<<ഇ21647ബ623306.ഷുഴ>>
ഒരു ഇതിഹാസത്തിലെ നായകനെപ്പോലെ ആരാധിക്കപ്പെടുകയും ഒരു വില്ലനെപ്പോലെ എതിര്‍ക്കപ്പെടുകയും ചെയ്ത രാഷ്ട്രീയത്തിലെ നേതൃപ്രതിഭയായിരുന്നു എം.വി.ആര്‍. എതിരാളികള്‍ വില്ലനായി ശത്രുപക്ഷത്ത് നിര്‍ത്തുമ്പോഴും അവരിലും നിഗൂഢമായ ആരാധനയുളവാക്കാന്‍ കഴിഞ്ഞുവെന്ന അപൂര്‍വതയും മറ്റധികം പേര്‍ക്ക് കേരള രാഷ്ട്രീയത്തില്‍ അവകാശപ്പെടാനില്ല. എഴുപതുകളില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു എം.വി.ആര്‍. മാടായി മാടന്‍ എന്നല്ലാതെ രാഘവന്‍ എന്നുപോലും അന്ന കോണ്‍ഗ്രസ്സുകാരാരും യോഗങ്ങളില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചില്ല.
അന്ന് സി.പി.എമ്മുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുല്ല്യശക്തിയോ ഒരുപക്ഷേ അല്പം വലിയ ശക്തിയോ ആയിരുന്നു കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്. 1968-ല്‍ സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മത്സരിച്ച് അട്ടിമറി ജയം നേടി, എം.വി.ആര്‍ എത്തിയതിനുശേഷം നടത്തിയ പല വിധേനയുള്ള പ്രവര്‍ത്തനങ്ങിലൂടെ കോണ്‍ഗ്രസ് മേധാവിത്വം തകര്‍ക്കുകയും സി.പി.എമ്മിനെ വന്‍ശക്തിയാക്കുകയും ചെയ്യുകയായിരുന്നു.
എന്‍. രാമകൃഷ്ണന്‍ എന്ന ഡി.സി.സി.പ്രസിഡണ്ടിന്റെ നേതൃപാടവവും ഉശിരുമൊന്നും കൊണ്ട് എം.വി.ആറിനെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയത്തിലെ വില്ലന്‍ നേതാവായി അക്രമിയായി ചിത്രീകരിച്ചുകൊണ്ടാണ് അന്ന് എം.വി. ആറിനെ എതിരാളികള്‍ നിരന്തരം എതിര്‍ത്തുപോന്നത്. 'നാട്ടുകാരെ നിങ്ങളറിഞ്ഞോ, മാടായിമാടന്‍ വരുന്നുണ്ട്, തെങ്ങിന് പൊത്തല് കെട്ടിക്കോ..'- എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ജാഥകളില്‍ അന്ന് മുഴങ്ങിയത്. എം.വി.ആറിന്റെ വീരപരിവേഷത്തെ ഒന്നുകൂടി ശക്തമാക്കാനാണത് സഹായകമായത്. മിച്ചഭൂമി സമരത്തില്‍ മിച്ചഭൂമികളിലെ വിളകള്‍ എടുത്തുകൊണ്ട് സി.പി.എം.നടത്തിയ സമരത്തെ കണ്ണൂര്‍ ജില്ലയിലെങ്കിലും എം.വി.ആറിന്റെ മാത്രം കണക്കിലെഴുതിക്കൊടുക്കുകയായിരുന്നു എതിരാളികള്‍. മാടായി മണ്ഡലത്തില്‍ മത്സരിച്ച് വിജയം നേടി നിയമസഭയിലെത്തിയ എം.വി.ആര്‍ ശത്രുക്കള്‍ക്ക് അന്ന് മാടായിമാടനായിരുന്നു. നിയമസഭയില്‍ ഒരിക്കല്‍ ചെരിപ്പേറുണ്ടായപ്പോള്‍ അതും 'മാടായിമാടാ ചെരിപ്പേറീ' എന്ന മുദ്രാവാക്യത്തിലൂടെ, പോസ്റ്റര്‍ പ്രചാരണത്തിലൂടെ എം.വി.ആറിന്റെ വീരപരിവേഷത്തില്‍ ഒരു തുവലാക്കുന്നതിലാണ് എതിരാളികള്‍ വിജയിച്ചത്! പള്ളിക്കരയില്‍ നടന്ന ട്രാന്‍സ്‌പോര്‍ട്ട് സമരത്തിനിടെ, പോലീസിന്റെ തോക്ക് കാണാതായപ്പോള്‍ അവിടെയും രാഘവനെ ചേര്‍ത്ത് മുദ്രാവാക്യമുണ്ടായി: തോക്കുകള്ളാ രാഘവാ...
പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മാണ ഘട്ടത്തില്‍ അഴീക്കോടിനടുത്ത് ഒരു വന്‍പൊതുയോഗത്തില്‍ ഒരുന്നത സി.പി.എം.നേതാവ് പ്രസംഗിക്കുമ്പോള്‍ പരിഹാസമായി പറഞ്ഞു: 'നാലാംക്ലാസുള്ള രാഘവന് ഡോക്ടറേറ്റ് വേണം പോലും, അതിനാണ് മെഡിക്കല്‍ കോളേജ് ..'' സദസ്സിന്റെ ഏറ്റവും പിന്നില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ചാരിനിന്ന് പ്രസംഗം സാകൂതം കേള്‍ക്കുകയായിരുന്ന ഒരാള്‍ (അല്പം മദ്യലഹരിയിലാവണം) പ്രതികരിച്ചു- 'അതേടാ, ഓന്റെ നാലാം ക്ലാസ് ഡോക്ടറേറ്റിന് മേലെയാടാ....'
പത്തുവയസ്സുമുതല്‍ നൂറു വയസ്സുവരെയുള്ളവരെ ഒരേപോലെ ത്രസിപ്പിക്കാന്‍ കഴിഞ്ഞ പ്രാസംഗികനായിരുന്നു എം.വി.ആര്‍. വേദികളില്‍ അല്പം വൈകിയെത്തുന്നതിലൂടെ തന്നെ നാടകീയമായി ആവേശവും ആരാധനയും സൃഷ്ടിക്കുന്ന സാമര്‍ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അത് അദ്ദേഹത്തിന് വിനയുമായി..... മഹാനേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ പോലും വേദിയിലെത്തുകയും സദസ്സിനെയപ്പാടെ തന്നിലേക്കാകര്‍ഷിച്ച് തന്റെ വ്യത്യസ്തത ഉറപ്പിക്കുകയും ചെയ്യുക.. നിലത്ത് കുത്തിയിരിക്കുന്ന തൊണ്ണൂറുകാരന്‍ വരെ എം.വി.ആര്‍ എത്തുമ്പോള്‍ ചാടിയെണീറ്റ് 'ആപ്പ് ആപ്പ് എം.വി.ആര്‍...' എന്ന് വിളിക്കുക- ജാഥകളില്‍ തയ്യാറാക്കിയ മുദ്രാവാക്യം ഒഴിവാക്കി, 'കണ്ടോ, കണ്ടോ പട്ടാളം , എം.വി.ആറിന്‍ പട്ടാളം..' എന്ന് മുദ്രാവാക്യം എല്ലാവരും വിളിക്കുക- അത്തരം മാസ്മരികതയെല്ലാം അന്ന് സി.പി.എം.സദസ്സുകളില്‍ സംഭവിച്ചു. പിന്നെ പ്രസംഗിക്കാന്‍ തുടങ്ങമ്പോഴും സ്വതസിദ്ധമായ സവിശേഷതകള്‍.. വാച്ച് ഒന്നുതിരിച്ച് 'സമയം ഒരു പാടായി, ഇനിയും നാലഞ്ച് മീറ്റിങ്ങുണ്ട്. അതുകൊണ്ട് ഞാന്‍ പ്രസംഗിക്കുന്നില്ല..'- എന്ന ആമുഖത്തോടെ ഒരു കത്തിക്കയറല്‍.. 'ഞാന്‍ ഇങ്ങ് വരുമ്പോള്‍ ആ കോയ അവിടെ പ്രസംഗിക്കുന്നു. ഞാന്‍ ചോദിച്ചു:എടോ കോയേ, നാണമില്ലേ നിങ്ങള്‍ക്ക്, ഈ സിനിമാനടിയുടെ ഫോട്ടംപോലത്തെ ഫോട്ടോം എടത്ത്‌നടക്കാന്‍, ഇന്ദിരാഗാന്ധി...' പ്രത്യേകഭാവഹാവാദികളോടെയുള്ള ഇന്ദിരാ പരിഹാസം. സദസ്സിനെ സമ്പൂര്‍ണമായും ആവേശം കൊള്ളിച്ചും രസിപ്പിച്ചും പ്രവര്‍ത്തനനിരതരാക്കിയാണ് പ്രസംഗം നിര്‍ത്തുന്നത്. ശബ്ദത്തിന്റെ മനോഹാരിതയും ഗാംഭീര്യവും ആശയവ്യക്തതയും നര്‍മവും പരിഹാസവും ആഴ്ന്നിറങ്ങുന്ന ശക്തിയും ഒത്തിണങ്ങിയ പ്രസംഗം. ചോദ്യോത്തര രൂപത്തിലുള്ള ആ പ്രസംഗം മറ്റാര്‍ക്കും അനുകരിക്കാനാവാത്തതാണ്. ചിലര്‍ അതനുകരിക്കാന്‍ ശ്രമിച്ച്്് വഷളാവുന്നത് ഇന്നത്തെ അനുഭവം.
പ്രൈമറി വിദ്യാഭ്യാസം മാത്രം നേടിയ ഒരാളാണ്് എം.വി.ആര്‍. നെയ്ത്തുതൊഴിലാളിയായി ജീവിതമാരംഭിച്ച അദ്ദേഹം രാഷ്ട്രീയ രംഗത്ത് നടത്തിയ അമ്പരപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു ജന്മസിദ്ധ പ്രതിഭയെ കാണിച്ചുതരും, എല്ലാ എതിര്‍പ്പകള്‍ക്കപ്പുറവും. എ.കെ.ജി.ആസ്പത്രി, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും സര്‍വ ശക്തമായ എതിര്‍പ്പുകള്‍ തൃണവല്‍ഗണിച്ച ആ 'തലക്കനം', ആ സവിശേഷമായ ധാര്‍ഷ്ട്യം.. ആസൂത്രണം ചെയ്യാനം നടപ്പാക്കാനുമുള്ള കഴിവ്, അടവുകള്‍, ഇതെല്ലാം മറ്റ് പല നേതാക്കള്‍ക്കും അവകാശപ്പെടാം. പക്ഷേ അതിനോടൊപ്പം സവിശേഷമായ രാഷ്ട്രീയ പ്രതിഭയും കൂടി ഒത്തിണക്കാന്‍ കഴിഞ്ഞുവെന്നതാണ് എം.വി.ആറിന്റെ വിജയം. വര്‍ധമാനമായ കഴിവ് പരാജയങ്ങളിലേക്കും വലിയ പതനങ്ങളിലേക്കും നയിച്ചെന്നിരിക്കിലും... എം.വി.ആറിനെതിരെ ഏറ്റവുമധികം റിപ്പോര്‍ടുകളെഴുതിയ ഒരു പത്രലേഖകനെന്ന നിലയില്‍ എതിരഭിപ്രായങ്ങളുള്ളപ്പോഴും വികസന നായകനെന്ന നിലയിലും ഏറ്റവും പ്രതിഭാശാലിയായ രാഷ്ട്രീയ നേതൃരൂപമെന്ന നിലയിലും അത്ര ഔന്നത്യമുള്ള അധികം പേരെ കേരള രാഷ്ട്രീയത്തില്‍ ഓര്‍ത്തെടുക്കാനവുന്നില്ല.