githadharsanam

ഗീതാദര്‍ശനം - 505

Posted on: 25 May 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


'അമലാന്‍' എന്നതിന് 'രജസ്തമോഗുണങ്ങളുടെ ദോഷം കുറവുള്ള' എന്നേ അര്‍ഥം ധരിക്കേണ്ടൂ. നന്നായി അറിയുന്നവരുടെ ലോകങ്ങളിലേക്ക് എന്നതിന്, 'സമാധാനവും സന്തോഷവും സ്വച്ഛതയും ഉള്ള, സായുജ്യത്തിന് കൂടുതല്‍ സാധ്യതകളുള്ള, ചുറ്റുപാടുകളിലേക്ക്' എന്നുമാണ് താത്പര്യം.

വാസനാക്ഷയത്തിലൂടെ സമാവസ്ഥയോട് കൂടുതല്‍ ആഭിമുഖ്യം നേടിയ രൂപനിര്‍മാണക്ഷേത്രങ്ങള്‍ക്ക് തനതവസ്ഥ നിലനിര്‍ത്താനും മെച്ചപ്പെടുത്താനുമുള്ള ശരീരസംവിധാനങ്ങള്‍ പ്രകൃതി തിരഞ്ഞും മെനഞ്ഞുമെടുക്കുന്നു. അതിനുതകുന്നതാണ് അവയിലെ വാസനാമുദ്രണം. പരിണാമത്താല്‍ സത്വം മുന്‍പന്തിയിലെത്തുമ്പോള്‍ കിട്ടുന്ന അറിവും ആനന്ദവും കളങ്കരഹിതമാവും. അത്തരം അറിവ് നേടാനുള്ള വാസനയും ആ അറിവു ലഭിക്കുമ്പോഴുള്ള ആനന്ദവും കൂടുതല്‍ നേരറിവു നേടാന്‍ പ്രേരണയാകും. ആ ആനന്ദം വാസനാരൂപത്തില്‍ ഉറയ്ക്കുകയും ചെയ്യും. അതിനാലാണ്, ഈ ധര്‍മത്തിന്റെ അല്പാംശംപോലും വലിയ ഭയങ്ങളില്‍നിന്ന് രക്ഷിക്കുമെന്നും സമവസ്ഥിതമായ ഈശ്വരനില്‍ ശ്രദ്ധയുള്ള ഭക്തന് ഒരിക്കലും നാശമില്ലെന്നും നടേ ഉറപ്പിച്ചു പറഞ്ഞത്. മുന്‍ദേഹത്തിലിരിക്കെ ഉണ്ടായിരുന്ന ബുദ്ധിയുമായി, രൂപനിര്‍മാണക്ഷേത്രത്തില്‍ നിഹിതമായ വാസനാസംസ്‌കാരത്തിലൂടെ, സംയോഗം ഭവിക്കുന്നതായും പ്രസ്താവിച്ചു. സത്വഗുണാഭിവൃദ്ധിക്കുള്ള പരിശ്രമം, ഒരിക്കല്‍ ചെറുതായി തുടങ്ങിക്കഴിഞ്ഞാല്‍, പുരോഗമിച്ചുകൊണ്ടേ ഇരിക്കുമെന്നര്‍ഥം.

ഇതരഗുണങ്ങള്‍ അഭിവൃദ്ധിപ്പെട്ടിരിക്കെ ദേഹപ്രലയം ഉണ്ടായാലോ?

രജസി പ്രലയം ഗത്വാ
കര്‍മസങ്ഗിഷു ജായതേ
തഥാ പ്രലീനസ്തമസി
മൂഢയോനിഷു ജായതേ

രജോഗുണവൃദ്ധിയില്‍ (ദേഹ)പ്രലയം സംഭവിച്ചാല്‍ പിന്നീട് ആ ജീവാത്മാവിന് ശരീരാവിഷ്‌കാരം ഉണ്ടാകുന്നത് കര്‍മസംഗികളുടെ ലോകത്തിലാണ്. അതുപോലെ തമോഗുണവൃദ്ധിയില്‍ പ്രലയമുണ്ടായാല്‍ മൂഢയോനികളില്‍ ജനിക്കുന്നു.
(തുടരും)



MathrubhumiMatrimonial