മറക്കാന്‍ പാടില്ലാത്തത് അടിസ്ഥാനശിലകള്‍

മുഖപ്രസംഗം Posted on: 26 May 2015


പത്തുവര്‍ഷം നീണ്ട, മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള, കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ ഒരുവര്‍ഷം പിന്നിടുകയാണ്. ഭൂരിപക്ഷസര്‍ക്കാറിന്റെ അഭാവത്തില്‍ അസ്ഥിരതയും അനിശ്ചിതത്വവും നിറഞ്ഞ ഭരണകാലം പിന്നിട്ട് സ്വന്തമായി ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നുവെന്നത് ഒരു വലിയമാറ്റംതന്നെയായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിനുകീഴില്‍ രാജ്യത്തിനു സംഭവിച്ച അപചയങ്ങള്‍ മുതലെടുക്കാനായതാണ് ഒറ്റയ്ക്ക് അധികാരത്തില്‍വരാന്‍ ബി.ജെ.പി.യെ സഹായിച്ചത്. യു.പി.എ. സര്‍ക്കാര്‍ നേരിട്ട അഴിമതിയാരോപണങ്ങളുടെ ഭാരം കോണ്‍ഗ്രസിനെ ഭരണത്തില്‍നിന്നു പുറത്തിരുത്താനുള്ള ജനങ്ങളുടെ തീരുമാനമായി മാറുകയാണുണ്ടായത് എന്നും പറയാം. സ്ഥിരതയുള്ള സര്‍ക്കാര്‍ എന്ന ഭൂരിപക്ഷത്തിന്റെ ഇച്ഛ ബി.ജെ.പി.യുടെ സ്ഥാനാരോഹണത്തിനുള്ള നല്ല അടിത്തറയാവുകയും ചെയ്തു.

അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ഒരുവര്‍ഷത്തെ ഭരണത്തിന്റെമാത്രം അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് ശരിയായ നടപടിയായിരിക്കില്ല. മോദിസര്‍ക്കാര്‍ അവരാഗ്രഹിക്കുന്നമട്ടിലുള്ള ഭാരതം കെട്ടിപ്പടുക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്തുതുടങ്ങുന്നേയുള്ളൂ. പലകാര്യങ്ങളിലും മുന്‍സര്‍ക്കാറുകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള ഒരു സര്‍ക്കാറാണ് അധികാരത്തില്‍ വന്നിട്ടുള്ളത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കാര്യങ്ങള്‍ കാണുന്ന രീതിയില്‍ ഒരുപാര്‍ട്ടിക്കും അധികാരത്തിലെത്തിയ ഉടന്‍ ഭരണം നിര്‍വഹിച്ചുതുടങ്ങാനാകില്ല. ആനിലയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷസര്‍ക്കാറിന് പൊതുസമൂഹം നല്‍കേണ്ട സമയത്തിന്റെ ആനുകൂല്യം മോദിസര്‍ക്കാറിനു നല്‍കാന്‍ പ്രതിപക്ഷത്തിനും ഉത്തരവാദിത്വമുണ്ട്.

ഒറ്റനോട്ടത്തില്‍ മോദിസര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം പതിറ്റാണ്ടുകളായി പിന്തുടര്‍ന്നുപോന്ന ആസൂത്രണക്കമ്മീഷനെന്ന ഭരണനിര്‍വഹണസംവിധാനം അവസാനിപ്പിച്ച് നീതി ആയോഗ് എന്ന പുതിയ സംവിധാനം ആവിഷ്‌കരിച്ചതാണ്. രാജ്യവികസനത്തിന്റെ ആസൂത്രണത്തില്‍ സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്കുകൂടി പങ്കാളിത്തമുള്ള ഒരു സംവിധാനമാണ് നീതി ആയോഗിലൂടെ മോദിസര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഗുണഫലങ്ങള്‍ നാം അറിയാനിരിക്കുന്നതേയുള്ളൂ. എന്നാല്‍, ഒരേപന്തിയില്‍ രണ്ടുതരം വിളമ്പല്‍ സംഭവിച്ചാല്‍ സംസ്ഥാനങ്ങള്‍തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരത്തിന് അതു വഴിവെച്ചേക്കും. രാജ്യവികസനം കോര്‍പ്പറേറ്റ് അജന്‍ഡയ്ക്കനുസരിച്ചാണു നടക്കുന്നതെന്നാണ്, സ്വതന്ത്ര ഇന്ത്യയില്‍ ആഗോളീകരണത്തിന് തുടക്കംകുറിച്ച കോണ്‍ഗ്രസ്, മോദിസര്‍ക്കാറിനെതിരെ ഉന്നയിക്കുന്ന പ്രധാന വിമര്‍ശം. ഭൂമിയേറ്റെടുക്കല്‍ ബില്‍ ആനിലയ്ക്ക് ഇന്ന് രാഷ്ട്രീയത്തിന്റെ കേന്ദ്രപ്രശ്‌നമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. രാജ്യം നേരിടുന്ന ദേശീയവിഷയങ്ങളില്‍ പ്രതിപക്ഷവുമായി സമവായത്തിലെത്തി മുന്നോട്ടുപോകാനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പാര്‍ലമെന്റിനെ അവഗണിച്ചുകൊണ്ടു മുന്നോട്ടുപോകാനുള്ള ശ്രമം ആത്മഹത്യാപരമായിരിക്കും. പെട്രോളിന്റെ വിലവര്‍ധനയെ പിടിച്ചുകെട്ടാന്‍ ഇതുവരെയും രാജ്യത്തിനായിട്ടില്ല. വിലക്കയറ്റത്തിന്റെ മൂലകാരണമായി അത് തുടരുകയാണ്.

ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും രാഷ്ട്രശിലയുടെ അടിസ്ഥാനമൂലകങ്ങളാണ്. അതില്‍ തട്ടിച്ചുനോക്കിവേണം ഓരോ തീരുമാനവുമെടുക്കാന്‍. ജനതയുടെ അവകാശങ്ങളാണു വലുത്. അധികാരത്തിലെത്തുമ്പോള്‍ ആ പാഠം മറന്നവര്‍ക്കൊക്കെ മതിയായ തിരിച്ചടികള്‍ ജനം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ശിഥിലീകരണത്തിലേക്കു നയിക്കുന്ന അത്തരം മറവികളെ അതിജീവിക്കാന്‍ മോദിസര്‍ക്കാറിനു കഴിയുമാറാകട്ടെ. ഏതാനും കോര്‍പ്പറേറ്റുകളല്ല, ഈ രാജ്യത്തെ മഹാഭൂരിപക്ഷംവരുന്ന സാധാരണക്കാരാണ് വലുതെന്ന ബോധം ഇനി പിന്നിടാനിരിക്കുന്ന നാലുവര്‍ഷവും അവര്‍ക്കു വഴികാട്ടട്ടെ.
 





modi

 

ga