githadharsanam

ഗീതാദര്‍ശനം - 499

Posted on: 14 May 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


സത്വം സുഖേ സഞ്ജയതി
രജഃ കര്‍മണി ഭാരത
ജ്ഞാനമാവൃത്യ തു തമഃ
പ്രമാദേ സഞ്ജയത്യുത

ഹേ അര്‍ജുനാ, സത്വം സുഖത്തില്‍ ആസക്തരാക്കുന്നു. രജസ്സ് കര്‍മത്തില്‍ ആസക്തരാക്കുന്നു. തമസ്സാകട്ടെ, വിവേകത്തെ മറച്ച് പ്രമാദത്തില്‍ ആസക്തരാക്കുന്നു.

തമസ്സിനെയാണ് അവസാനം പറയുന്നതെന്നാലും, അതാണ് അടിസ്ഥാനപ്രകൃതി. ആ അവസ്ഥയില്‍ സത്വത്തിന്റെ അഭിവൃദ്ധി വിവേകത്തിന്റെ വിത്തു നടുന്നു. അതിന്റെ ഫലമായ ആദ്യതിരിച്ചറിവ് രാഗദ്വേഷങ്ങളായാണ്. അവ കര്‍മത്തില്‍ ആസക്തിയുണ്ടാകുന്നു. ഈ കര്‍മരംഗത്ത് കുറച്ചുകൂടി വിവേകമുണ്ടാകുന്നതോടെ യജ്ഞഭാവനയോടെയുള്ള കര്‍മം നിര്‍മലമായ സുഖം പ്രദാനം ചെയ്യുന്നു.

ഇതൊരു 'പാമ്പും കോണിയും കളി' പോലെയാണ് എന്നു പറയാം. ഏതവസ്ഥയില്‍നിന്നും ഏതവസ്ഥയിലേക്കും കയറുകയോ ഇറങ്ങുകയോ ചെയ്യാം. ഇടനിലകള്‍ കവച്ചുവെക്കുകയുമാവാം. പക്ഷേ, ഓര്‍ക്കാപ്പുറത്ത് വഴുതിവീഴ്ച എപ്പോഴും സംഭവിക്കാം, സൂക്ഷിക്കണം. വിവേകപൂര്‍വം 'കളിച്ചാല്‍' ഏതു വീഴ്ചയില്‍നിന്നും കരകയറാം, ആത്മസാരൂപ്യം നേടി സ്ഥിതപ്രജ്ഞത്വം വരെ എത്താം. പിന്നെ വീഴ്ചയുണ്ടാവില്ല, നിശ്ചയം.

ചരാചരങ്ങളില്‍ ഒന്നുംതന്നെ ഏകഗുണാവസ്ഥയില്‍ ഇല്ല. ജഡമായ പാറയില്‍ ഗുരുത്വാകര്‍ഷണശേഷിയുണ്ട്. ചലനവിധേയത്വമുണ്ട്. സ്ഥൈതിക-ഗതിക ഊര്‍ജങ്ങളുടെ നിക്ഷേപമുണ്ട്. കര്‍മശേഷി ഉണ്ട് എന്നര്‍ഥം. അതിലെ റേഡിയോ-ആക്റ്റീവ് അണുക്കള്‍ക്കു രജസ്സുണ്ട്. പിന്നീട്, പൊടിഞ്ഞുമലിഞ്ഞും ജീവികളുടെ ദേഹഭാഗമാകുമ്പോള്‍ വെളിയില്‍ വരാന്‍ പാകത്തില്‍ നിഹിതമായ വിവേകബീജവും പാറയിലുണ്ട്. ആത്മസാരൂപ്യം നേടിയ ആളിലും തമസ്സുണ്ട്. അതിനെക്കൂടി ആസ്​പദിച്ചാണ് അദ്ദേഹം സമതുലനം നേടുന്നതും നിലനിര്‍ത്തുന്നതും. സര്‍വഭൂതഹിതാനുസാരിയായ കര്‍മം ചെയ്യാനുള്ളതെന്നാലും രജോഗുണപ്രേരണയും അദ്ദേഹത്തില്‍ ശേഷിക്കുന്നു. ഗുണപ്രാമുഖ്യമാണ് നിര്‍ണായകം.

(തുടരും)




MathrubhumiMatrimonial