
ആദ്യം കാണുമ്പോള്‍ കര്‍ക്കശക്കാരനായ നേതാവായിരുന്നു എം.വി.ആര്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സുകാരുമായി എന്നും അങ്കം വെട്ടിക്കൊണ്ടിരുന്ന സി.പി.എമ്മിന്റെ ഉത്തരമലബാറിലെ എല്ലാമെല്ലാം. എതിരാളികള്‍ മാടായി മാടന്‍ എന്ന് ആക്ഷേപിച്ചിരുന്ന കാലം. ഇ.കെ.നായനാരും ചടയന്‍ ഗോവിന്ദനും ഒപ്പം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു എണ്‍പതുകളില്‍ എം.വി.രാഘവന്റെ സ്ഥാനം. അപ്പോഴാണ് ബദല്‍രേഖയുടെ പിറവി. കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ മുസ്ലീംലീഗിനോട് സന്ധി ചെയ്യുന്നതില്‍ തെറ്റില്ലെന്നായിരുന്നു ബദല്‍രേഖയില്‍ എം.വി.ആറിന്റെ നിലപാട്. ഇ.കെ.നായനാര്‍ ഉള്‍പ്പെടെ കുറെ നേതാക്കള്‍ ഇതിനോട് യോജിച്ചിരുന്നുവെന്നാണ് അന്നും എന്നും എം.വി.ആര്‍ പറഞ്ഞിരുന്നത്. പക്ഷെ 1986 ല്‍ അച്ചടക്ക നടപടി നേരിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ എം.വി.രാഘവന്‍ നേരെ കണ്ണൂരിലേക്ക് തിരിച്ചത് പുതിയൊരു പാര്‍ട്ടിയുമായാണ്. കണ്ണൂരിലെ ശക്തനായ നേതാവിന്റെ പുതിയ അങ്കം അവിിടെ തുടങ്ങുകയായിരുന്നു.
കണ്ണൂര്‍ തെക്കിബസാറിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സിലെ ചെറിയ ഒറ്റമുറിയില്‍ പാര്‍ട്ടിയുടെ വേരുറപ്പിക്കാന്‍ എം.വി.ആര്‍ കരുക്കള്‍ നീക്കിത്തുടങ്ങിയ കാലം. മാതൃഭൂമിയുടെ സ്റ്റാഫ് ലേഖകനായി കോഴിക്കോട് നിന്ന് കണ്ണൂരിലെത്തി ഞാനും നിലയുറപ്പിക്കുന്ന സമയമായിരുന്നു അത്. എം.വി.ആര്‍ എന്നും എന്തെങ്കിലും വെളിപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തും. അല്ലെങ്കില്‍ എവിടെയെങ്കിലും പൊതുയോഗവും ഉണ്ടാവും. അത് ചൂടോടെ കേള്‍ക്കാന്‍ എന്നും പിന്നാലെ പോയിരുന്നു. പാര്‍ട്ടിയിലെ ചോര്‍ച്ച തടയാന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിയര്‍പ്പൊഴുക്കുന്ന കാലം. താത്വികാചാര്യനായ ഇ.എം.എസും വി.എസ്സുമൊക്കെ ഇടക്കിടെ കണ്ണൂരിലെത്തി അവര്‍ക്ക് പിന്തുണയേകി. അതിനെയെല്ലാം പ്രതിരോധിക്കുകയായിരുന്നു രാഘവന്റെ ആദ്യ കടമ്പ. അനുയായികള്‍ പലയിടത്തും ആക്രമിക്കപ്പെട്ടു. ഒരു മയവുമില്ലാതെ സി.പി.എം. പ്രവര്‍ത്തകര്‍ എം.വി.ആറിനെയും വേട്ടയാടി. കോണ്‍ഗ്രസ്സിനെ ചെറുക്കാന്‍ മെനഞ്ഞ തന്ത്രത്തിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്തായ എം.വി.ആര്‍ അധികം വൈകാതെ കോണ്‍ഗ്രസ്സ് പാളയത്തിലെത്തി. ലീഗിന്റെ സിറ്റിങ് സീറ്റായിരുന്ന അഴീക്കോട് അവര്‍ രാഘവന് വിട്ടുനല്‍കി. സി.പി.എമ്മിന്റെ യുവനേതാവ് ഇ.പി.ജയരാജന്‍ എതിരാളി. ശരിക്കും തീപ്പ3ാറുന്ന പോരാട്ടം.
തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പലപ്പോഴും എം.വി.ആറിനൊപ്പം സഞ്ചരിച്ചു. പഴയ കര്‍ക്കശക്കാരനായ നേതാവില്‍ നിന്ന് അപ്പോഴേക്കും അദ്ദേഹം കുറെ മാറിയിരുന്നു. അധികം വിടരാത്ത ഒരു ചിരിയായിരുന്നു അദ്ദേഹം കൊണ്ടുനടന്നത്. പരിചയമില്ലാത്തവര്‍ക്ക് അതൊരു പിശുക്കന്റെ ചിരിയായി അനുഭവപ്പെടാം. പക്ഷെ ആ ചിരിക്ക് പിന്നില്‍ വലിയൊരു സ്‌നേഹവും അടുപ്പവും അദ്ദേഹം സുക്ഷിച്ചുവെച്ചിരുന്നു. ആ അടുപ്പമാണ് അദ്ദേഹത്തെ അഴീക്കോട്ട് ജയിപ്പിച്ചത്. സി.പി.എമ്മിന്റെ വോട്ടുകള്‍ കുറെയേറെ അദ്ദേഹത്തിന്റെ പെട്ടിയില്‍ വീണിരുന്നു. എല്ലാ സംഘര്‍ഷങ്ങളെയും പ്രയാസങ്ങളെയും അതിജീവിച്ചായിരുന്നു അന്ന് സി.എം.പി യുടെ ബാനറില്‍ അദ്ദേഹത്തിന്റെ പ്രചാരണം . വര്‍ഗ്ഗശത്രുവിനെ പോലെ അദ്ദേഹത്തെ സി.പി.എം. പിന്തുടര്‍ന്നു. ഞാന്‍ ജയിക്കുമെന്ന് അപ്പോഴും അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു. അത് തെറ്റിയില്ല. സി.പി.എമ്മിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ ആരാധിച്ചിരുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ആ സ്‌നേഹം വോട്ടായി വര്‍ഗ്ഗശത്രുവിന് തിരിച്ചുനല്‍കി.
സി.പി.എമ്മിലായിരുന്നപ്പോള്‍ എം.വി.ആര്‍ അനേകം സഹകരണസ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തിരുന്നു. അതിലൊന്നായിരുന്നു കണ്ണൂരിലെ എ.കെ.ജി സഹകരണ ആസ്പത്രി. രാഘവനല്ല, സി.പി.എമ്മാണ് അതിന്റെ അവകാശികള്‍ എന്ന് പിണറായിയും നേതാക്കളും പ്രഖ്യാപിച്ചു. ആസ്പത്രി ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നു. സഹകരണ ജനാധിപത്യം എന്ന പുതിയ വാക്ക് ആ തെരഞ്ഞെടുപ്പിലാണ് പരിഹാസ രൂപത്തില്‍ കേരള രാഷ്ട്രീയം കേട്ടത്. കള്ളവോട്ട് കണ്ട് മനം മടുത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ആസ്പത്രിയില്‍ നിന്ന് എം.വി.ആറും കൂട്ടരും ഇറങ്ങി. ആക്രോശിച്ചും ആര്‍ത്തുവിളിച്ചും സി.പി.എം. പ്രവര്‍ത്തകര്‍ പിന്നാലെ....തെക്കിബസാറിലെ ദേശീയപാതയിലൂടെ അദ്ദേഹം കൂക്കിവിളികളിലൂടെ നടന്നുപോകുമ്പോള്‍ ആരോ ചെരിപ്പുമാല വരെ പഴയ നേതാവിന്റെ നേര്‍ക്കെറിഞ്ഞു. പക്ഷെ അപ്പോഴും അദ്ദേഹത്തിന്റെ തല കുനിഞ്ഞില്ല.
എതിര്‍പ്പുകള്‍ നേരിട്ടും പിടിച്ചുനിന്നും അദ്ദേഹം പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോയി. അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം ജയിച്ചുകയറി. സഹകരണ വകുപ്പിന്റെ മന്ത്രിയുമായി. പിന്നെ എം.വി.ആര്‍ എന്ന നേതാവിന്റെ പടയോട്ടമായിരുന്നു. നഷ്ടമായതെല്ലാം തിരിച്ചുപിടിക്കണമെന്ന വാശിയോടെ അദ്ദേഹം കരുക്കള്‍ നീക്കി. ആദ്യം പിടിച്ചത് എ.കെ.ജി.ആസ്പത്രി തന്നെ. സഹകരണ ജനാധിപത്യം വേറൊരു രീതിയിലായിരുന്നു അന്ന് എം.വി.ആര്‍ നടപ്പാക്കിയത്. മന്ത്രിയെന്ന നിലയില്‍ എം.വി.ആറിന്റെ കരുത്തും സി.പി.ജോണിന്റെ തന്ത്രങ്ങളും അവിടെ അവതരിപ്പിക്കപ്പെട്ടു. ഇ.പി.ജയരാജനും സുശീല ഗോപാലനും അടിയേറ്റ് പോളിങ് ബൂത്തില്‍ വീണപ്പോള്‍ പഴയ ചെരുപ്പുമാലയുടെ ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ മിന്നിമറഞ്ഞിരിക്കണം. സഹകരണ സംഘങ്ങള്‍ പലതും എം.വി.ആറിന്റെ ആശീര്‍വാദത്തോടെ യു.ഡി.എഫ് പിടിച്ചെടുക്കുന്ന കാലമായിരുന്നു അത്. മുഖ്യമന്ത്രി കെ.കരുണാകരന്റെ പിന്തുണ കൂടിയായതോടെ സി.പി.എമ്മിനെ നേരിടാന്‍ എം.വി.ആര്‍ മുന്നിട്ടിറങ്ങി.
1994 ല്‍ കൂത്തുപറമ്പ് വെടിവെപ്പ്. കേരള രാഷ്ട്രീയത്തിലെ മറ്റൊരു ചോരപ്പാട്. എം.വി.ആറിന് അകമ്പടി പോയ പോലീസുകാരുടെ വെടിയേറ്റ് അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം. കൂത്തുപറമ്പില്‍ നിന്ന് നേരെ ഓടിയത് എം.വി.ആറിന്റെ പ്രതികരണം തേടാനായിരുന്നു. കണ്ണൂര്‍ കത്തുകയായിരുന്നു അപ്പോള്‍. പയ്യാമ്പലത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ എം.വി.ആര്‍ വലിയ പോലീസ് സന്നാഹത്തിന്റെ സുരക്ഷയില്‍ നില്‍ക്കുകയാണ്. കെ.സുധാകരന്‍ ഉള്‍പ്പെടെ മൂന്നോ നാലോ കോണ്‍ഗ്രസ്സ് നേതാക്കള്‍ മാത്രം അവിടെയുണ്ട്. ലുങ്കിയും ബനിയനും ധരിച്ച് വലിഞ്ഞുമുറുകിയ മുഖത്തോടെ നില്‍ക്കുന്നഎം.വി.ആറിനെ ഇപ്പോഴും ഓര്‍മ്മയുണ്ട്. പാപ്പിനിശ്ശേരി സ്‌നേക് പാര്‍ക്ക് കത്തിച്ച വാര്‍ത്ത അദ്ദേഹത്തെ ഞെട്ടിച്ചിരുന്നു. തന്റെ ജീവന്‍ രക്ഷിക്കാനാണ് പോലീസ് അതിന് നിര്‍ബന്ധിതരായതെന്നും താന്‍ അതൊന്നും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ വീണ്ടും ഫോണ്‍ വന്നു. മൊബൈല്‍ ഫോണുകളൊന്നും ഇല്ലാത്ത കാലം. ഗസ്റ്റ് ഹൗസിലെ ഫോണില്‍ എത്തിയ വര്‍ത്ത കേട്ട് അദ്ദേഹം കസേരയിലേക്ക് പതിയെ ഇരുന്നു. പാപ്പിനിശ്ശേരിയിലെ തറവാട് വീട് കത്തിച്ച വാര്‍ത്ത അദ്ദേഹത്തെ ശരിക്കും ഉലച്ചുവെന്ന് തോന്നിച്ചു. എന്തൊക്കെയോ ശാപവാക്കുകള്‍ അദ്ദേഹം പതിയെ ഉരുവിട്ടുകൊണ്ടിരുന്നു.
കൂത്തുപറമ്പ് സംഭവത്തോടെ സി.പിഎമ്മിന്റെ എതിര്‍പ്പ് കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. 2001 ല്‍ വീണ്ടും അദ്ദേഹം സഹകരണ മന്ത്രി. അപ്പോഴേക്കും കോണ്‍ഗ്രസ്സിലെയും ലീഗിലെയും ചിലര്‍ക്ക് എം.വി.ആറിനോട് പഴയ ആവേശം കെട്ടുപോയിരുന്നു. സഹകരണ സ്ഥാപനങ്ങള്‍ എം.വി.ആര്‍ പിടിച്ചെടുക്കുന്നത് കോണ്‍ഗ്രസ്സിന്റെ ചെലവിലാണെന്നും ഇതിന്റെ കഷ്ടനഷ്ടങ്ങളെല്ലാം കോണ്‍ഗ്രസ്സിനാണെന്നുമായിരുന്നു അവരുടെ ആവലാതി. സഹകരണസംഘം ഭരണസമിതികളിലെ വീതം വെപ്പായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ നിസ്സഹകരണം എം.വി.ആറിനെ ഏറെ വിഷമിപ്പിച്ചിരുന്നു എന്നതും യാഥാര്‍ത്ഥ്യം.
പുറമെ പരുക്കനായിരുന്നുവെങ്കിലും എല്ലാവരോടും അദ്ദേഹത്തിന്റെ ഉള്ളില്‍ സ്‌നേഹത്തിന്റെ ഒരു നീരുറവ ഉണ്ടായിരുന്നു. സി.എം.പി യുടെ തുടക്കത്തില്‍ തന്നോടൊപ്പം ഇറങ്ങിവന്ന് പീഡനങ്ങള്‍ നേരിട്ട ഓരോ പ്രവര്‍ത്തകനെയും ഭരണത്തിലെത്തിയപ്പോള്‍ അദ്ദേഹം തിരഞ്ഞുപിടിച്ച് എന്തെങ്കിലുമാക്കി. അവരില്‍ ചിലര്‍ എതിരാളികളുടെ പീഡനം മടുത്ത് തിരിച്ചുപോയിട്ടും അദ്ദേഹത്തിന് അനിഷ്ടമൊന്നും ഉണ്ടായിരുന്നില്ല. ഈ പ്രയാസങ്ങള്‍ക്കും രാഷ്ട്രീയത്തിനുമിടയിലും അദ്ദേഹം കണ്ണൂരിന്റെ വികസനം സ്വപ്‌നം കണ്ടു. അഴീക്കല്‍ തുറമുഖവും പരിയാരം മെഡിക്കല്‍ കോളേജിമെല്ലൊം ആ സ്വപ്‌നത്തിന്റെ ബാക്കിപത്രമാണ്.
രണ്ടാമത്തെ മന്ത്രിപദം എം.വി.ആര്‍ എന്ന രാഷ്ട്രീയക്കാരനെ കുറെക്കൂടി സ്വീകാര്യനാക്കി. അദ്ദേഹത്തെ ബഹിഷ്‌കരിക്കാന്‍ ആഹ്വനം ചെയ്ത സി.പി.എം. നേതാക്കളുടെ ചില സ്ഥാപനങ്ങളില്‍ തന്നെ പിന്നീട് അദ്ദേഹം വിശിഷ്ടാതിഥിയായി എത്തിയിരുന്നു. ഒരിക്കല്‍ അദ്ദേഹത്തോട് നേരിട്ട് തന്നെ ഇക്കാര്യം ചോദിച്ചു. പിണറായി വിജയന്റെ അറിവോടെയായിരിക്കുമോ ഈ ക്ഷണം ? നിറഞ്ഞ ചിരിയായിരുന്നു ആദ്യ മറുപടി. ' ഓന്‍ അറിയാതെ പിന്നെ അവര് എന്നെ വിളിക്കുവോടോ..' തനി നാടന്‍ മട്ടിലുള്ള ആ മറുപടിയില്‍ സി.പി.എമ്മുമായുള്ള മൃദു സമീപനത്തിന്റെ കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായിരുന്നു. മന്ത്രിയായപ്പോഴെല്ലാം എല്ലാ വെള്ളിയാഴ്ച രാത്രികളിലും എം.വി.ആര്‍ കണ്ണൂരിലേക്ക് തിരിക്കുമായിരുന്നു. സഹകരണ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കണ്ണൂരില്‍ ക്യാമ്പ് ചെയ്യുമെന്നായിരിക്കും പത്രക്കുറിപ്പ്. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ അജണ്ട. അതിനെ തമാശ രൂപേണ വിമര്‍ശിച്ചപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹത്തിന് കുറവൊന്നും ഉണ്ടായില്ല. എവിടെ കണ്ടാലും ഒരു ചിരി അദ്ദേഹം സമ്മാനിച്ചു. കാല്‍നൂറ്റാണ്ട് മുമ്പ് തന്ന അതേ ചിരി.
കണ്ണൂരില്‍ പി.ടി.ഐ ലേഖകനായിരുന്ന മകന്‍ എം.വി.ഗിരീഷ് കുമാറിനെ ഒരിക്കല്‍ ശബരിമലയിലേക്കുള്ള യാത്രയില്‍ കൂടെ കൊണ്ടുപോയിരുന്നു. ഗിരീഷിന് ഭക്തിയാണോ പരിസ്ഥിതി പ്രണയമാണോ യാത്രാകമ്പമാണോ എന്നൊന്നും വ്യക്തമായിരുന്നില്ല. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് ഞങ്ങള്‍ മലകയറിയത്. യാത്രയിലൊന്നും എം.വി.ആര്‍ ഞങ്ങളുടെ സംസാര വിഷയമായിരുന്നില്ല. എം.വി.ആര്‍ ഈ യാത്ര അറിഞ്ഞിരുന്നുമില്ല. എന്നാല്‍ പാര്‍ട്ടിക്കാര്‍ ആരോ അദ്ദേഹത്തോട് ഇത് പറഞ്ഞിരിക്കണം.
കുറെക്കാലം കഴിഞ്ഞ് എം.വി.ആര്‍ മന്ത്രിയെന്ന നിലയില്‍ കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ പത്രസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോള്‍ കൂടെ നടക്കുകയായിരുന്നു. പതിഞ്ഞ സംസാരത്തില്‍ അദ്ദേഹം ആ യാത്രയെ കുറിച്ച് നിറഞ്ഞ ചിരിയോടെ ആരാഞ്ഞു. 'നീയാണോ ഗുരുസ്വാമി' എന്ന ആ ചോദ്യത്തില്‍ ചെറിയൊരു വാല്‍സല്യം ഉണ്ടായിരുന്നു എന്നാണ് ഇപ്പോഴും തോന്നുന്നത്. ഏറ്റവും ഒടുവില്‍ പേരക്കുട്ടിയുടെ വിവാഹം. ഒരര്‍ത്ഥത്തില്‍ എം.വി.ആറിന്റെ കുടുംബസംഗമം കൂടിയായിരുന്നു അത്. അന്ന് എല്ലാവരെ പറ്റിയും സ്‌നേഹത്തോടെ അദ്ദേഹം ധാരാളം പറഞ്ഞുകൊണ്ടിരുന്നു. നികേഷിനെ കുറിച്ച് പറയുമ്പോള്‍ മുഖം കൂടുതല്‍ പ്രസന്നമായിരുന്നുവോ? ഇതുവരെ കാണാതിരുന്ന എം.വി.ആറിന്റെ മുഖമായിരുന്നു ആ രാത്രി ബര്‍ണശ്ശേരിയിലെ വീട്ടില്‍ കണ്ടത്. ഒരു മുത്തച്ഛന്റെ വാല്‍സല്യവും അച്ഛന്റെ ശ്രദ്ധയും നിറഞ്ഞുകണ്ട രാത്രി.
അടുപ്പക്കാരുടെ സന്തോഷത്തിലും ദു:ഖത്തിലും അദ്ദേഹം എന്നും ചേര്‍ന്നുനിന്നിരുന്നു. രോഗങ്ങള്‍ വല്ലാതെ കീഴ്‌പ്പെടുത്തുന്നതുവരെ അദ്ദേഹം ആ സ്‌നേഹം കൊണ്ടുനടന്നു. മറവിയും പാര്‍ക്കിന്‍സണ്‍ രോഗവും അദ്ദേഹത്തെ അലട്ടിത്തുടങ്ങിയ കാലം. ശാരീരികമായ അവശതകള്‍ ഗൗനിക്കാതെ എന്നിട്ടും എല്ലാ ദിവസവും അദ്ദേഹം പറശ്ശിനിക്കടവ് ആയുര്‍വ്വേദ ആസ്പത്രിയില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പോയിക്കൊണ്ടിരുന്നു. അവസാന കാലത്ത് കുടുംബത്തിലും പാര്‍ട്ടിയിലും ഉണ്ടായ അപസ്വരങ്ങള്‍ അദ്ദേഹം അറിഞ്ഞിരുന്നുവോ? നിശ്ചയമില്ല. രണ്ട് പക്ഷവും പറയുന്നത് അവിശ്വസിക്കാനും വയ്യ. കാരണം അവരും ഞങ്ങളെയെല്ലാം സ്‌നേഹിച്ചിരുന്നു എപ്പോഴും.
നല്ല മീന്‍ കറിയായിരുന്നു എം.വി.ആറിന്റെ ഇഷ്ടവിഭവം. കാലത്ത് തന്നെ അത് കിട്ടിയാല്‍ ഏറെ സന്തോഷം. പക്ഷെ പില്‍ക്കാലത്ത് ചികില്‍സയുടെ ഭാഗമായി മീനൊക്കെ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. പിന്നെയും വന്നു മറ്റൊരു വിയോഗം. വര്‍ഷങ്ങളായി എം.വി.ആറിന്റെ ഗണ്‍മാനായിരുന്ന റോബര്‍ട്ട്. എം.വി.ആറിന്റെ എല്ലാ ശീലങ്ങളും മനപാഠമായിരുന്ന റോബര്‍ട്ട് പെട്ടെന്നാണ് മരണപ്പെട്ടത്. അതും അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു. ഒടുവില്‍ സ്‌നേഹിച്ചവര്‍ക്കും എതിര്‍ത്തവര്‍ക്കും വേട്ടയാടിയവര്‍ക്കുമെല്ലാം നല്ല സുഹൃത്തായി ആ മനുഷ്യന്‍ മടങ്ങുന്നു.