കേരളത്തിന്റെ രാഷ്ട്രീയനഷ്ടം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ Posted on: 10 Nov 2014

കേരളരാഷ്ട്രീയത്തിന്റെയും പൊതുസമൂഹത്തിന്റെയും മുന്നോട്ടുപോക്കില്‍ കനത്ത നഷ്ടംതന്നെയാണ് എം.വി.ആര്‍. എന്ന കമ്യൂണിസ്റ്റിന്റെ വേര്‍പാട്. രണ്ടായി മുറിഞ്ഞ അദ്ദേഹത്തിന്റെ പാര്‍ട്ടിനേതാക്കള്‍പോലും ആ നഷ്ടത്തിന്റെ യഥാര്‍ഥ രാഷ്ട്രീയം
മനസ്സിലാക്കുന്നുണ്ടെന്ന് തോന്നുന്നില്ല




എം.വി.ആര്‍. എന്നത് ചുരുങ്ങിയത് നാലുപതിറ്റാണ്ടെങ്കിലും കേരളം കേട്ടുകൊണ്ടിരുന്ന രാഷ്ട്രീയ മേധാശക്തിയുടെ ശബ്ദമായിരുന്നു. അദ്ദേഹം പങ്കാളിയായ രാഷ്ട്രീയത്തിനൊപ്പം അണിചേര്‍ന്നവരുടെയും അനുകൂലിച്ചവരുടെയും ആവേശം. അദ്ദേഹത്തെ എതിര്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം ചങ്കിടിപ്പിക്കുന്ന നിശ്ചയദാര്‍ഢൃത്തിന്റെ വെല്ലുവിളിയും; കമ്യൂണിസ്റ്റ് നേതാവായപ്പോഴും മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണി നേതാവായപ്പോഴും.

ദുര്‍ഘടംപിടിച്ച ജീവിതവഴിയിലേക്ക് തിരിഞ്ഞുനോക്കി ആത്മകഥയില്‍ എം.വി.ആര്‍. ഈ വൈരുധ്യം ഇങ്ങനെ വിശദീകരിക്കുന്നു: 'ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്; കമ്യൂണിസം മനുഷ്യത്വത്തിന്റെ മഹോന്നത രൂപമാണെന്ന് വിശ്വസിച്ചുകൊണ്ട്.'

പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തുകേന്ദ്രത്തിലോ കൂത്തുപറമ്പിലെ പൊതുനിരത്തില്‍ പോലീസ് സൃഷ്ടിച്ച കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ടോ അവസാനിപ്പിക്കേണ്ടതല്ല ആ പൊതുജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തല്‍. ബദല്‍രേഖയിലും സി.പി.എം. അക്രമരാഷ്ട്രീയത്തെ വെല്ലുവിളിച്ചതിലും അത് ഒതുങ്ങുന്നില്ല. പാര്‍ക്കിന്‍സണും മറവിരോഗവും ഒന്നിച്ച് കടന്നാക്രമിച്ച സമീപകാലത്ത് വീടിനകത്തും ആസ്പത്രിയിലും മാറിമാറി കഴിയുമ്പോള്‍ തന്നെ പുറത്താക്കിയ പാര്‍ട്ടിയിലേക്ക് തിരിച്ചുപോകാന്‍ ചിന്തിക്കുകയായിരുന്നു എന്ന പ്രചാരണത്തിലും അത് ഒതുക്കാനാവില്ല.

മേലേത്തുവീട്ടില്‍ രാഘവന്‍ നമ്പ്യാര്‍ എന്ന എം.വി. രാഘവന്റെ ജീവിതത്തെ സത്യസന്ധമായി വിലയിരുത്താന്‍ 1949ല്‍നിന്നെങ്കിലും തുടങ്ങണം. നിരോധിക്കപ്പെടുകയും തകരുകയുംചെയ്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ബ്രാഞ്ച് പാപ്പിനിശ്ശേരിയില്‍ രൂപവത്കരിച്ചവരില്‍ ഒരാളായ ശശിയെന്ന 15കാരനില്‍നിന്ന്, അതിനുമുമ്പ് അവിടെ സാമുവല്‍ ആറോണ്‍ എന്ന കോണ്‍ഗ്രസ് വ്യവസായിയുടെ തുണിമില്‍ ഫാക്ടറിക്കുമുമ്പില്‍നടന്ന നെയ്ത്തുതൊഴിലാളികളുടെ ധീരോദാത്ത സമരമുഖം എന്നും വീക്ഷിച്ചിരുന്ന രാഘവന്‍ എന്ന കൗമാരക്കാരനില്‍നിന്ന്, പി. കൃഷ്ണപിള്ളയില്‍നിന്ന് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെയും സംഘാടനത്തിന്റെയും ബാലപാഠങ്ങള്‍ പഠിച്ച പില്‍ക്കാലത്തെ എം.വി.ആറില്‍നിന്ന്.

81 വയസ്സുള്ള എം.വി.ആറിന് നല്‍കുന്ന യാത്രാമൊഴിയിലും വിരുദ്ധവീക്ഷണങ്ങള്‍ തലനീട്ടുന്നുണ്ട്. ഒന്നര വയസ്സുള്ളപ്പോള്‍ അച്ഛന്‍ നഷ്ടപ്പെട്ടു. അമ്മാവന്‍ നെയ്ത്തുജോലിചെയ്തും സ്ത്രീകള്‍ കല്ലുചുമന്നും കഴിഞ്ഞതായിരുന്നു എം.വി.ആറിന്റെ കുടുംബം. തന്നെ കമ്യൂണിസ്റ്റുകാരനാക്കിയ നാടിന്റെ അന്നത്തെ സാഹചര്യത്തെപ്പറ്റി അദ്ദേഹം പറയുന്നു:

'എനിക്കുചുറ്റം അര്‍ധ പട്ടിണിക്കാരും മുഴു പട്ടിണിക്കാരുമായ മനുഷ്യര്‍. വിശപ്പിന്റെ വിളി വിട്ടുമാറാത്ത തൊഴിലാളി, കര്‍ഷക കുടുംബങ്ങള്‍. അവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും എന്റെയും അനുഭവങ്ങളായിരുന്നു. എങ്ങും ചൂഷിതരുടെ രോദനങ്ങള്‍, ചൂഷകരുടെ പീഡനങ്ങള്‍. ഞാന്‍ കേട്ടത് ഇന്‍ക്വിലാബിന്റെ വിളി. ഉണര്‍ത്തിയത് സമരകാഹളങ്ങള്‍. ചെറുപ്പംമുതല്‍ അനീതിക്കെതിരെ പൊരുതാനുള്ള മനോഭാവം എന്നില്‍ വളര്‍ന്നു. ഞാനൊരു കമ്യൂണിസ്റ്റായി.'

അങ്ങനെയാണ് കേരളീയനും ഭാരതീയനും എ.കെ.ജി.യും കെ.പി.ആറും മറ്റും നിറഞ്ഞുനിന്ന മലബാറിലെ സമരഭൂമികളുടെ പോരാട്ടച്ചൂടില്‍നിന്ന് എം.വി.ആര്‍. എന്ന കമ്യൂണിസ്റ്റ് പോരാളി രൂപപ്പെട്ടത്, കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന പ്രഗല്ഭ കമ്യൂണിസ്റ്റ് നേതാക്കളുടെ നീണ്ടനിരയില്‍ പി. കൃഷ്ണപിള്ളയുടെയും എ.കെ.ജി.യുടെയും സംഘാടന പാടവത്തിന്റെയും ജനപ്രിയതയുടെയും പിന്‍തുടര്‍ച്ചക്കാരനായത്, നിയമസഭയിലും സമരഭൂമികളിലും നിറഞ്ഞുനിന്ന് ജനങ്ങളുടെ ജീവിതപ്രശ്‌നമെടുത്ത് പൊരുതിക്കയറിയത്.

കോണ്‍ഗ്രസ്സിന്റെ അര്‍ധഫാസിസ്റ്റ് വാഴ്ചയുടെ പരീക്ഷണശാലയായിരുന്ന കണ്ണൂരില്‍ അതിനെ ചെറുക്കുന്നതില്‍, കെ. കരുണാകരനും കോണ്‍ഗ്രസ്സിനുമെതിരായി സഭയിലും തെരുവിലും ഒരുപോലെ നിരന്തരം പോരാടിയതില്‍, തലശ്ശേരിയിലെ വര്‍ഗീയകലാപത്തില്‍നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ച് സമാധാനവും മതമൈത്രിയും ഉറപ്പിച്ചതില്‍, സംഘടനാരംഗത്ത് വിദ്യാര്‍ഥിയുവജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍, യുവനേതാക്കളെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ ഇതിലൊക്കെ സവിശേഷമായ നേതൃപാടവം കാട്ടി. ആദിവാസികളും കര്‍ഷകത്തൊഴിലാളികളുമായ അടിസ്ഥാനവര്‍ഗങ്ങളെ സംഘടിപ്പിക്കാന്‍ വയനാട്ടിലേക്ക് വര്‍ഗീസിനെ നിയോഗിച്ചതില്‍, വയനാട് ഒരു പ്രത്യേക ജില്ലയാക്കി മാറ്റുന്നതില്‍ഇതിലെല്ലാം വര്‍ഗരാഷ്ട്രീയത്തിന്റെയും വികസന പരിപ്രേഷ്യത്തിന്റെയും ശരിയായ കാഴ്ചപ്പാട് കാണാം. സഹകരണസംഘങ്ങള്‍ അടിത്തട്ടിലേക്ക് കെട്ടിപ്പടുത്ത് പാര്‍ട്ടിയുടെ ജനസ്വാധീനം വ്യാപിപ്പിച്ചത്, പാപ്പിനിശ്ശേരിയിലെ വിഷചികിത്സാകേന്ദ്രം, പാമ്പു വളര്‍ത്തുകേന്ദ്രം എന്നിവ തുടങ്ങിയത്ഇങ്ങനെ നീളുന്നു ആ പട്ടിക.

'69ലെ സര്‍ക്കാറും സപ്തകക്ഷി മുന്നണിയും തകര്‍ന്നതിന്റെ ഭാഗമായി സി.പി.എമ്മിനെ സംസ്ഥാനത്തെ സംഘടനാ തകര്‍ച്ചയില്‍നിന്ന് തിരിച്ചുവരവിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതില്‍ എം.വി.ആര്‍. വഹിച്ച പങ്ക് വളരെ വലുതാണ്. അണികള്‍ക്ക് മനോവീര്യം നല്‍കുന്ന നേതൃസാന്നിധ്യമായി കേരളമാകെ എം.വി.ആര്‍. നിറഞ്ഞുനിന്നു.

തെക്കന്‍ കേരളത്തില്‍ എന്‍. ശ്രീധറും വടക്ക് എം.വി.ആറും ചേര്‍ന്നുള്ള നേതൃനിരയ്‌ക്കെതിരെ അസൂയയും അസഹിഷ്ണുതയുമുള്ള ഒരു വിഭാഗം പാര്‍ട്ടിക്കകത്തുണ്ടായിരുന്നു. അതാണ് ഗ്രൂപ്പിസമായും പില്‍ക്കാലത്ത് വിഭാഗീയതയുടെ ശരശയ്യയായും സി.പി.എമ്മിനെ ഇന്നത്തെ അവസ്ഥയിലാക്കിയത്.

ബി.ജെ.പി.യുടെ വരവോടെ മാറിവന്ന ദേശീയ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വിപത്തിനെ നേരിടാന്‍ മുസ്ലിംക്രിസ്ത്യന്‍ ന്യൂനപക്ഷ വര്‍ഗീയകക്ഷികളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന ശരിയായ നിലപാട് വിജയവാഡ കോണ്‍ഗ്രസ് സ്വീകരിച്ചു. അടിയന്തരാവസ്ഥയില്‍പ്പോലും കൂടെനിന്ന അഖിലേന്ത്യാ ഇന്ത്യാ മുസ്ലിം ലീഗിനെയും മറുപക്ഷം ചാടിയ കേരളാ കോണ്‍ഗ്രസ്സിനെയും ചേര്‍ത്ത് കരുണാകരന്റെ യു.ഡി.എഫ്. മന്ത്രിസഭ വീഴ്ത്തണമെന്ന നിലപാടായിരുന്നു കേരളാ പാര്‍ട്ടിക്ക്. ഇ.കെ. നായനാര്‍ അതിനൊപ്പവും സെക്രട്ടറി വി.എസ്. മറിച്ചും.

നയപരമായ ഈ അഭിപ്രായഭേദങ്ങള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കാമായിരുന്നു. കേന്ദ്രകമ്മിറ്റിയുടെ നയത്തിന് കേരളാപാര്‍ട്ടിയുടെ ബഹുഭൂരിപക്ഷം ഒടുവില്‍ കല്‍ക്കത്ത കോണ്‍ഗ്രസ്സില്‍ പിന്തുണ നല്‍കിയതുമാണ്. പക്ഷേ, സംസ്ഥാന സെക്രട്ടറി വി.എസ്സിന്റെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിണറായി വിജയന്റെയും തുടര്‍ന്നുണ്ടായ നീക്കങ്ങളാണ് എം.വി.ആറിനെ പ്രകോപിപ്പിച്ചതും പാര്‍ട്ടിക്ക് പുറത്തെത്തിച്ചതും. 'നിങ്ങള്‍ എനിക്ക് വിഷം തരില്ല എന്ന് എന്താണുറപ്പ്' എന്ന് കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍വെച്ച് വി.എസ്സിനോടും പിണറായിയോടും ചായ തിരസ്‌കരിച്ച് എം.വി.ആര്‍. പറയുന്നുണ്ട്.

എന്നും ഭസ്മാസുരന് നല്‍കിയ വരംപോലെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനാധിപത്യ കേന്ദ്രീകരണ തത്ത്വം. ഇ.എം.എസ്.തന്നെ പില്‍ക്കാലത്ത് കുണ്ഠിതപ്പെട്ട് അത് വിശദീകരിച്ചിട്ടുണ്ട്, ഭൂരിപക്ഷത്തിന്റെയും സെക്രട്ടറിയുടെയും ഏകാധിപത്യം പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമായി നടപ്പാക്കുന്നതിനെ.

പാര്‍ട്ടിയെ വെല്ലുവിളിച്ചതിനാണ് പുറത്താക്കിയതെന്ന് നയത്തിന്റെയും സംഘടനാ തത്ത്വത്തിന്റെയും പേരില്‍ ബി.ടി.ആറും ഇ.എം.എസ്സും നടത്തിയ പ്രചാരണമാണ് അന്ന് അണികളെയും ജനങ്ങളെയും പാര്‍ട്ടിക്കൊപ്പം നിര്‍ത്തിയത്. ആ ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ വരദാനമായിരുന്നു 87ലെ മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ്സും ഇല്ലാത്ത എല്‍.ഡി.എഫ്. മന്ത്രിസഭ. പക്ഷേ, അതിന്റെ മുഖ്യമന്ത്രി ബദല്‍രേഖാ നയത്തിന്റെ തലതൊട്ടപ്പനായ ഇ.കെ. നായനാരായിരുന്നു. വര്‍ജ്യമായ ആ രേഖയില്‍ ഒപ്പുവെച്ചവരാണ് പിണറായി വിജയനൊഴികെ ഇന്ന് സി.പി.എം. സെക്രട്ടേറിയറ്റിലുള്ള നല്ലൊരു വിഭാഗം. രാഘവന്‍ ഒരു രോഗമല്ല. അത് പാര്‍ലമെന്ററിസത്തിന്റെ അധികാരക്കൊതിയുടെ ചെറിയ ലക്ഷണം മാത്രമാണെന്ന് ബി.ടി.ആര്‍. പ്രത്യേകം വിശദീകരിച്ചിരുന്നു. ഇന്ന് ആ രോഗം കേരളാപാര്‍ട്ടിയെ മാത്രമല്ല അഖിലേന്ത്യാ പാര്‍ട്ടിയെത്തന്നെ മൊത്തം വിഴുങ്ങിയതിന്റെ തകര്‍ച്ചയ്ക്കിടയിലാണ് എം.വി.ആറിന്റെ വിയോഗം.

സി.പി.എമ്മിന്റെ വിശ്വാസ്യതാതകര്‍ച്ചയുടെ തുടക്കം കേരളത്തില്‍ എം.വി.ആറിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്താതെ പുറംതള്ളിയതില്‍നിന്നാണ്. വധശിക്ഷ നടപ്പാക്കുമ്പോള്‍ ചെയ്യുന്നപോലെ പാര്‍ട്ടി ജീവിതത്തിന്റെ നില്‍പ്പുതറ വലിച്ച് അഗാധകുഴിയിലേക്ക് വീഴ്ത്തലാണ് കമ്യൂണിസ്റ്റുപാര്‍ട്ടികളിലെ പുറത്താക്കല്‍. രാഷ്ട്രീയമൃതി ഉറപ്പുവരുത്തല്‍. അതിന് കഴിയാതെ വരുമ്പോള്‍ വാടകക്കൊലയാളികളെ വരുത്താനും പാര്‍ട്ടിയില്‍ത്തന്നെ വളര്‍ത്താനും സി.പി.എം. പരിപാടി പിന്നീട് വികസിച്ചു.

കെ.പി.ആര്‍. ഗോപാലന്‍ തൊട്ടുള്ള ഒട്ടേറെ നേതാക്കള്‍ പുറത്താക്കപ്പെട്ടപ്പോള്‍ ആരും വെല്ലുവിളി ഉയര്‍ത്തിയില്ല. എം.വി.ആറിന്റെ അര്‍ജുനശരങ്ങളേറ്റ് പിടഞ്ഞ കെ. കരുണാകരനും മുസ്ലിംലീഗുംവരെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സംരക്ഷണചക്രവ്യൂഹം സൃഷ്ടിച്ചു. അത് ഉറപ്പാക്കാന്‍ സി.പി.എം. കണ്ണൂര്‍ജില്ലയില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ അന്ന് നടത്തിയ ആക്രമണങ്ങളുടെയും ഉപജാപങ്ങളുടെയും വലിയൊരു ചരിത്രമുണ്ട്. പാര്‍ട്ടി നയത്തിന്റെയും അച്ചടക്കത്തിന്റെയും പേരില്‍ അന്ന് അണികള്‍ ന്യായീകരിക്കാന്‍ നിര്‍ബന്ധിതമായിരുന്നു.

എം.വി.ആര്‍. തുടങ്ങിവെച്ച ഉള്‍പ്പാര്‍ട്ടിസമരം വലതുപക്ഷത്തേക്ക് പോകാതെതന്നെയുള്ള പോരാട്ടങ്ങളായി പിന്നീട് വളര്‍ന്നു. അതാണ് ഈ സമ്മേളനകാലത്തും കാണുന്നത്. സെക്രട്ടറി പാര്‍ട്ടിക്ക് പകരക്കാരനാകുമ്പോള്‍ അതിനെതിരായ ഉള്‍പ്പാര്‍ട്ടി പോരാട്ടം പാര്‍ട്ടിയെ ശിഥിലീകരിക്കുമെന്ന് ഇ.എം.എസ്. അവസാനനാളുകളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് യാഥാര്‍ഥ്യമാവുകയാണ്.

പാര്‍ട്ടിയുടെ നയപരമായ തീരുമാനത്തെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇ.എം.എസ്സും കേന്ദ്രനേതൃത്വവും ഉയര്‍ത്തിപ്പിടിച്ചതും വസ്തുതയാണ്. അത് വ്യക്തിവിരോധം തീര്‍ക്കാനാെണന്ന് എം.വി.ആര്‍ അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, ഇ.എം.എസ്സും എം.വി.ആറും തമ്മില്‍ വ്യക്തിപരമായി സ്‌നേഹബഹുമാനങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തി എന്നതാണ് വസ്തുത. എല്ലാം ഇ.എം.എസ്സിന്റെ തലയില്‍ ചൊരിഞ്ഞ് നല്ലപിള്ളചമയാന്‍ ഇന്നത്തെ നേതൃത്വത്തില്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും.

ഊര്‍ജസ്വലനായ പഴയ എം.വി.ആറിനെ സി.പി.എം. ഒരിക്കലും സ്വീകരിക്കുമായിരുന്നില്ല. പ്രത്യേകിച്ചും ഉള്ള ഇടംതന്നെ പോരെന്ന് കരുതുന്നവര്‍. നാലുവര്‍ഷംമുമ്പ് എഴുതിയ ആത്മകഥയില്‍ എം.വി.ആര്‍. അത് വ്യക്തമാക്കുന്നു: 'എന്നെ വേട്ടയാടാനും ശാരീരികമായി ഉന്മൂലനംചെയ്യാനും കച്ചകെട്ടി ഇറങ്ങിയവര്‍ ഇപ്പോഴും ചുറ്റുമുണ്ടെന്ന് അറിയാം. എന്നാല്‍, അവരെപ്പോലെ രാഷ്ട്രീയപകയോടെ മുഖംമൂടികള്‍ പിച്ചിച്ചീന്താന്‍ ഞാന്‍ മുതിരുന്നില്ല.'

മരണക്കിടക്കയിലുള്ളവരുടെ മനസ്സൊക്കെ തങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്നത് രാഷ്ട്രീയമാണ്. കെട്ടുനാറുന്ന യു.ഡി.എഫിന്റെ അവസ്ഥ തുടരാന്‍ പഴയ എം.വി.ആര്‍. അനുവദിക്കുമായിരുന്നില്ല. മറ്റൊരു രാഷ്ട്രീയധ്രുവീകരണത്തിന് കമ്യൂണിസ്റ്റ് മനസ്സോടെ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ചുരുക്കത്തില്‍ കേരളരാഷ്ട്രീയത്തിന്റെയും പൊതുസമൂഹത്തിന്റെയും മുന്നോട്ടുപോക്കില്‍ കനത്ത നഷ്ടംതന്നെയാണ് എം.വി.ആര്‍. എന്ന കമ്യൂണിസ്റ്റിന്റെ വേര്‍പാട്. രണ്ടായി മുറിഞ്ഞ അദ്ദേഹത്തിന്റെ പാര്‍ട്ടിനേതാക്കള്‍പോലും ആ നഷ്ടത്തിന്റെ യഥാര്‍ഥ രാഷ്ട്രീയം മനസ്സിലാക്കുന്നുണ്ടെന്ന് തോന്നുന്നില്ല.



MV Raghavan PhotoGallery
MV Raghavan condolence

 

ga