*പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികച്ചടങ്ങ്
*താന്‍ രാജ്യത്തിന്റെ പ്രധാന്‍ മന്ത്രിയല്ല, പ്രധാന്‍ സേവക്
*റാലിക്ക് മഥുരയിലെത്തിയത് ലക്ഷങ്ങള്‍
*ഒരു റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി പരാമര്‍ശമില്ല

മഥുര: രാജ്യത്തെ കൊള്ളയടിച്ചവരുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണത്തിന് അറുതി വരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍.ഡി.എ. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ സംഘടിപ്പിച്ച ആദ്യ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയായിരുന്നു മോദിയുടെ പ്രസംഗം. ഞാനും മോഷ്ടിക്കാം നീയും മോഷ്ടിക്കൂ, മോഷ്ടിച്ചു മുന്നേറാം (ഹം ഭി ലൂട്ടേ, തും ഭി ലൂട്ടോ ലൂട്ടെ ചലോ) എന്നതായിരുന്നു പഴകാലത്തെ സ്ഥിതി. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത സര്‍ക്കാറിനെ പരിഹസിച്ച് മോദി കത്തിക്കയറി. മഥുരയിലെ ചന്ദ്രഭാന്‍ ഗ്രാമത്തിലായിരുന്നു ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവും.
ജനസംഘം സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മസ്ഥലമായ ഇവിടെയുള്ള ഉപാധ്യായയുടെ സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ച നടത്തിയ ശേഷമാണ് മോദി പൊതുയോഗത്തിനെത്തിയത്. മഥുരയിലെ ജനങ്ങളെ ശ്ലാഘിച്ചും രാജ്യത്ത് പരിവര്‍ത്തന്‍ വന്നുവെന്ന് ആവര്‍ത്തിച്ചുമായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ഒരു വര്‍ഷമായി നടപ്പാക്കി വന്ന പദ്ധതികള്‍ ഓരോന്നായി വേദിയില്‍ അദ്ദേഹം എടുത്തു പറഞ്ഞു.
ഇത് പാവങ്ങളുടെ സര്‍ക്കാറാണ്. ഇത് തന്റെ പരിവര്‍ത്തനമല്ല ജനങ്ങളുടെ പരിവര്‍ത്തനമാണ്. ഇനി നല്ല ദിനങ്ങളാണ് വരാന്‍ പോകുന്നത്. 2022-ഓടെ വീടില്ലാത്ത ഒരു ഇന്ത്യക്കാരനും രാജ്യത്ത് ഉണ്ടാവരുതെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. താന്‍ പ്രധാന്‍ മന്ത്രിയല്ല. രാജ്യത്തിന്റെ കാവല്‍ക്കാരനാണ്, സേവകനാണ്. രാജ്യത്തെ ഇനി കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല. ഇടയ്ക്കിടെ ദീന്‍ദയാല്‍ ഉപാധ്യായയുടെയും ഭഗവദ്ഗീതയിലെയും വാക്കുകള്‍ ചേര്‍ത്തായിരുന്നു മോദിയുടെ പ്രസംഗം.
ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ മോദിയുടെ പ്രസംഗം കേള്‍ക്കാനും സര്‍ക്കാര്‍ വാര്‍ഷികത്തില്‍ പങ്കെടുക്കാനും മഥുരയിലേക്ക് ഒഴുകിയെത്തി.
രണ്ടുലക്ഷം കോടിയുടെ കല്‍ക്കരി കുംഭകോണം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു നടന്നു. എന്നാല്‍, മൂന്നുലക്ഷം കോടി ട്രഷറിയിലേക്ക് അടപ്പിക്കാനും 29 കല്‍ക്കരി ഖനികള്‍ ലേലത്തിന് വെക്കാനും ബി.ജെ.പി. സര്‍ക്കാറിന് കഴിഞ്ഞു. ഗ്യാസ് സബ്‌സിഡിയുടെ പേരില്‍ ജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കാന്‍ 12 കോടി ജനങ്ങള്‍ക്ക് നേരിട്ട് ഗ്യാസ് സബ്‌സിഡി എത്തിച്ചുനല്‍കി.
60 വര്‍ഷത്തെ ചരിത്രത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം മൂന്ന് ലക്ഷമാണെന്ന് പറഞ്ഞ മോദി അതിന്റെ ഉത്തരവാദി ആരെന്ന് പറയുന്നില്ലെന്ന് വ്യക്തമാക്കി.
മഥുര എം.പി. ഹേമമാലിനി പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കി. സംസ്ഥാനത്തെ പ്രധാന ബി.ജെ.പി. നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. മെയ് 26 മുതല്‍ 31 വരെ 200 റാലികള്‍ രാജ്യം മുഴുവന്‍ സംഘടിപ്പിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം. ആദ്യ റാലിയാണ് മഥുരയില്‍ നടന്നത്.
പെന്‍ഷന്‍ പദ്ധതി വ്യാപിപ്പിക്കും
കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്
മഥുര പ്രസംഗവേളയില്‍ പ്രഖ്യാപിക്കപ്പെടുമെന്ന് കരുതിയ വിമുക്ത ഭടന്മാരുടെ ഒരു റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് മോദി പരാമര്‍ശിച്ചില്ല. പാവപ്പെട്ടവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് വളം എത്തിക്കുന്നതിന് പുതിയ സംവിധാനമുണ്ടാക്കും. ഉത്പാദനം 20 ലക്ഷം ടണ്‍ ആക്കും. കര്‍ഷകര്‍ക്ക് ജലവും വൈദ്യുതിയും ലഭ്യമാക്കും. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കൊണ്ടുവരും. ഗ്രാമങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍ബന്ധമാക്കും. ആറ്് ലക്ഷം പുതിയ വിദേശ വിനോദസഞ്ചാരികളാണ് രാജ്യത്തേക്ക് ഒരു വര്‍ഷത്തിനിടെ വന്നതെന്നും ഇന്ത്യയെ പുറത്തുള്ള വ്യവസായലോകം വിശ്വസിച്ചുതുടങ്ങിയെന്നും മോദി പറഞ്ഞു