സി.എം.പി. എന്ന പാര്‍ട്ടിയുടെ പിറവിയും വളര്‍ച്ചയും എം.വി.രാഘവന്‍ എന്ന നേതാവിന്റെ കാരിരുമ്പിന്റെ കരുത്തുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമായിരുന്നു.
ഇന്ത്യയിലെ ഏറ്റവും സുശക്തവും കേഡര്‍ സംവിധാനമുള്ളതുമായ കേരളത്തിലെ സി.പി.എം. എന്ന മാതൃഗ്രഹത്തില്‍നിന്നു തെറിച്ച് വെറും ഉല്‍ക്കയായി കത്തിയൊടുങ്ങാതെ ആ പാര്‍ട്ടി സ്വയം ഭ്രമണപഥമുള്ള ഒരു പൂര്‍ണഗ്രഹമായി മാറിയത് രാഘവന്‍ എന്ന കേന്ദ്രബിന്ദുവും അതിന്റെ അതിശക്തമായ ഗുരുത്വാകര്‍ഷണവും കൊണ്ടായിരുന്നു. കേവലം മാസങ്ങള്‍കൊണ്ടു ചാപിള്ളയാവുമെന്നു കരുതി, പാര്‍ട്ടിയും അതിന്റെ താത്ത്വികാചാര്യനായ ഇ.എം.എസ്സുപോലും എഴുതിത്തള്ളിയ സി.എം.പി. എന്ന ചെറിയ പാര്‍ട്ടിയിലൂടെ അദ്ദേഹം സി.പി.എമ്മിന് മരണംവരെ വെല്ലുവിളിയുയര്‍ത്തി. പ്രതിപക്ഷത്തിരിക്കുന്ന സി.പി.എം.നേതാക്കളുടെ മുന്നില്‍ പത്തുവര്‍ഷം സി.എം.പി.യുടെ പേരില്‍ മന്ത്രിയായി രാഘവന്‍ കരുത്തുകാട്ടി.
ചോരച്ചാലുകളും അഗ്നിജ്വാലകളുമാണ് കേരള രാഷ്ട്രീയത്തില്‍ സി.എം.പി.യെയും അതിന്റെ അമരക്കാരനായ രാഘവനെയും ഒരുഘട്ടത്തില്‍ കാത്തിരുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ രാഘവനും സി.എം.പി.യും ശരിക്കും ഇടിമിന്നലായി മാറിയ കാലഘട്ടമാണത്. നിലനില്‍ക്കാനും പിടിച്ചെടുക്കാനുമുള്ള പോരാട്ടത്തില്‍ കണ്ണൂരിലെ പല സഹകരണസ്ഥാപനങ്ങളുടെയും ആസ്പത്രികളുടെയും തിരഞ്ഞെടുപ്പുകളില്‍ അക്കാലം ചോരയും വെടിപ്പുകയും പരന്നു. ഒടുവില്‍ കൂത്തുപറമ്പില്‍ അതു തുറന്ന പോരാട്ടമായപ്പോള്‍ അഞ്ചുപേര്‍ക്ക് പോലീസ് വെടിവെപ്പില്‍ ജീവന്‍ നഷ്ടപ്പെട്ടു.
കൂത്തുപറമ്പ് സംഭവങ്ങളെത്തുടര്‍ന്ന് അക്രമങ്ങളുടെ പോര്‍നിലമായി പിന്നീട് കണ്ണൂര്‍ മാറി. സി.പി.എമ്മിന്റെ രോഷജ്വാലയില്‍ രാഘവന്റെ വീടുപോലും പൂര്‍ണമായി കത്തിയെരിഞ്ഞു. താന്‍ വളര്‍ത്തിക്കൊണ്ടുവന്ന പറശ്ശിനിക്കടവിലെ പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ രാജവെമ്പാലയടക്കമുള്ള പാമ്പുകളും മറ്റു മൃഗങ്ങളും പ്രതികാരാഗ്നിയില്‍ കത്തിക്കരിഞ്ഞു. അപ്പോഴും രാഘവനെ തോല്പിക്കാന്‍ എതിരാളികള്‍ക്കായില്ല. പകമൂത്ത പാമ്പിനെപ്പോലെ അദ്ദേഹം പൊരുതി. ആ വാക്കുകളുടെ മൂര്‍ച്ചയില്‍ അദ്ദേഹം വെട്ടിത്തിളങ്ങി. പേരാട്ടവീര്യത്തോടെ അദ്ദേഹം വേദികളില്‍ സി.പി.എമ്മിനെ വെല്ലുവിളിച്ചു. വര്‍ഷങ്ങളോളം പേരാട്ടത്തില്‍ നിയമത്തിന്റെ വലക്കള്ളികളില്‍ കുരുങ്ങിയും രക്ഷപ്പെട്ടും രാഘവന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. വധഭീഷണി നിറഞ്ഞുനിന്ന കാലഘട്ടത്തില്‍പ്പോലും അദ്ദേഹം വേദികളില്‍നിന്നു വേദികളിലേക്ക് തന്റെ ചടുലമായ പ്രസംഗവുമായി മാറിമാറി സഞ്ചരിച്ചു. എരിവുപുരണ്ട ചോദ്യവും ഉത്തരവും പ്രസംഗരീതിയാക്കിയ ആ ശൈലി കേള്‍ക്കാന്‍ ആയിരങ്ങള്‍ കേരളമെമ്പാടും ഒത്തുകൂടി.
ബദല്‍രേഖ വിവാദവുമായി ബന്ധപ്പെട്ടാണ് എം.വി.ആറിനെ പാര്‍ട്ടി പുറത്താക്കിയത്. സാധാരണ സി.പി.എം. പോലുള്ള ഒരു പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടയാളുടെ രാഷ്ട്രീയജീവിതം അസ്തമിക്കാറാണു പതിവ്. പക്ഷേ രാഘവന്റെ സ്ഥിതി മറിച്ചായിരുന്നു. പാര്‍ട്ടിയില്‍നിന്നു പുറത്തായശേഷം കണ്ണൂരിലേക്കു മടങ്ങിയ രാഘവന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വീകരണമാണു ലഭിച്ചത്. മുതിര്‍ന്ന നേതാവ് ഇ.പി.കൃഷ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അന്നു വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ രാഘവന്റെ പ്രസംഗം കേള്‍ക്കാന്‍ വന്‍ ജനാവലിതന്നെ എത്തി. ഇ.എം.എസ്സിന്റെ ശൈലിയെ രൂക്ഷമായി വിമര്‍ശിച്ചുള്ള പ്രസംഗമായിരുന്നു അത്.
1987-ലെ തിരഞ്ഞെടുപ്പില്‍ എം.വി.ആര്‍. സി.പി.എമ്മിനെതിരെ വെല്ലുവിളി ഉയര്‍ത്തി പാര്‍ട്ടി കോട്ടയും തന്റെ മണ്ഡലവുമായ അഴീക്കോട്ട് സ്ഥാനാര്‍ഥിയായെത്തി. ശത്രുവിന്റെ ശത്രു മിത്രമായപ്പോള്‍ രാഘവന്‍ യു.ഡി.എഫിന് ആവേശമായി മാറി. പ്രത്യേകിച്ചും മുസ്ലിം ലീഗിന്. അവര്‍തന്നെയാണ് തങ്ങളുടെ മണ്ഡലം എം.വി.ആറിനു മത്സരിക്കാന്‍ വിട്ടുകൊടുത്തത്.
എതിര്‍പ്പുകള്‍ ഏറെയുണ്ടായിട്ടും സി.എം.പി. എന്ന പാര്‍ട്ടിക്ക് തകര്‍ച്ചയുണ്ടായില്ല. ഒറ്റയാള്‍ എം.എല്‍.എ. പാര്‍ട്ടിയാണെങ്കിലും അതിശക്തമായ പോരിന്റെ പ്രതീകമായിരുന്നു ആ പാര്‍ട്ടി. രാഘവന്റെ പ്രസംഗം കേള്‍ക്കാന്‍ എവിടെയും വന്‍ ജനക്കൂട്ടമായിരുന്നു. അതുതന്നെയാണ് സി.എം.പി.യുടെ കരുത്തും.
യു.ഡി.എഫ്. ഭരണത്തിലിരിക്കെ സി.എം.പി.ക്ക് നിയമസഭയില്‍ അംഗങ്ങളില്ലാത്ത ഒരേയൊരു കാലഘട്ടമായിരുന്നു ഇക്കുറി. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം യു.ഡി.എഫിനനുകൂലമായ അഴീക്കോട്ട് മത്സരിക്കാന്‍ രാഘവന് താത്പര്യമുണ്ടായിരുന്നു. അതേസമയം, യു.ഡി.എഫിലെ അസ്വാരസ്യവും മറ്റും കാരണം സീറ്റ് ലീഗ് കൊണ്ടുപോയി. ഒരിക്കല്‍ ലീഗ് താലത്തില്‍ വെച്ചുനല്‍കിയ സീറ്റ് അവര്‍തന്നെ തിരിച്ചെടുത്തു. രാഘവന് ലഭിച്ചത് പാലക്കാട്ടെ നെന്മാറയും. പക്ഷേ, അവിടെ അദ്ദേഹത്തിന് വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. രാഷ്ട്രീയത്തില്‍ എം.വി.ആറിന്റെ കാലിടറുന്ന കാലഘട്ടമായിരുന്നു അത്. യു.ഡി.എഫില്‍ അദ്ദേഹത്തിന് ശത്രുക്കളേറെയുണ്ടായ കാലഘട്ടവും. ആ കാലിടറല്‍ പിന്നെ ആഴത്തിലുള്ള വീഴ്ചയായി മാറി എന്നതാണ് സത്യം. രോഗം മാനസികമായും ശാരീരികമായും അവശനാക്കിയ എം.വി.ആറിന്റെ ഓര്‍മകള്‍ക്കും നിഴല്‍വീണു. ഒടുവില്‍ താന്‍ ചോരയും നീരും കൊടുത്തുവളര്‍ത്തിയ പാര്‍ട്ടി രണ്ടാവുന്നതിനും അദ്ദേഹം സാക്ഷിയായി. ഓര്‍മ്മയുടെ തളര്‍ച്ചയില്‍ അക്കാര്യം അദ്ദേഹം ചിലപ്പോള്‍ അറിഞ്ഞുകാണില്ല. പാര്‍ട്ടിയില്‍ മക്കള്‍ ഉള്‍പ്പെടെ ഒരുവിഭാഗം ബദ്ധശത്രുവായ സി.പി.എമ്മിനൊപ്പം ചേര്‍ന്നതും അദ്ദേഹം അറിഞ്ഞോ എന്നറിയില്ല.