ന്യൂഡല്‍ഹി: മികച്ച ഭരണം, വികസനം, കൂടുതല്‍ തൊഴിലവസരം തുടങ്ങിയ വാഗ്ദാനങ്ങളുമായി അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാറിന് ആദ്യ വര്‍ഷത്തില്‍ കാര്യമായ വെല്ലുവിളികളെ നേരിടേണ്ടി വന്നില്ല. അത്ര ഗൗരവതരമല്ലാത്ത ചില വിവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ആദ്യവര്‍ഷത്തിന്റെ ആനുകൂല്യത്തിലായിരുന്നു സര്‍ക്കാര്‍. അടിസ്ഥാനമേഖലയെ ശക്തിപ്പെടുത്താനെന്ന തരത്തില്‍ നടത്തിയ 'നിക്ഷേപ'ത്തിന്റെ ഫലപ്രാപ്തി വിലയിരുത്തപ്പെടുന്ന നാളുകളാണ് ഇനി വരുന്നത്. അതുകൊണ്ടുതന്നെ രണ്ടാം വര്‍ഷം മോദി സര്‍ക്കാരിന് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകും.
വികസസ്വപ്‌നങ്ങളുമായി യാത്ര തുടരുന്ന മോദിസര്‍ക്കാരിന് കാര്‍ഷിക പ്രിസന്ധിയെ അതിജീവിക്കലായിരിക്കും ഇനിയുള്ള പ്രധാന വെല്ലുവിളി. കര്‍ഷക വിരുദ്ധ സര്‍ക്കാറെന്ന പേരുദോഷവുമായിട്ടാണ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും കാര്‍ഷിക പ്രതിസന്ധിക്ക് നടുവിലാണ്. ഉത്തരേന്ത്യയിലെ സ്ഥിതിയാണ് അതി ഗുരുതരം.
കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും വിളനാശവും മൂലം ആയിരക്കണക്കിന് കര്‍ഷകരാണ് ഇവിടങ്ങളില്‍ ജീവനൊടുക്കുന്നത്. പ്രകൃതിക്ഷോഭം മൂലം എല്ലാം നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനോ അത് യഥാര്‍ഥ സമയത്ത് കൈമാറാനോ സര്‍ക്കാറിനാകുന്നില്ല. വരുംവര്‍ഷം മണ്‍സൂണ്‍ കുറയുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് സര്‍ക്കാറിന് ഭീഷണിയാണ്.
ഈ സാഹചര്യത്തിലാണ് മോദി സര്‍ക്കാറിന്റെ പ്രധാനവെല്ലുവിളിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി തന്നെ കാര്‍ഷിക പ്രതിസന്ധിയെ എടുത്തു കാട്ടിയത്. ഭൂമിയേറ്റെടുക്കല്‍ ബില്ലാണ് മറ്റൊരു പ്രധാന കടമ്പ. കര്‍ഷക വിരുദ്ധമെന്ന നിലയില്‍ ഇതിനകം തന്നെ വിവാദത്തിലായ ഭൂമിയേറ്റെടുക്കല്‍ ബില്‍ ഇപ്പോള്‍ രാജ്യസഭാ സെലക്ട് സമിതിയുടെ പരിഗണനയിലാണ്. ആര്‍.എസ്.എസ്. ഇക്കാര്യത്തില്‍ മൗനാനുവാദം നല്‍കിയിട്ടുണ്ടെങ്കിലും സ്വദേശി ജാഗരണ്‍ മഞ്ച് പോലുള്ള പരിവാര്‍ സംഘടനകള്‍ സംശയ ദൃഷ്ടിയോടെയാണ് ഇതിനെ കാണുന്നത്.
കാര്‍ഷിക പ്രതിസന്ധിയും ഭൂമിയേറ്റെടുക്കല്‍ ബില്ലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃത്വത്തിലുമുണ്ടാക്കിയിട്ടുള്ള ഉത്തേജനവും ചെറുതല്ല. സര്‍ക്കാറിന്റെ കര്‍ഷകദ്രോഹനടപടികള്‍ക്കെതിരെ രാഹുല്‍ഗാന്ധി രാജ്യത്താകമാനം പ്രചാരണത്തിലാണ്.
ഈ പശ്ചാത്തലത്തില്‍ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മോദി സര്‍ക്കാറിന് അഗ്നിപരീക്ഷണമാകും.നവംബറിലാണ് ബിഹാര്‍ തിരഞ്ഞെടുപ്പ്. അടുത്തവര്‍ഷമാദ്യം പശ്ചിമബംഗാള്‍, കേരളം, തമിഴ്‌നാട്, പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പിലേക്ക് പോകും. പൊതുവേ ഈ സംസ്ഥാനങ്ങളൊന്നും ബി.ജെ.പി.ക്ക് വളക്കൂറുള്ള മണ്ണല്ല. കര്‍ഷകവിരുദ്ധ സര്‍ക്കാറെന്ന പ്രതിച്ഛായ ഇവിടങ്ങളില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്‌തേക്കും.