പിണറായി വിജയന്‍ കാണാനെത്തുമ്പോള്‍ എം.വി രാഘവന്റെ ഓര്‍മ്മകള്‍ക്ക് തെളിച്ചം നന്നെ കുറവായിരുന്നു. സി.പി.എം സംസ്ഥാനസെക്രട്ടറിയാണ് തന്നെ കാണാന്‍ മുന്നില്‍ വന്നുനുല്‍ക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയോ എന്തോ. തെളിഞ്ഞ ഓര്‍മ്മകളുള്ള എം.വി.ആറിനുമുമ്പില്‍ രാഷ്ട്രീയത്തിലെ എതിരാളികള്‍ക്ക് അധികനേരം തങ്ങാനാകില്ല. സട കുടഞ്ഞെഴുന്നേല്‍ക്കുന്ന ആ ഓര്‍മ്മകള്‍ വനരാജഗര്‍ജ്ജനം കണക്കെ ഭൂതകാലവുമായി പോരാട്ടം തുടങ്ങും. പിന്നെ കുറെ ചോദ്യങ്ങള്‍ ശരം കണക്കെതൊടുത്തുവിടും. മുപ്പതു വര്‍ഷം മുമ്പ് താനുയര്‍ത്തിക്കൊണ്ടുവന്ന രാഷ്ീയ അടവുനയത്തലെ അപാകത എന്താണെന്ന് എം.വി.ആര്‍ എടുത്തുചോദിക്കും. ആ രാഷ്ട്രീയചോദ്യങ്ങള്‍ക്കുമുമ്പില്‍ ഉത്തരം നല്‍കാനാകാതെ എതിരാളികള്‍ വിയര്‍ക്കും. ചോദ്യം ചോദിച്ച രാഘവന്‍ തന്നെ ഉത്തരവും നല്‍കും.
രാഷ്ട്രീയചോദ്യങ്ങളെ പകയുടെ രാഷ്ട്രീയം കൊണ്ട് നേരിട്ടുശീലം വന്നുപോയവര്‍ക്ക് രാഘവന്റെ ചോദ്യങ്ങളെ കുറെക്കാലത്തേക്ക് വേലിക്കപ്പുറത്ത് നിര്‍ത്തേണ്ടിവന്നു. സ്മൃതിനാശത്തിന്റെ കറുത്ത വിരലുകള്‍ രാഘവമസ്തിഷ്‌കത്തെ തഴുകിയശേഷം ഒരു ചോദ്യവും ഉയര്‍ന്നില്ല. ആര്‍ക്കും വിയര്‍ക്കേണ്ടിയും വന്നില്ല. .
1984 ലാണ് ബദല്‍ രേഖയുടെ ബീജാവാപം നടക്കുന്നത്. പിറ്റേവര്‍ഷം അതു രാഷ്ട്രീയമണ്ഡലങ്ങളില്‍ ചര്‍ച്ചയായി. ഒരുവര്‍ം കൂടി കഴിഞ്ഞപ്പോള്‍ രാഘവന്‍ പാര്‍ട്ടിക്കു പുറത്തായി. കൂടെ പുത്തലത്ത് നാരായണനും പി.വി. കുഞ്ഞിക്കണ്ണനും. ബദല്‍ രേഖയുണ്ടാക്കാന്‍ കൂടെ നിന്ന ഇ.കെ നായനാര്‍ മറുകണ്ടം ചാടിയെന്ന് രാഘവന്‍ ആരോപിച്ചു. നായനാര്‍ മാത്രമല്ല, മറ്റു പലരും. അന്ന് രാഘവന് നായനാര്‍ ശത്രുവായി. സഖാക്കളും പാര്‍ട്ടി അനുഭാവികളും സ്‌നേഹപൂര്‍വം മാത്രം ഉരുവിടുന്ന ആ പേരിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം രാഘവന്‍ കണക്കിന് കളിയാക്കി. ഇ.കെ. എന്ന ദ്വയാക്ഷരം രാഘവന്റെ പ്രസംഗങ്ങളില്‍ എറമ്പാല കൃഷ്ണനായി. കേട്ടുനിന്ന പാര്‍ട്ടി അനുഭാവികളില്‍ രാഘവനോടുള്ള രോഷവും പകയും ഇരട്ടിച്ചു. സി.എം.പിയുണ്ടാക്കി രാഘവന്‍ തന്റെ രാഷ്ട്രീയം വിശദീകരിച്ചു.
പാര്‍ട്ടിയില്‍ നിന്നും പുറത്തായശേഷം ഇ.എം.എസിനെയും രാഘവന്‍ വെറുതെവിട്ടില്ല. ചോദ്യങ്ങള്‍ സിംഹഗര്‍ജ്ജനങ്ങളായി. ഇ.എം.എസ് എന്ന കമ്മ്യൂണിസ്റ്റ് ത്രക്ഷ്യരിയെ നമ്പൂതിരിപ്പാടെന്നാണ് രാഘവന്‍ ശേഷം വിളിച്ചത്. സി.പി.എം എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വരേണ്യവൈരുദ്ധ്യത്തെ പൊതുജനസമക്ഷം അവതരിപ്പിക്കാനായിരുന്നു രാഘവന്റെ ശ്രമം. നായനാര്‍ സ്വതസിദ്ധമായ ഹാസ്യംകൊണ്ട് രാഘവനെ നേരിട്ടു. ഇ.എം എസ് മൗനം കൊണ്ടും ഇടക്ക് സിദ്ധാന്തം കൊണ്ടും.
പകയായിരുന്നു 1986 നുശേഷമുള്ള കണ്ണൂര്‍ രാഷ്ട്രീയം. കണ്ണൂരില്‍ രാഘവനെ ബഹിഷ്‌കരിക്കാന്‍ ഏതിരാളികള്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു. പിടിച്ചുനില്‍ക്കാന്‍ ആവനാഴിയിലെ സര്‍വആയുധങ്ങളും രാഘവന്‍ എടുത്തുപയോഗിച്ചു. 1987 ല്‍ നിയമസഭാതിരഞ്ഞെടുപ്പെത്തി. കണ്ണൂരില്‍നിന്ന് രാഘവനെ നിയമസഭയിലേക്ക് അയക്കാതിരിക്കാന്‍ സി.പി.എം തന്ത്രങ്ങള്‍ മെനഞ്ഞു. യു.ഡി.എഫ് രാഘവന്റെ സഹായത്തിനെത്തി. വര്‍ഷങ്ങള്‍ക്കപ്പുറം സിപിഎമ്മിലെ രാഘവനെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത മുസ്ലീം ലീഗ് രാഘവന് ചാരാനായി കോണി നല്‍കി. അഴീക്കോട് മണ്ഡലത്തില്‍ ലീഗ് മത്സരിച്ചില്ല. പകരം എം.വി.രാഘവന്‍ സ്വതന്ത്രനായി. എതിരാളി മുന്‍ശിഷ്യന്‍ സാക്ഷാല്‍ ഇ.പി ജയരാജന്‍.
രാഘവന്‍ ആയിരത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ചുകയറിയപ്പോള്‍ യു.ഡി.എഫ് തോറ്റു. വര്‍ഗ്ഗീയകക്ഷികളെന്ന് ഇ.എം.എസ് വിളിച്ച കേരളകോണ്‍ഗ്രസും ലീഗുമില്ലാതെ-ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കുശേഷം- ഒരു മന്ത്രിസഭ കേരളത്തില്‍ വന്നു. ഇ.എം.എസ് ആണ് ശരി, ബദല്‍രേഖയും രാഘവനും തെറ്റെന്ന് കേരളം തെളിയിച്ചുവെന്ന് സി.പി.എം വിലയിരുത്തി. നായനാര്‍ മുഖ്യമന്ത്രിയായി, ടി.കെ രാമകൃഷ്ണന്‍ സഹകരണവകുപ്പ് മന്ത്രിയും.
സഭയില്‍ പ്രതിപക്ഷനേതാവ് കരുണാകരനായിരുന്നില്ല സി.പി.എമ്മിന്റെ ഉന്നം. രാഘവനെ കിട്ടാവുന്ന അവസരങ്ങളിലൊക്കെ സി.പി.എം സാമാജികര്‍ ലക്ഷ്യമിട്ടുകൊണ്ടിരുന്നു. രാഘവന്‍ നേതൃസ്ഥാനം വഹിച്ചിരുന്ന കണ്ണൂര്‍ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയെച്ചൊല്ലി തര്‍ക്കം മൂത്തു. ഒടുവിലത് സി.പി.എമ്മിന്റ കൈകളിലായി. ജനാധിപത്യം അട്ടിമറിച്ചെന്നാരോപിച്ച് മന്ത്രി ടി.കെ രാമകൃഷണനുനേരെ രേഖകളുമായി നിയമസഭയില്‍ രാഘവന്‍ പാഞ്ഞടുത്തു. അവിടെവച്ചാണ് രാഘവനുമായുള്ള രണ്ടാമങ്കത്തിന് സി.പി.എം തുടക്കം കുറിക്കുന്നത്. രാഘവനും.
സഹകരണം എന്ന വജ്രായുധം കൊണ്ട് തന്റെ നിലപാടുതറയിലേക്ക് വശങ്ങളില്‍ നിന്നു പാഞ്ഞടുക്കുന്ന സിപി.എമ്മിനെ അതേ ആയുധം കൊണ്ട് നേരിടാന്‍ ഉറച്ച രാഘവന്‍ അവസരത്തിനായി. കാത്തുനിന്നു.
ഇതിനിടെ ചരിത്രം ചില തമാശകളൊപ്പിച്ചു. ആദ്യമായി രൂപവത്കരിച്ച ജില്ലാ പഞ്ചായത്തുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 14-ല്‍ പതിമൂന്നെണ്ണത്തിലും ഇടതുപക്ഷം വിജയിച്ചു. മലപ്പുറം മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. വിജയത്തില്‍ മതിമറന്ന എല്‍.ഡി.എഫ് മന്ത്രിസഭാകാലാവധി കഴിയാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ നായനാരോട് രാജിയാവശ്യപ്പട്ടു. അടുത്ത അഞ്ചുവര്‍ഷം കൂടി എല്‍.ഡി.എഫ് ഭരണം ഉറപ്പിക്കാനായിരുന്നു ഈ 'അടവുനയം'.വി.എസ് ആയിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറി. 1991-മെയ് മാസത്തില്‍ ലോക്‌സഭാതിരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും തിരഞ്ഞെടുപ്പ്. യുഡി.എഫില്‍ നിറഞ്ഞ ആശങ്ക. രാഘവന്‍ അഴീക്കോട് ഉപേക്ഷിച്ച് കഴക്കൂട്ടത്തെത്തി. കരുണാകരനായിരുന്നു പിന്‍ബലം.
എന്തും തീരുമാനിക്കാനുള്ള അവകാശം കാലത്തിനുതന്നെ. ജനാധിപത്യത്തിനുമേല്‍ കാലത്തിന്റെ ഗതിവിഗതികള്‍ സ്വാധീനം തീര്‍ത്തു. തിരഞ്ഞെടുപ്പുപ്രക്രിയക്കിടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുപ്പുഫലം കീഴ്‌മേല്‍ മറിഞ്ഞു. യു.ഡി. എഫ് ജയിച്ചു. കരുണാകരന്‍ മുഖ്യമന്ത്രി. തങ്ങളുടെ മുഖ്യശത്രു സഹകരണമാന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്നത് സി.പി.എം കണ്ടുനിന്നു.
മൂന്നാം അങ്കം. സി.പി.എം തന്നോട് ചെയ്തത് രാഘവന്‍ തിരിച്ചും പ്രവര്‍ത്തികമാക്കിത്തുടങ്ങി. പരിയാരത്ത് മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാഘവനും കരുണാകരനും തുടക്കമിടുന്നു. കൂടാതെ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും തീരുമാനം. എതിര്‍ക്കാന്‍ രാഘവന്റെ എതിരാളികളും. രാഷ്ട്രീയത്തിനപ്പുറം പകയും വിദ്വേഷവും അരങ്ങുതകര്‍ത്തു. 1994 നവംബര്‍ 25 ന് കൂത്തുപറമ്പില്‍ ഒരു സഹകരണ അര്‍ബന്‍ ബാങ്ക് ഉദ്ഘാടനത്തിനായി സഹകരണമന്ത്രി രാഘവന്‍ എത്തുന്നു. സ്വാശ്രയവിദ്യാഭ്യാസതീരുമാനം എടുത്ത മന്ത്രിസഭാംഗത്തെ കൂത്തുപറമ്പിലെത്തിയാല്‍ തടയുമെന്ന് സിപി.എം. വിദ്യാഭ്യസമന്ത്രിയെ തടഞ്ഞാല്‍ പോരെ, സഹകരണമന്ത്രിയെ എന്തിനു തടയണമെന്ന ചോദ്യത്തിനു നേരെ സി.പി.എം കണ്ണുരുട്ടി. ശേഷം സംഭവിച്ചത് രാഷ്ട്രീയകേരളം ഒരിക്കലും മറക്കാത്ത സംഭവങ്ങള്‍. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സി.പി. എം രാഘവവേട്ട തുടങ്ങി.
രാഘവന്‍ ചെല്ലുന്നിടത്തെല്ലാം സൈനികനിരപോലെ സി. പി. എം അണികള്‍. റെയില്‍വെ സ്റ്റേഷനില്‍, വിമാനത്താവള പരിസരങ്ങളില്‍, റോഡില്‍.. എവിടെയും പ്രതിരോധനിരകള്‍. (തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ രാഘവനെ കാത്തുനില്‍ക്കുന്ന ഡി.വൈ.എഫ്.ഐ സഖാക്കളുടെ ചിത്രം പകര്‍ത്താന്‍ മാതൃഭൂമി ഫോട്ടോഗ്രഫര്‍ മധുരാജിന് ഏറെ പണിപ്പെടേണ്ടിവന്നു.) പറശ്ശിനിക്കടവിലെ സ്‌നേക്ക് പാര്‍ക്കും പാപ്പിനിശ്ശേരിയിലെ കുടുംബവീടും ആക്രമിക്കപ്പെട്ടു. രാഘവന്റെ വാഹനം രഹസ്യമായി കടന്നുപോയി എന്ന ഒറ്റക്കാരണത്താല്‍ ഗതാഗതനിയന്ത്രണമുള്ള തലശ്ശരി മൊയതുപാലത്തിലെ ബാരിക്കേഡുകള്‍ അണികള്‍ തകര്‍ത്തു പുഴയിലെറിഞ്ഞു.
ചാരക്കേസില്‍ കരുണാകരന്റെ കേരളരാഷ്ട്രീയം അവസാനിച്ചു. കരുണാകരന്‍ ഡല്‍ഹിയിലേക്കുപോയി. പകരം ആന്റണി വന്നു. 1996-ല്‍ യുഡി.എഫ് തോറ്റു. നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി. രാഘവനെ ആറന്മുളയില്‍ കടമ്മനിട്ട രാമകൃഷ്ണന്‍ തോല്പിച്ചു.
സഹകരണസ്ഥാപനവേട്ടകള്‍ ഒരനുഷ്ഠാനം പോലെ തുടര്‍ന്നു. പറശ്ശനിക്കടവ് സ്‌നേക്ക് പാര്‍ക്ക് അഗ്നിക്കിരയിക്കായ സംഭവം രാഘവന്‍ പിന്നിട് പ്രസംഗവേദികളില്‍ സിപി.എമ്മിനെതിരെ ആവോളം ഉപയോഗിച്ചു..' വാലിനു തീപിടിച്ച് സിംഹവാലന്‍ കുരങ്ങ്് മരണവേദനയില്‍ പിടയുമ്പോള്‍ തീയിട്ടവര്‍ ആക്രോശിച്ചു---തുള്ളെട രാഘവാ...തുള്ളെട രാഘവാ...എന്നെ കിട്ടാത്തതിന് പാവം കുരങ്ങിനോടാണോ കലി തീര്‍ക്കേണ്ടത്' അങ്ങിനെപോയി രാഘവന്റെ പ്രസംഗം.
2001 ല്‍ രാഘവന്‍ വീണ്ടും മന്ത്രിയായി. പക്ഷെ പഴയതുപോലുള്ള ശാഠ്യങ്ങള്‍ അദ്ദേഹത്തെ വിട്ടൊഴിഞ്ഞിരുന്നുവെന്നു വേണം കരുതാന്‍. കേരളത്തിന്റെ സഹകരണമേഖലയില്‍ നെടുനായകത്വം വഹിച്ചുകൊണ്ടിരുന്ന സി.പി.എം നേതാവ് എം.വി.ആറിന്റെ അടുത്ത സുഹൃത്തായി. സ്വാശ്രയമേഖല സി.പി. എമ്മിനടക്കം കടന്നുചെല്ലാവുന്ന രംഗമായി. സ്വാശ്രയഫീസ് എന്നതിലേക്കുമാത്രം ചര്‍ച്ചയും പ്രതിഷേധവും ഒതുങ്ങി. രാഘവന്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ സി.പി.എം സാന്നിദ്ധ്യം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു. സി.പി.എം എതിര്‍ത്ത പരിയാരം മെഡിക്കല്‍ കോളജ് പാര്‍ട്ടി നിയന്ത്രണത്തിലായി. ആഗോളീകരണകാലത്തെ പാര്‍ട്ടിനയങ്ങളെ ചോദ്യം ചെയ്ത മുതിര്‍ന്ന നേതാവ് പാര്‍ട്ടിക്കാരനായി തന്നെ തുടരുന്നു.
പിണങ്ങിപ്പോയവരെ തിരികെകൊണ്ടുവരാന്‍ ഒരുവശത്ത് ആത്മാര്‍ത്ഥശ്രമങ്ങള്‍. നയത്തിനാണോ നായകനാണോ പിഴച്ചതെന്ന ചോദ്യം കേന്ദ്രക്കമ്മിറ്റിയില്‍ മുഴങ്ങുന്നു. അവിടെയും ഉണ്ട് പുതിയ ബദല്‍രേഖാസാന്നിദ്ധ്യം. പക്ഷെ ഒന്നുറപ്പാണ്. ബദല്‍രേഖയയുടെ പേരില്‍ ആരു പുറത്താവില്ല. 1985 നു പകരം 2000 നു ശേമായിരുന്നു ബദല്‍ രേഖയെങ്കില്‍ രാഘവന്‍ ഇന്നും പാര്‍ട്ടിയില്‍തന്നെ ഉണ്ടായേനെ. വലതുപക്ഷവും ഇടതുപക്ഷവും തമ്മില്‍ പക്ഷഭേദമില്ലാതാവുമ്പോള്‍ ബദല്‍ രേഖ പാര്‍ട്ടിക്കുപുറത്തേക്കു നയിക്കുന്ന ഒരു കുറ്റമല്ലാതായിക്കഴിഞ്ഞു.
ഒടുവില്‍ ഓര്‍മ്മകള്‍ പടിയിറക്കം തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ കാണാന്‍ പഴയ സഹപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയത്. ഓര്‍മ്മകള്‍ നശിച്ചിരുന്നില്ലെങ്കില്‍ ഈ 2014-ല്‍ അദ്ദേഹം ചോദിച്ചേനെ-ആരായിരുന്നു, എന്തായിരുന്നു ശരി?