
ഗീതാദര്‍ശനം - 507
Posted on: 26 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
പുണ്യകര്‍മങ്ങള്‍ ഹേതുവായി കിട്ടുന്ന സത്വഗുണാഭിവൃദ്ധിയിലെ അനുഭവം കളങ്കമില്ലാത്തതാണെന്ന് സത്യദര്‍ശികള്‍ പറയുന്നു. രജോഗുണാഭിവൃദ്ധിയിലെ അനുഭവഫലമാകട്ടെ, ദുഃഖമായിരിക്കും. തമോഗുണാഭിവൃദ്ധിയിലെ അനുഭവഫലം അവിവേകമാകുന്നു.
യജ്ഞഭാവനയോടെയുള്ള കര്‍മമാണ് സല്‍ക്കര്‍മമെന്ന് കര്‍മയോഗമെന്ന അധ്യായത്തില്‍ വിശേഷിച്ചും മറ്റു പലേടങ്ങളില്‍ സാന്ദര്‍ഭികമായും പറഞ്ഞു. ആ സല്‍ക്കര്‍മത്തിന്റെ ഫലം കളങ്കരഹിതമായ സാത്വികഗുണമാണ്. അതായത്, സാത്വികഗുണം അഭിവൃദ്ധിപ്പെടാന്‍ ഒന്നേ വേണ്ടൂ: സല്‍ക്കര്‍മം ചെയ്യണം. സല്‍കര്‍മം ചെയ്തുകൊണ്ടിരുന്നാല്‍ വിവേകം താനേ ഉണര്‍ന്നുയരും. ആ കര്‍മം യാന്ത്രികമാണെങ്കില്‍പ്പോലും അത് മനോനിലയെ ക്രമേണ നിര്‍മലമാക്കും. സല്‍ക്കര്‍മഫലമാണ് ശരിയായ വഴി പോകാനാവശ്യമായ ഊര്‍ജം.
അലസാവസ്ഥയിലും ദുഷ്‌കര്‍മവേളയിലും മനസ്സ് വേണ്ടാതീനങ്ങളില്‍ വ്യാപരിക്കുന്നു. പക്ഷേ, കര്‍മേന്ദ്രിയങ്ങള്‍ നല്ലതു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മനസ്സിന് ചീത്ത സങ്കല്പിക്കാന്‍ പ്രയാസമാണ്, മനം നന്മയിലേക്കു വരും. അതായത്, പെരുമാറ്റം സ്വയം നിയന്ത്രിക്കുകയാണ് ആത്മോദ്ധാരണത്തിനുള്ള തുടക്കം. അതോടെ സമനില വീണ്ടെടുക്കാന്‍ കഴിയുന്നു. പിന്നെ വീഴ്ചയില്ല. അറിവിനും മുന്‍പേ കുട്ടികളില്‍ നടേണ്ടത് സൗശീല്യമാണെന്നു പറയുന്നത് ഇതിനാലാണ്. കര്‍മശുദ്ധിയാണ് ജീവിതവിജയത്തിന്റെ മര്‍മം.
ആഗ്രഹശതങ്ങളാല്‍ മനസ്സമാധാനമില്ലായ്മയാണ് രജോഗുണലക്ഷണം. അതിന് പരിഹാരമുണ്ടാക്കാന്‍ മിക്കപ്പോഴും കണ്ടുകിട്ടുന്ന വഴികളാകട്ടെ, ഉള്ള മനസ്സമാധാനവുംകൂടി നശിപ്പിക്കുന്നതുമാവും. നേടുക, നിലനിര്‍ത്തുക, വാങ്ങുക, വില്ക്കുക, തട്ടിപ്പറിക്കുക, സമ്പാദിക്കുക, ഒളിപ്പിച്ചു വെക്കുക, അവിഹിതങ്ങളായ സുഖഭോഗങ്ങളില്‍ ഏര്‍പ്പെടുക എന്നിങ്ങനെ നിരന്തരപ്രവര്‍ത്തനങ്ങളില്‍ മുഴുകും. അത്രയ്ക്കത്രയ്ക്ക് അശാന്തി പെരുകും. നീക്കിബാക്കി ദുഃഖം മാത്രമാവും.
പിഴവ്, മടി, ഉറക്കംതൂങ്ങല്‍ എന്നിവയാണ് തമോഗുണമുദ്രകള്‍. തിരിച്ചറിവോ ചെയ്തിയോ ശരിയാവില്ല. ശരിയാക്കാന്‍ ഉത്സാഹവുമുണ്ടാവില്ല. അറിയാനുള്ള കഴിവിന്റെ വല്ല അടിയും പൊടിയും ജന്മനാ ഉണ്ടെങ്കില്‍ അതും, ഇത്തരം വാഴ്‌വില്‍, അല്ലിചില്ലിയായിപ്പോവും.
(തുടരും)
