന്‍ ഗുണാതീതന്‍ എന്നു പറയപ്പെടുന്നു.
പ്രത്യേകമായ ഒരു 'ഞാന്‍' ഉള്ളപ്പോഴാണല്ലോ മാനാപമാനങ്ങള്‍ വ്യവച്ഛേദിച്ചറിയുന്നത്. ആത്മസ്വരൂപത്തില്‍ ലയിച്ചവന് എല്ലാമെല്ലാം 'ഞാന്‍' ആയിത്തീരുന്നു. ഞാനെന്ന ഭാവം പോയി അഖിലം ഞാനെന്ന ഭാവം കൈവരണമെന്ന ഹരിനാമകീര്‍ത്തനപ്രാര്‍ഥന ഓര്‍ക്കുക. തന്റേത് എന്നു കരുതപ്പെടുന്ന ഒരു പ്രതിച്ഛായ ഇല്ലെങ്കില്‍ പിന്നെന്ത് മാനം, അപമാനം? പുഴുത്ത പുണ്ണുള്ള അനാഥരായ മഹാരോഗികളെ ശുശ്രൂഷിക്കുന്നത് മദര്‍ തെരേസയ്ക്കും കക്കൂസുകള്‍ കഴുകുന്നത് മഹാത്മാഗാന്ധിക്കും അപമാനമല്ല ആയത്.
ശത്രുവും മിത്രവും തമ്മില്‍ വ്യത്യാസമില്ലാതാകുന്നതും ഇക്കണക്കിനു തന്നെ. സ്വന്തമായി ഒരു പക്ഷമുണ്ടെങ്കിലേ ശത്രുമിത്രപക്ഷങ്ങള്‍ ഉള്ളൂ. ശത്രു മിത്രമായും മറിച്ചും വന്നു ഭവിക്കുമ്പോഴത്തെ ആശയക്കുഴപ്പവും അപ്പോഴേ ഉള്ളൂ. ന്യായാധിപന്‍ എത്ര വലിയ കുറ്റവാളിക്കും ശിക്ഷ വിധിക്കുന്നത് അയാളോടുള്ള വിദ്വേഷംകൊണ്ടല്ല, അയാള്‍ ചെയ്ത കുറ്റത്തെ മാത്രം വിലയിരുത്തിയാണ്.
സര്‍വാരംഭപരിത്യാഗി എന്നാല്‍ കുഴിമടിയനല്ല, അശ്രാന്തപരിശ്രമിയാണ്. തന്‍കാര്യം എന്ന നിലയിലല്ല ഒന്നും തുടങ്ങുന്നതെന്നു മാത്രം. തനിക്ക് നേട്ടങ്ങളോ കോട്ടങ്ങളോ ഉണ്ടാകാമെന്നു കരുതാത്തവന് ലാഭമോ നഷ്ടമോ നിയാമകമല്ലല്ലൊ. തികഞ്ഞ പ്രവര്‍ത്തനസ്വാതന്ത്ര്യം ഫലം.
(തുടരും)
