
ഗീതാദര്‍ശനം - 512
Posted on: 03 Jun 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
ഗുണങ്ങള്‍ക്കടിസ്ഥാനവും പ്രപഞ്ചവ്യാപിയുമായ ആത്യന്തികസത്തയാണ് ശരീരത്തിന് ആധാരം. അതിന്റെ ആവിഷ്‌കാരമായ അക്ഷരപ്രകൃതിയില്‍, സര്‍വസ്ഥിതമായ അതിന്റെതന്നെ ബീജോര്‍ജത്തെ അവലംബിച്ചാണ്, എല്ലാ സ്പന്ദങ്ങളും മിടിക്കുന്നത്. ആ സത്തയാണ് കാരണശരീരം. സ്ഥൂലശരീരത്തിന്റെ കൂടെ രൂപനിര്‍മാണക്ഷേത്രമെന്ന സൂക്ഷ്മശരീരത്തെയും ആത്യന്തിക സത്തയായ കാരണശരീരത്തെയും കണക്കിലെടുക്കാന്‍ മതിയായ അറിവ് അനുഭവമാകുമ്പോള്‍ ഗുണബന്ധനം അവസാനിക്കുന്നു.
ശാശ്വതമായ ആനന്ദം എന്നതാണ് അമൃതം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. ഗുണബന്ധിതമായ ശരീരത്തിന്റെ ആനന്ദങ്ങള്‍ താത്കാലികങ്ങളാണ്. മാത്രമല്ല, ദുഃഖങ്ങളുടെ അഭാവത്തെയാണ് സുഖമെന്ന് പലരും സാമാന്യമായി വിളിക്കാറ്. ഉറങ്ങുമ്പോള്‍ ഇല്ലെന്നാലും ഉറക്കമുണരുമ്പോള്‍ രോഗമൊ ദാരിദ്ര്യമൊ ഒക്കെ തിരികെ വരുന്നപോലെ സുഖത്തിനു പിന്നാലെ അവര്‍ക്ക് ദുഃഖങ്ങള്‍ മടങ്ങിയെത്തുന്നു.
ആകട്ടെ, ദുഃഖങ്ങളിലേക്ക് ഒരിക്കലും തിരികെ ചെല്ലേണ്ടതില്ലാത്ത സുഖമുണ്ടൊ? ഉണ്ട്. അതാണ് അമൃതം (നിത്യാനന്ദാവസ്ഥ). എങ്ങനെ അത് നേടാം? ഗുണങ്ങളുടെ ബന്ധനത്തില്‍നിന്ന് മോചനം കിട്ടിയാല്‍ മാത്രം മതി. ആ മോചനത്തിന്റെ വഴി ഏത്? ജീവിതത്തിലെ ദ്വന്ദ്വാനുഭവങ്ങള്‍ക്കെല്ലാം ആസ്പദവും അതേസമയം, അതീതവുമായ സമാവസ്ഥ ജീവനില്‍ നിത്യബോധമാവണം. അത് ആനന്ദസ്വരൂപത്തിന്റെ ശ്രീകോവിലിലേക്കുള്ള വാതിലാണ്.
ഈ ബോധത്തിലേക്ക് തിരിയാനുള്ള എല്ലാ ഉപാധികളും ചോദനകളും പ്രേരണകളും മനുഷ്യന്റെ വരുതിയിലും പരിസ്ഥിതിയിലും ഉണ്ട്. ജീവപരിണാമം എന്ന മഹാത്ഭുതത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇത് വ്യക്തമാകും. അപൂര്‍വമായ പ്രതിഭയുടെ ഉദയവും വളര്‍ച്ചയും മനുഷ്യനില്‍ സംഭവിച്ചിരിക്കുന്നു.
അതോടൊപ്പംതന്നെ, നിലനില്പിനായുള്ള കര്‍മങ്ങളിലൂടെ മനുഷ്യന്‍ ചരാചരസമൂഹവുമായി പരസ്പരാശ്രിതത്വത്തിലാണ്. വിശ്വമെന്ന മനോഹരമായ പരവതാനിയില്‍ ഇഴ ചേര്‍ന്നു കാണപ്പെടുന്നവയില്‍ ഒന്നുംതന്നെ മറ്റൊന്നിനും ആവശ്യമില്ലാത്തതല്ല. എന്നു വെച്ചാല്‍, ഭൗതികപ്രപഞ്ചത്തെ മൊത്തമായി കീഴടക്കി മഹാസങ്കടങ്ങളുടെ സാമ്രാജ്യാതിര്‍ത്തികള്‍ വികസിപ്പിക്കലല്ല, സ്വാഭാവികമായ പ്രാപഞ്ചികസങ്കടങ്ങള്‍ക്ക് പുരുഷോത്തമസാരൂപ്യത്തിലൂടെ ശാശ്വതമായ പരിഹാരം കാണുക എന്നതാണ് മനുഷ്യനില്‍ നിഗൂഢമായുള്ള നിയോഗം.
(തുടരും)
