
ഗീതാദര്‍ശനം - 500
Posted on: 17 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
രജസ്തമശ്ചാഭിഭൂയ
സത്വം ഭവതി ഭാരത
രജഃ സത്വം തമശ്ചൈവ
തമഃ സത്വം രജസ്തഥാ
ഹേ അര്‍ജുനാ, (ചിലപ്പോള്‍) രജസ്സിനെയും തമസ്സിനെയും മറച്ച് സത്വഗുണം (വെളിപ്പെട്ടതായി) ഭവിക്കുന്നു. (മറ്റു ചിലപ്പോള്‍) സത്വത്തെയും തമസ്സിനെയും മറച്ച് രജോഗുണം (വെളിപ്പെട്ടതായി) ഭവിക്കുന്നു. അതുപോലെ, (ഇനിയും ചിലപ്പോള്‍) സത്വത്തെയും രജസ്സിനെയും മറച്ച് തമോഗുണം (വെളിപ്പെട്ടതായി) ഭവിക്കുന്നു.
ഒരു സ്പന്ദത്തിന് ഒരു സമയത്ത് അതിന്റെ മൂന്നവസ്ഥകളില്‍ ഏതെങ്കിലും ഒന്നിലേ ഇരിക്കാനാവൂ. സമാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ മറ്റു രണ്ട് അവസ്ഥകളും ഇല്ല എന്നു തോന്നാം. പക്ഷേ, ഉണ്ട്. മുന്നിട്ടു നില്‍ക്കുന്ന അവസ്ഥയാല്‍ അവ രണ്ടും മറയ്ക്കപ്പെട്ടിരിക്കുന്നു. ഏതൊരവസ്ഥയും ഇങ്ങനെ മറ്റ് രണ്ടവസ്ഥകളെയും തത്കാലം മറയ്ക്കുന്നു. 'താന്‍ ഉള്ളപ്പോള്‍ താന്‍മാത്രം' എന്ന ഈ സമ്പ്രദായം നമ്മുടെ മനോനിലകളെ നിരീക്ഷിച്ചാല്‍ തെളിഞ്ഞു കാണാം. ഒരേ കാര്യത്തെക്കുറിച്ച് ഒരേസമയം വിപരീതഭാവങ്ങള്‍ സാധ്യമല്ല. അതിക്രൂരതയില്‍ പരമകാരുണികത വാഴില്ല. മറിച്ചുംപറ്റില്ല. ജീവനു തുല്യം സ്നേഹിക്കുന്ന ആളെ അതേസമയം വെറുക്കാനാവില്ല. നമ്മുടെ മനസ്സിന്റെ ഭാവങ്ങളെല്ലാം ത്രിഗുണങ്ങളുടെ പല തോതിലും ക്രമത്തിലുമുള്ള ചേരുവകളുടെ ഫലങ്ങളാണ്.
അനന്തകോടി സ്പന്ദങ്ങളുടെ സംഘാതമാണ് ശരീരം. ദേഹേന്ദ്രിയസംഘാതത്തിന്റെ ഏതു നേരത്തെയും ഭാവം അതിന്റെ ചേരുവകളുടെ ഭാവങ്ങളുടെ സങ്കലനത്തില്‍നിന്ന് ഉണ്ടാകുന്നു. രൂപനിര്‍മാണക്ഷേത്രം അതില്‍ നിഹിതമായ വാസനകള്‍ക്ക് അനുസൃതമായ ദേഹമാണ് സ്വീകരിക്കുന്നത്. ജീവനില്‍ നിഹിതമായ വാസനകള്‍ക്കനുസരിച്ച ഗുണഭേദപരമ്പര ആ ദേഹത്തില്‍ ജനിപ്പിക്കയും ചെയ്യുന്നു. അപ്പോള്‍, ശരീരസംഘാതത്തിന്റെ ഏതു നേരത്തെയും ഭാവം രണ്ടു കാര്യങ്ങളെയാണ് ആസ്പദിക്കുക. ഒന്ന്, നിഹിതങ്ങളായ പൂര്‍വ വാസനകള്‍. രണ്ട്, ദേഹം രൂപപ്പെട്ടതില്‍പ്പിന്നെ അനുഭവത്തില്‍നിന്ന് ആര്‍ജിച്ച സംഗങ്ങളും അറിവുകളും. ഈ രണ്ട് കാര്യങ്ങളെയും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉതകുന്ന വിവേകമെന്ന സംവിധാനം ജീവനില്‍ത്തന്നെ ലഭ്യമാണ്. അതുപയോഗിച്ച് സങ്കല്പങ്ങളെയും വാസനകളെയും തിരുത്താനുള്ള ഉപായങ്ങളാണ് ബ്രഹ്മവിദ്യയും അതിന്റെ പ്രായോഗികപദ്ധതിയായ യോഗവും.
(തുടരും)
