ചൈനയെ ഒതുക്കുന്നുവെന്ന് പരിഭവം

ന്യൂഡല്‍ഹി: ഇരുപതു ദിവസംകൂടുമ്പോള്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തിന്റെ നേട്ടമായി ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുന്നതെന്ന് സി.പി.എമ്മിന്റെ വിമര്‍ശം. വിദേശനയമടക്കമുള്ള വിഷയങ്ങളില്‍ മോദിസര്‍ക്കാറിന്റെ പരാജയം അക്കമിട്ടുനിരത്തിയ സി.പി.എം., ഒരുവര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി 18 രാജ്യങ്ങളാണു സന്ദര്‍ശിച്ചതെന്നും പരിഹസിച്ചു.
പാര്‍ട്ടിയുടെയും വര്‍ഗബഹുജനസംഘടനകളുടെയും മുഖപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയിലാണ് വിമര്‍ശം. 93 രാജ്യങ്ങളുമായി യുദ്ധത്തിലുള്ള അമേരിക്കയുടെ പ്രസിഡന്റ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യദിനച്ചടങ്ങില്‍ മുഖ്യാതിഥിയായി. ഇന്ത്യയുടെ പാരമ്പര്യം തകര്‍ത്ത് ഇസ്രായേലുമായി കേന്ദ്രസര്‍ക്കാര്‍ സഖ്യമുണ്ടാക്കി. ചൈനയെ ഒതുക്കുന്നതരത്തില്‍ രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയിലെത്തിയശേഷം കേന്ദ്രസര്‍ക്കാര്‍വിരുദ്ധ പ്രചാരണം ആസൂത്രണംചെയ്യുമെന്ന് സി.പി.എം. വൃത്തങ്ങള്‍ അറിയിച്ചു.