ധ്രുവീകരണവഴിയില്‍ ഒരുവര്‍ഷം

പരന്‍ജോയ് ഗുഹ താക്കൂര്‍ത Posted on: 26 May 2015

കോര്‍പ്പറേറ്റ് മേഖലയുടെയും വിദേശനിക്ഷേപകരുടെയും പ്രതിനിധികള്‍
രാജ്യത്ത് സാമ്പത്തികപരിഷ്‌കരണരംഗത്ത്
'മഹാവിസ്‌ഫോടനം'തന്നെ ആവശ്യപ്പെട്ടുവരികയാണ്. സമൂഹത്തില്‍
ദരിദ്രവിഭാഗങ്ങളാണ് ഏറ്റവും കനത്ത തിരിച്ചടിയേറ്റവര്‍
നരേന്ദ്രമോദിസര്‍ക്കാറിന്റെ പ്രഥമവര്‍ഷത്തിലെ ഏറ്റവും വലിയ നേട്ടം (അങ്ങനെയതിനെ വിളിക്കാമെങ്കില്‍) എന്തായിരിക്കും? മോദിയുടെ മുന്‍ഗാമികളില്‍ ചിലരെപ്പോലെ ഇന്ത്യയെ ആദര്‍ശപരമായി ധ്രുവീകരിക്കാന്‍ കഴിഞ്ഞുവെന്നതുതന്നെയാകാമത്. സാമ്പത്തിക, സാമൂഹിക നയങ്ങളില്‍ രാജ്യമിന്ന് അഗാധമായി വിഭജിക്കപ്പെട്ടുപോയിരിക്കുന്നു. പ്രത്യക്ഷമായി വലതുപക്ഷ, ഹിന്ദു ദേശീയ അജന്‍ഡയാണ് മോദിസര്‍ക്കാര്‍ പിന്തുടരുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പ്രധാനമന്ത്രി രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മുന്‍ പ്രചാരകനുമാണ്. എന്നിട്ടും തന്റെ അനുയായികളെ തൃപ്തരാക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല

കോര്‍പ്പറേറ്റ് മേഖലയുടെയും വിദേശനിക്ഷേപകരുടെയും പ്രതിനിധികള്‍ രാജ്യത്ത് സാമ്പത്തികപരിഷ്‌കരണരംഗത്ത് 'മഹാവിസ്‌ഫോടനം'തന്നെ ആവശ്യപ്പെട്ടുവരികയാണ്. ഇന്ത്യയില്‍ സുഗമമായി കച്ചവടം നടത്താനും വ്യവസായം തുടങ്ങാനുമൊക്കെ അതനിവാര്യമാണെന്ന് അവര്‍ പറയുന്നു. വ്യവസായശാലകള്‍ തുടങ്ങാന്‍ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നിയമങ്ങളുംമറ്റും നടപ്പാക്കുന്നതില്‍ സര്‍ക്കാറിന്റെ മെല്ലെപ്പോക്കില്‍ അവര്‍ നിരാശരാണ്. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തിലേറ്റാനായി കൂട്ടത്തോടെ വോട്ടവകാശം വിനിയോഗിച്ചവരാണ് യുവജനങ്ങള്‍; പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിലെ ചെറുപ്പക്കാര്‍. എന്നാല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതില്‍ അവരും പാടേ നിരാശയിലാണ്, സ്വകാര്യമേഖലയില്‍നിന്നുള്ള നിക്ഷേപം അടുത്തൊന്നും വരാനില്ലെന്നതുതന്നെ പ്രധാനകാരണം.

സമൂഹത്തില്‍ ദരിദ്രവിഭാഗങ്ങളാണ് ഏറ്റവുംകനത്ത തിരിച്ചടിയേറ്റവര്‍. ദേശീയ തൊഴിലുറപ്പുപദ്ധതിപോലുള്ളവ ശോഷിച്ചുവരുന്നു. കൃത്യസമയത്ത് പ്രതിഫലം ലഭിക്കുന്നില്ലെന്നതാണ് അതിനു കാരണമായിത്തീരുന്നത്. സാമൂഹികക്ഷേമപദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടനുവദിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വരുംവര്‍ഷങ്ങളില്‍ അതു സംഭവിച്ചേക്കാം, ഇല്ലായിരിക്കാം. എന്നാല്‍, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം(പ്രത്യേകിച്ച് ഉച്ചഭക്ഷണവിതരണപരിപാടി) തുടങ്ങിയവയ്ക്കുള്ള ബജറ്റ് വിഹിതം കുത്തനെ വെട്ടിക്കുറച്ചത് പാവപ്പെട്ടവര്‍ക്ക് ഹ്രസ്വകാലയളവില്‍ വലിയ ആഘാതമായിരിക്കും.

അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില അപ്രതീക്ഷിതമായി കുത്തനെ ഇടിഞ്ഞത് പണപ്പെരുപ്പം ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാറിനെ സഹായിച്ചിരുന്നു. എന്നാല്‍ വിലനിയന്ത്രണം നീക്കിയ ഡീസലിന്റെയും പെട്രോളിന്റെയും വില വീണ്ടും പൊള്ളിത്തുടങ്ങി. പണപ്പെരുപ്പം വീണ്ടും ഉയരാന്‍ ഇത് കാരണമാകുമെന്നുറപ്പ്. ഭക്ഷ്യവില കൂടാന്‍ തുടങ്ങിയതുതന്നെ പ്രകടമായ കാര്യം. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കാലംതെറ്റിപ്പെയ്യുന്ന മഴയും ആലിപ്പഴവര്‍ഷവും മറ്റു പ്രതികൂലകാലാവസ്ഥകളും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.
കോര്‍പ്പറേറ്റ് മേഖലയെ സഹായിക്കാനായി ഭൂമിയേറ്റെടുക്കല്‍നിയമത്തില്‍ ഭേദഗതിവരുത്തി നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ നീക്കങ്ങള്‍ വലിയ മണ്ടത്തരമായെന്നേ പറയാനാവൂ. 2014 അവസാനത്തോടെയാണ് ഇതിനായി ഓര്‍ഡിനന്‍സിന് രൂപംനല്‍കിയത്. 2013ലെ ഭൂമിയേറ്റെടുക്കല്‍നിയമത്തെ റെയില്‍വേ നിര്‍മാണപ്രവര്‍ത്തനം, ദേശീയപാത, ജലസേചനപദ്ധതികള്‍, ഊര്‍ജനിലയങ്ങള്‍, പ്രതിരോധം, ആണവോര്‍ജപദ്ധതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 13 മറ്റു നിയമങ്ങളുടെ നിരയിലാക്കുകയെന്നതായിരുന്നു ഇതിനുപിന്നിലെ ഉദ്ദേശ്യം.

എന്നാല്‍, നിയമത്തില്‍ ഗുരുതരമായവിധത്തില്‍ വെള്ളംചേര്‍ക്കുന്നതായിരുന്നു ഓര്‍ഡിനന്‍സ്. ഭൂമിയേറ്റെടുക്കുന്നതിനുമുമ്പ് ഭൂമി നഷ്ടമാകുന്നവരുടെ സമ്മതം അനിവാര്യമാണെന്ന വ്യവസ്ഥ പൂര്‍ണമായും എടുത്തുകളയുന്നു. സാമൂഹികപ്രത്യാഘാതപഠനം നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ഏതു പദ്ധതിയാണ് പൊതുതാത്പര്യമുള്ളത്, അല്ലെങ്കില്‍ ഇല്ലാത്തത് എന്നു തീരുമാനിക്കാനുള്ള വിശേഷാധികാരം ഉദ്യോഗസ്ഥമേലാളന്മാര്‍ക്കു നല്‍കുകയും ചെയ്തു.

രാജ്യസഭയില്‍ ബി.ജെ.പി.ക്കും അവര്‍ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സഖ്യത്തിനും ഭൂരിപക്ഷമില്ലെന്നത് മോദിക്കും അദ്ദേഹത്തിന്റെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും വ്യക്തമായിട്ടറിയാം. സര്‍ക്കാറിന് കാലാവധിയുള്ള അടുത്ത നാലുവര്‍ഷത്തേക്ക് ഭൂരിപക്ഷം ഉറപ്പാക്കാനാവില്ലെന്നും അവര്‍ക്കു ബോധ്യമുണ്ട്. എന്നിട്ടും ഭൂമിയേറ്റെടുല്‍ നിയമഭേദഗതി എന്തുവിലകൊടുത്തും പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കാനാവുമെന്നു പ്രതീക്ഷപുലര്‍ത്തുന്നത് എന്തുകൊണ്ടാണ്. അത് അസംബന്ധനാടകങ്ങള്‍ക്കും മുഖം നഷ്ടമാകുന്നതിനുമിടയാക്കുന്ന ധാര്‍ഷ്ട്യനിലപാടുതന്നെയല്ലേ?

മോദിയുടെയും ജെയ്റ്റ്‌ലിയുടെയും നടപടികള്‍ പരമ്പരാഗതമായി ശത്രുപാളയങ്ങളില്‍ കഴിഞ്ഞിരുന്ന രാഷ്ട്രീയശക്തികളെ ഒരുമിപ്പിക്കാന്‍ സഹായിച്ചുവെന്നതാണ് യാഥാര്‍ഥ്യം. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസ്സുമൊക്കെ ഉദാഹരണം. ഇതിനുപുറമേ, എന്‍.ഡി.എ.യില്‍ ബി.ജെ.പി.യുടെ സഖ്യകക്ഷകളെയും സംഘപരിവാറില്‍ത്തന്നെ ചില വിഭാഗങ്ങളെയും അകറ്റാനുമിടയാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാകട്ടെ അവര്‍ പുതുജീവന്‍ സമ്മാനിക്കുകയും ചെയ്തു. ഗ്രഹത്തിലെ അറിയപ്പെടാത്ത ഏതോ ഭാഗത്ത് രണ്ടുമാസത്തോളം ഒളിച്ചുപാര്‍ത്ത അദ്ദേഹം തിരിച്ചുവരവില്‍ പെട്ടെന്നാണ് നവയൗവനമാര്‍ജിച്ചത്.

1970കള്‍ക്കുശേഷം അധികാരം ഇത്രയും ചുരുക്കം ചില വ്യക്തികളിലൊതുങ്ങിയ കാലമുണ്ടായിട്ടില്ല. മോദി ഇന്ദിരാഗാന്ധിയെക്കാള്‍ വലിയ അധികാരശക്തികേന്ദ്രമോ സ്വേച്ഛാധിപതിയോ ആയി മാറുമോ? ബി.ജെ.പി.യില്‍ പ്രതിഭാശാലികള്‍ക്ക് വലിയ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. പ്രത്യേകിച്ച് മോദിക്ക് വിശ്വാസമര്‍പ്പിക്കാനും തന്റെ അജന്‍ഡ നടപ്പാക്കാനും കഴിയുന്നവരുടെ കാര്യത്തില്‍. അദ്ദേഹം വളരെക്കുറച്ച് വ്യക്തികളെ മാത്രമേ വിശ്വസിക്കുന്നുള്ളൂവെന്ന് സാമാന്യബോധമുള്ളവര്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒപ്പം പ്രവര്‍ത്തിച്ച ഇത്രയേറെ ഉദ്യോഗസ്ഥമേധാവികളെ അദ്ദേഹം ഡല്‍ഹിയിലേക്ക് ഇറക്കുമതിചെയ്തിരിക്കുന്നത്.

ലക്ഷ്യം കൈവരിക്കാനായി സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ടെന്നതു ശരിയാണ്. എന്നാല്‍, ഭരണത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. രണ്ടുദാഹരണങ്ങള്‍: ജന്‍ധന്‍ യോജന പദ്ധതി പ്രകാരം രാജ്യവ്യാപകമായി ആരംഭിച്ച പുതിയ ബാങ്ക് അക്കൗണ്ടുകളില്‍ പാതിയിലും ചില്ലിക്കാശില്ല. വൃത്തിയുള്ളതും ഉപയോഗപ്രദവുമല്ലെങ്കില്‍ സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം സ്ത്രീകള്‍ക്കായി നിര്‍മിച്ച ശൗചാലയങ്ങള്‍ ആരും ഉപയോഗിക്കാന്‍പോകുന്നില്ല.
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 31.5 ശതമാനം വോട്ടാണു കിട്ടിയത്; ലോക്‌സഭയില്‍ 282 സീറ്റുകളും. ഇതില്‍ ഹിന്ദു ഇതര എം.പി.മാര്‍ രണ്ടേരണ്ടുപേര്‍ മാത്രം. ഇന്ത്യയിലെ ഏഴുപേരിലൊരാള്‍ മുസ്‌ലിമാണെന്നകാര്യം കൂടി ഓര്‍ക്കണം. ന്യൂനപക്ഷവിഭാഗങ്ങളെ തൃപ്തിപ്പെടുത്താനും മോദി പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നര്‍ഥം. ഒപ്പം തന്റെ അനുയായികള്‍ അസഹിഷ്ണുതയും വിദ്വേഷവും പുലര്‍ത്തുന്ന വാക്ശരങ്ങള്‍ പ്രയോഗിക്കുന്നത് തടയുകയും വേണം.

മോദി മികച്ച കാര്യദര്‍ശിയാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്ത്തും. കഴിഞ്ഞ വര്‍ഷം വമ്പന്‍ അഴിമതികളൊന്നുമുണ്ടായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടും. അതൊക്കെ ശരിയായിരിക്കാം. എന്നാല്‍, അതിസങ്കീര്‍ണതകള്‍ കൂടപ്പിറപ്പായ ഇന്ത്യയെപ്പോലൊരു രാജ്യത്ത് സാങ്കേതികമായ പരിഹാരമാര്‍ഗങ്ങള്‍കൊണ്ടുമാത്രം ഫലമില്ല. അവിടെത്തന്നെയാണ് പ്രധാനപ്രശ്‌നം കുടികൊള്ളുന്നതും.

(ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകന്‍ മുന്‍ പ്രസ് കൗണ്‍സില്‍ അംഗവുമാണ്)





modi

 

ga