
ഗീതാദര്‍ശനം - 503
Posted on: 20 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
രജോഗുണത്തെ ക്ഷത്രിയഗുണമായി പറയാറുള്ളത് അബദ്ധമാണ് എന്ന് വ്യക്തം. ജനകനെപ്പോലുള്ള രാജര്‍ഷിമാര്‍ എങ്ങനെ ഇരുന്നെന്ന് മുന്‍പേ പറഞ്ഞു. അത്തരക്കാര്‍ക്ക് ഇണങ്ങുന്നതല്ല ഇപ്പറഞ്ഞ സ്വഭാവങ്ങളൊന്നും. ചുരുക്കത്തില്‍, ചിന്താശീലരായ മനുഷ്യര്‍ക്കല്ല, പരിണാമദശകളില്‍ വേണ്ടത്ര മുന്നേറാത്തവര്‍ക്കാണ് ഈ ലക്ഷണങ്ങള്‍ കൂടുതല്‍ നന്നായി ചേരുക. ഉദാഹരണത്തിന്, ജാതിയുടെ പേരിലുള്ളത് ഉള്‍പ്പെടെ എല്ലാ മാനിത്വങ്ങളും ദംഭിത്വങ്ങളും രജോഗുണലക്ഷണങ്ങളാണ്.
അപ്രകാശോശപ്രവൃത്തിശ്ച
പ്രമാദോ മോഹ ഏവ ച
തമസ്യേതാനി ജായന്തേ
വിവൃദ്ധേ കുരുനന്ദന
അല്ലയോ കുരുനന്ദനാ, അവിവേകം, അകര്‍മണ്യത, തെറ്റില്‍നിന്നു തെറ്റിലേക്കുള്ള പതനം എന്നതൊക്കെയുംപിഴച്ച ധാരണയും എപ്പോള്‍ എന്തു ചെയ്യണമെന്നു നിശ്ചയമില്ലാത്ത പരിഭ്രമംപോലും തമോഗുണം വിശേഷിച്ച് വര്‍ധിച്ചിരിക്കെ ഉണ്ടാകുന്നു.
അവിവേകത്തിന്റെ ഫലമാണ് അകര്‍മണ്യത. പ്രമാദം അജാഗ്രതയാണ്. അറിയേണ്ട കാര്യം വേണ്ടപോലെയല്ലാതെ അറിയുന്നതാണ് മോഹം. ശരിയായ അറിവില്ലായ്മയില്‍നിന്നാണ് ഇവിടെയും തുടക്കം. പക്ഷേ, പോകുന്നത് രജോഗുണക്കാരന്‍ പോയ മുഷ്‌കിന്റെ വഴിക്കല്ല, അമാന്തത്തിന്റെ പാതയിലാണ്. ഉപേക്ഷ, മടി, ഉറക്കംതൂങ്ങല്‍ എന്നിവയുടെ വഴി. ആ വഴി പോകെ കിട്ടാനുള്ളതോ, കൂടുതല്‍ അറിവില്ലായ്മ മാത്രം.
തിരിച്ചറിവിന് മസ്തിഷ്‌കത്തില്‍ കോപ്പുണ്ടാകുന്നതിനു മുമ്പുള്ള ജീവരൂപങ്ങള്‍ മുതല്‍ പുറകോട്ട് അചരങ്ങള്‍ വരെ ഈ ഗുണത്തിന്റെ കുടക്കീഴിലാണ്. ഈ ഗുണത്തിന്റെ പരമ്പരാഗതമായ സാന്നിധ്യം പല മനുഷ്യരിലും ഇപ്പോഴും വികസ്വരമായിത്തന്നെ കാണാനുമുണ്ട്. അങ്ങനെ, ഇവിടെയും കാഴ്ചപ്പാട് അടിസ്ഥാനപരമായി ജീവപരിണാമപരമാണ് എന്നേ അനുമാനിക്കാനൊക്കൂ.
ഈ ഗുണത്രയപാഠം, ഗുണഭേദത്തെ അടിസ്ഥാനമാക്കിയുള്ള ചാതുര്‍വര്‍ണ്യസങ്കല്പത്തെ അപ്പാടെ നിരാകരിക്കുന്നു. എങ്ങനെയെന്നാല്‍, ശൂദ്രനില്‍ തമസ്സു മാത്രമാണ് പ്രബലമെങ്കില്‍ അവന്‍ ഏര്‍പ്പെടുന്ന എല്ലാ പ്രവൃത്തികളും അസമര്‍ഥമായും അകുശലമായും മാത്രമേ അവന് ചെയ്യാനാവൂ. മാത്രമല്ല, വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കാനല്ലേ അപ്പോള്‍ ശ്രമിക്കൂ? ഇതരമനുഷ്യരെ സേവിക്കുക, ശുശ്രൂഷിക്കുക, അന്നവസ്ത്രാദികള്‍ ഉത്പാദിപ്പിക്കുക മുതലായ അനേക തരം സേവനകര്‍മങ്ങള്‍ സോത്സാഹം ചെയ്ത് സമൂഹത്തെ താങ്ങി നിര്‍ത്തുന്നവര്‍ മഹാവിവേകശാലികളും സത്വഗുണപ്രധാനരുമല്ലേ വാസ്തവത്തില്‍?
(തുടരും)
