goodnews head

ശാന്തയുടെയും മക്കളുടെയും ദുരിതത്തിന് അറുതിയാവുന്നു

Posted on: 10 Dec 2007


പയ്യന്നൂര്‍: പ്രവാസിയുടെ കനിവില്‍ ശാന്തയ്ക്കും മക്കള്‍ക്കും തലചായ്ക്കാനൊരിടം. കോറോം മുക്കോത്തടം എല്‍.പി.സ്‌കൂളിന് സമീപത്തെ പി.ഇ.ശാന്തയുടെ ദുരിതത്തിന് പാതി അറുതിയാക്കിക്കൊണ്ട് സാന്ത്വനത്തിന്റെ സ്നേഹ സ്​പര്‍ശവുമായി പ്രവാസിമലയാളിയായ പയ്യന്നൂര്‍അന്നൂരിലെ വി.ടി.വി.ദാമോദരനാണ് വീട് പൂര്‍ത്തീകരിച്ച് നല്‍കിയത്. രോഗിയായ ഭര്‍ത്താവും മാനസികാസ്വാസ്ത്യവുമുള്ള രണ്ട് മക്കളുമൊത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഒമ്പത് വര്‍ഷമായി ദുരിതം തള്ളി നീക്കുകയായിരുന്നു ശാന്തയും കുടുംബവും.

മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ട പ്രായമായ മുരളി കൃഷ്ണന്‍ (22), ജയകൃഷ്ണന്‍ (20) ഹൃദ്‌രോഗിയായ ഭര്‍ത്താവ് ഗോപാലന്‍ ഇവരെ സംരക്ഷിക്കേണ്ട ബാധ്യത ഒറ്റയ്ക്ക് ചുമലിലേറ്റിയ ശാന്തയ്ക്ക് അടച്ചുറപ്പുള്ളൊരു വീട് സ്വപ്നം മാത്രമായിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ ആഹാരത്തിനുമായി കൂലിവേല ചെയ്താണ് വകകണ്ടെത്തിയിരുന്നത്. 25,000 രൂപ വായ്പയെടുത്ത് ചുമരുയര്‍ത്തി മേല്‍ക്കൂര വാര്‍ത്തപ്പോള്‍ പണമില്ലാതെ പ്രവര്‍ത്തനം നിലച്ചു. കുടുംബത്തിന്റെ ദൈന്യതകണ്ട് മനസ്സലിഞ്ഞ ഗള്‍ഫ് മലയാളിയും സാമൂഹികപ്രവര്‍ത്തകനുമായ വി.ടി.വി.ദാമോദരന്‍ വീടിന്റെ നിര്‍മാണ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു.

പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം സ്ഥാപക നേതാവായ ദാമോദരന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ 60,000 രൂപ ചെലവഴിച്ചാണ് വീട് പൂത്തിയാക്കിയത്. വീട്ടില്‍നടന്ന ചടങ്ങില്‍ വീട്ടിന്റെ താക്കോല്‍ദാനം നഗരസഭാ ചെയര്‍മാന്‍ ജി.ഡി.നായര്‍ നിര്‍വഹിച്ചു. പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, നഗരസഭാകൗണ്‍സിലര്‍മാരായ വേലിക്കകത്ത് കുഞ്ഞിരാമന്‍, എം.രാമകൃഷ്ണന്‍, ഡോ.വി.സി.രവീന്ദ്രന്‍, പ്രൊഫ.പി.പി.പത്മനാഭന്‍, സി.കെ.ശേഖരന്‍ മാസ്റ്റര്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. നാഗഭൂഷണ്‍ സ്വാഗതവും എം.ആര്‍.സി.എച്ച്.ഡയറക്ടര്‍ കരുണാകരന്‍ നന്ദിയും പറഞ്ഞു.

 

 




MathrubhumiMatrimonial