കണ്ണൂരിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഒരു കാലത്ത് എം.വി.ആര്‍ എന്ന എം.വി. രാഘവന്‍. 'മാടായി മാടന്‍' എന്നാണ് വലതുപക്ഷരാഷ്ട്രീയഎതിരാളികള്‍ എം.വി.ആറിനെ വിശേഷിപ്പിച്ചിരുന്നത്. തെക്കന്‍ ഐതിഹ്യങ്ങളില്‍ മാടന്‍ ധീരനായ ദൈവമാണ്. അല്‍പ്പം ഗുണ്ടായിസങ്ങുള്ള ഒരു ദൈവം.
പതിനാറാം വയസിലാണ് സി.പി.എമ്മിലേക്ക് എം.വി. രാഘവന്‍ കടന്നുവരുന്ന്. കുറിക്കുകൊള്ളുന്നതും കരുത്തുറ്റതുമായ പ്രസംഗവും അപാരമായ സംഘാടനാപാടവും എം.വി.ആറിനെ ജനകീയനാക്കി. എഴുപതുകളിലെ തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയം കെട്ടിപ്പെടുക്കുന്നതില്‍ എം.വി.ആര്‍ വഹിച്ച പങ്ക് വലുതാണ്. സി.പി.എമ്മിന്റെ ശബ്ദമായിരുന്നു അക്കാലത്ത് എം.വി.ആര്‍ എന്ന മൂന്നക്ഷരം. എ.കെ.ജിയായിരുന്നു എം.വി.ആറിന്റെ രാഷ്ട്രീയഗുരു. എം.വി.ആര്‍ ജില്ലാസെക്രട്ടറിയായിരിക്കെയാണ് സി.പി.എം മലബാറിലെ കരുത്തുറ്റ പ്രസ്ഥാനമായി മാറുന്നത്. സമരതീക്ഷ്ണത കൊണ്ട് തിളയക്കുന്ന കണ്ണൂരില്‍ നക്‌സല്‍ പ്രസ്ഥാനത്തിന് ഏറെ പ്രവര്‍ത്തകര്‍ ഉണ്ടാവാതെ പോയത് എം.വി.ആറിന്റെ തന്ത്രപരമായ ഇടപെടലുകളായിരുന്നു. നക്‌സലിസം 'വസന്തത്തിന്റെ ഇടിമുഴക്ക'മായി യുവജനങ്ങളിലേക്ക് പടര്‍ന്നുകയറുമ്പോള്‍ സി.പി.എമ്മില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിട്ടത് എം.വി.ആറിന്റെ പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ തീരുമാനങ്ങളായിരുന്നു. എം.വി.ആര്‍ ജില്ലാസെക്രട്ടറിയാവുമ്പോള്‍ വര്‍ഗ്ഗീസ് പാര്‍ട്ടിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു. എം.വി.ആര്‍ മുന്‍കയ്യെടുത്താണ് വര്‍ഗീസിനെ വയനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനക്കുന്നത്. സായുധവിപ്ലവം വര്‍ഗീസില്‍ ആവേശിക്കുന്നത് അവിടെ വെച്ചാണ്. വര്‍ഗീസ് നക്‌സലിസത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എം.വി.ആര്‍ ശ്രമിച്ചിരുന്നു.
കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബദല്‍രേഖ 1985-ല്‍ അവതരിപ്പിച്ചതിന്റെ പേരില്‍ 1986 ജൂണ്‍ 23-നാണ് എം.വി.ആര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. എ.കെ.ജിയുടെ നയങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ഇ.എം.എസിനെ വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരിലാണ് താന്‍ പുറത്താക്കപ്പെട്ടതെന്ന് എം.വി.ആര്‍ വിശ്വസിച്ചു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ എം.വി.ആറിന്റെ കരുത്ത് കമ്മ്യൂണിസം ജീവരക്തമാക്കിയ എന്തിനും തയ്യാറായ ചെറുപ്പക്കാരായിരുന്നു. 1986 ജൂലൈ 27-ന് അദ്ദേഹം സി.എം.പി രൂപികരിച്ചു. കാല്‍നൂറ്റാണ്ടിലേറെക്കാലം സി.എം.പി കേരളത്തിലെ വേറിട്ടൊരു രാഷ്ട്രീയപ്രസ്ഥാനമായി നിലനില്‍ക്കുന്നതിന്റെ പിന്നിലെ പരമപ്രധാനമായ ഊര്‍ജ്ജം എം.വി.ആര്‍ തന്നെയായിരുന്നു.
1991-ലും 2001-ലും സഹകരണവകുപ്പ് മന്ത്രിയായിരുന്നു.
എം.വി. രാഘവന്റെ രാഷ്ട്രീയജീവിതത്തില്‍ കറുത്ത നിഴല്‍ വീഴ്ത്തിയ സംഭവമാണ് 1994 നവംബര്‍ 25-ന് കൂത്തുപറമ്പിലുണ്ടായ പോലീസ് വെടിവെപ്പ്. സ്വാശ്രയകോളേജിനെതിരെ സി.പി.എമ്മിന്റെ യുവജനസംഘടനായയ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധസമരത്തിന് നേരെയുണ്ടായി വെടിവെപ്പില്‍ കെ.കെ. രാജീവന്‍, കെ. ബാബു, മധു, കെ.വി. റോഷന്‍, ഷിബുലാല്‍ എന്നിവര്‍ വെടിയേറ്റ് മരിച്ചു. കേരളരാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൂത്തുപറമ്പ് വെടിവെപ്പ്.
എം.വി.ആറിന്റെ പ്രസംഗം കേള്‍ക്കാനെല്ലായ്‌പ്പോഴും ഇരമ്പുന്ന ജനക്കൂട്ടമുണ്ടായിരുന്നു. സരസവും മൂര്‍ച്ചയേറിയതുമായ വാക്കുകളാല്‍ അദ്ദേഹം എന്നും രാഷ്ട്രീയഎതിരാളികളെ നിഷ്പ്രഭരാക്കി.
മറവിരോഗം ബാധിച്ച് കാലത്തെ അറിയാതെയുള്ള ജീവിതമായിരുന്നു എം.വി.ആറിന്റെ അവസാനകാലം. ഓര്‍മ എന്നും രാഷ്ട്രീയആയുധമാക്കിയ നേതാവായിരുന്നു എം.വി.ആര്‍. നടപ്പുകാലത്തെ രാഷ്ട്രീയസംഭവവികാസങ്ങളറിയാതെ, തന്റെ പാര്‍ട്ടിയിലെ ഉള്‍പ്പോരുകളറിയാതെ മറവിയുടെ ലോകത്ത് എം.വി.ആര്‍ ഏകനായി. എം.വി.ആര്‍ ഓര്‍മയാകുമ്പോള്‍ കടന്നുപോകുന്നത് തിളച്ചുമറിയുന്ന ഒരു രാഷ്ട്രീയകാലം കൂടിയാകുന്നു.