githadharsanam

ഗീതാദര്‍ശനം - 509

Posted on: 30 May 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


ഊര്‍ധ്വം ഗച്ഛന്തി സത്വസ്ഥാഃ
മധ്യേ തിഷുന്തി രാജസാഃ
ജഘന്യഗുണവൃത്തിസ്ഥാഃ
അധോ ഗച്ഛന്തി താമസാഃ

സത്വഗുണസമ്പന്നന്മാര്‍ മേലോട്ടു പോകുന്നു. രജോഗുണപ്രധാനികള്‍ ഇടനിലയില്‍ തങ്ങുന്നു. നികൃഷ്ടമായ ഗുണവൃത്തിയില്‍ സ്ഥിതി ചെയ്യുന്ന താമസന്മാര്‍ കീഴോട്ടു പോകുന്നു.
('ജഘന്യഗുണവൃത്തസ്ഥാഃ' എന്ന് പാഠഭേദം. ആചാര്യസ്വാമികളുടെ ഭാഷ്യത്തിലും 'വൃത്തസ്ഥാഃ' എന്നാണ് പാഠം. അപ്പോള്‍, 'തമോഗുണവൃത്തിയില്‍' എന്നത് 'തമോഗുഗണവൃത്തത്തില്‍' എന്നാവും. പറയത്തക്ക അര്‍ഥഭേദം വരുന്നില്ല.)
ഇവിടെ 'മേലോട്ട്', 'താഴോട്ട്', 'നടുവില്‍' എന്നെല്ലാം പറയുന്നത് ജീവപരിണാമത്തിന്റെ പുരോഗതിയെ അടിസ്ഥാനപ്പെടുത്തിയാണെന്നു വ്യക്തമാണ്. പാഴ്ശിലയുടെ വാഴ്‌വ് ഈ അളവുകോലില്‍ പൂജ്യം സ്ഥാനത്തു നില്‍ക്കുന്നു. സസ്യജീവന്‍ അടുത്ത പടി. അതില്‍ ബോധം പ്രകാശിക്കാന്‍ തുടങ്ങുന്നു. പരിണാമശ്രേണികളില്‍ ബോധത്തിന്റെ വികാസം തുടരുന്നു. മൃഗങ്ങളില്‍ വ്യക്തത കൈവരിക്കുന്നു. മനുഷ്യനിലാണ് ഇതേവരെയുള്ളതില്‍ ഏറ്റവും വികസിതമായ ബുദ്ധിയുള്ളത്. ജീവികളില്‍ പ്രതിഭയുള്ളത് മനുഷ്യനാണ്. വിവേകവും മനുഷ്യനേ സാധ്യമാകൂ. വിവേകമാണ് പരാവിദ്യ വശമാക്കാനുള്ള ഉപാധി. ഇതരജീവികള്‍ക്ക് നിലനില്പിനാവശ്യമായ അപരാവിദ്യകള്‍ ജന്മസിദ്ധമാണെന്നാലും, ജന്‍മസിദ്ധമായ ആ വിദ്യകള്‍ക്കപ്പുറത്ത് നന്നേ കുറച്ചേ, എത്ര ശ്രമപ്പെട്ടാലും, വശമാക്കാനാവൂ. ജന്മസിദ്ധമായ അപരാവിദ്യകളൊന്നും കൂടാതെ പിറക്കുന്ന മനുഷ്യന് പക്ഷേ, ഇത്തരം ഏത് വിദ്യയും വശമാക്കാന്‍ കഴിയും. വാസനാവ്യത്യാസംകൊണ്ടുള്ള മികവിലേ മാറ്റം വരൂ. മാത്രമല്ല, തന്നെക്കുറിച്ച് തന്നിലൂടെത്തന്നെ അറിയാന്‍ ശേഷിയുള്ള, അതായത് പരാവിദ്യ വശമാക്കാന്‍ കഴിവുള്ള, ഏക ജീവി മനുഷ്യനാണ്.
എല്ലാ ഗുണങ്ങളും എല്ലാ ജീവികളിലുമുണ്ട്, മനുഷ്യനിലുമുണ്ട്. പക്ഷേ, ഈ ഗുണങ്ങളെ തിരിച്ചറിയാനും സത്വഗുണത്തെ വികസ്വരമാക്കാനും മനുഷ്യന് കഴിയും, മനുഷ്യനേ കഴിയൂ. ഈ പരിശ്രമംകൊണ്ട് ബോധപൂര്‍വം പരിണാമത്തിന്റെ പടികള്‍ കയറാം, മുകളിലേക്കു പോകാം. ശ്രമിച്ചാല്‍ പുരുഷോത്തമസാരൂപ്യം വരെ ഉയരാം. അതാണ് പരമശുദ്ധവും പരമസ്വതന്ത്രവും പരമാനന്ദപൂര്‍ണവുമായ അമൃതാവസ്ഥ. ശ്രമിച്ചില്ലെങ്കില്‍ നിന്നേടത്തു നില്‍ക്കാം. അതുപോലും കഴിയാതെ തമസ്സിലേക്കു കൂടുതല്‍ തെന്നിയാല്‍ താഴെയുള്ള പ്രാകൃതവിതാനങ്ങളിലേക്ക് വീഴാം.
(തുടരും)



MathrubhumiMatrimonial